Connect with us

Health

വെസ്റ്റ് നൈൽ പനി; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

Published

|

Last Updated

വെസ്റ്റ്‌നൈൽ രോഗം സംബന്ധിച്ച് വിദഗ്ധ സംഘം മലപ്പുറം ഡി എം ഒ ഓഫീസിൽ ചര്‍ച്ച നടത്തുന്നു

മലപ്പുറം: ജില്ലയിൽ വെസ്റ്റ് നൈൽ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രതപാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ക്യൂലക്‌സ് വിഭാഗത്തിൽപ്പെട്ട അശുദ്ധ ജലത്തിൽ വളരുന്ന കൊതുകുകളാണ് രോഗം പരത്തുന്നത്.
രോഗത്തിന് പ്രത്യേക ചികിത്സയോ വാക്‌സിനോ ലഭ്യമല്ലാത്തതിനാൽ കൊതുക് നിർമാർജന, നിയന്ത്രണ പ്രവർത്തനങ്ങളാണ്ഏക രോഗ പ്രതിരോധ മാർഗമെന്നും അധികൃതർ അറിയിച്ചു.

വെസ്റ്റ് നൈൽ പനി പക്ഷികളിൽ നിന്നും കൊതുകുവഴി മനുഷ്യരിലേക്ക് പകരുന്ന വൈറൽ ബാധയാണ്. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് രോഗം പകരില്ല. 80 ശതമാനം വൈറസ് ബാധിതരിൽ സാധാരണ വളരെ ചെറിയ തോതിലുള്ള രോഗലക്ഷണങ്ങൾ മാത്രമേ ഉണ്ടാകാറുള്ളൂ.
20 ശതമാനം പേരിൽ പനി, തലവേദന, ഛർദ്ദി, തൊലിപ്പുറമെയുള്ള റാഷസ് എന്നീ ലക്ഷണങ്ങൾ കാണാം. ഒരു ശതമാനത്തിൽ താഴെ ആളുകളിൽ വൈറസ് ബാധ നാഡീ വ്യൂഹത്തെ ബാധിക്കുകയും (മെനിഞ്ചൈറ്റിസ്, എൻകഫലൈറ്റിസ്, അപസ്മാരം) മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. സാധാരണഗതിയിൽ 150 രോഗികളിൽ ഒരാൾക്ക് മാത്രമേ ഗൗരവമായ രോഗലക്ഷണം ഉണ്ടാകാറുള്ളൂ.

പരിസരങ്ങളിൽ ഏതെങ്കിലും പക്ഷികൾക്ക് (വീട്ടിൽ വളർത്തുന്നവ ഉൾപ്പെടെയുള്ളവ) അസുഖങ്ങൾ ശ്രദ്ധയിൽപ്പെടുകയോ ചാവുകയോ ചെയ്താൽ തൊട്ടടുത്തുള്ള മൃഗ സംരക്ഷണ വകുപ്പ് അധികൃതരെയോ ആരോഗ്യ വകുപ്പ് അധികൃതരെയോ വിവരമറിയിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

Latest