ഏഴു വര്‍ഷം കൂടി കാത്തിരുന്നാല്‍ മതി, പാക്കിസ്ഥാന്‍ ഇന്ത്യയുടെ ഭാഗമാകും: ആര്‍ എസ് എസ് നേതാവ്

Posted on: March 17, 2019 10:58 am | Last updated: March 17, 2019 at 3:16 pm

നാഗ്പൂര്‍: ‘ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം നിങ്ങള്‍ക്ക് പാക്കിസ്ഥാനിലെ കറാച്ചിയിലോ ലാഹോറിലോ റാവല്‍പ്പിണ്ടിയിലോ വീട് വാങ്ങാനും വ്യവസായം നടത്താനുമൊക്കെ കഴിയും. 2025നു ശേഷം പാക്കിസ്ഥാന്‍ ഇന്ത്യയുടെ ഭാഗമാകും.’- ആര്‍ എസ് എസിന്റെ മുതിര്‍ന്ന നേതാവ് ഇന്ദ്രേഷ് കുമാറിന്റെതാണ് വാക്കുകള്‍.

കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് ഇവിടെ നടന്ന ഒരു യോഗത്തിലാണ് ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവന.
1947നു മുമ്പ് പാക്കിസ്ഥാന്‍ എന്നൊരു രാഷ്ട്രം ഇല്ലായിരുന്നു. അത് ഹിന്ദുസ്ഥാന്റെ ഭാഗമായിരുന്നു. 2025നു ശേഷം അത് വീണ്ടും ഹിന്ദുസ്ഥാന്റെ ഭാഗമാകും- ഇന്ദ്രേഷ് പറഞ്ഞു.

കശ്മീര്‍ വിഷയത്തില്‍ ഇതാദ്യമായി സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ ലാഹോറില്‍ യോഗം ചേരുന്നതും ചൈനയുടെ അനുവാദം കൂടാതെ തന്നെ മാനസരോവറില്‍ പോകുന്നതുമൊക്കെ നമുക്ക് സ്വപ്‌നം കാണാം. ഇന്ത്യയുടെ നിലപാടുകള്‍ക്കും താത്പര്യങ്ങള്‍ക്കും അനുസരിച്ചുള്ള ഒരു സര്‍ക്കാറാണ് ബംഗ്ലാദേശില്‍ നിലവിലുള്ളതെന്നും യൂറോപ്യന്‍ യൂണിയന് സമാനമായ രീതിയില്‍ അഖണ്ഡ ഭാരതം കെട്ടിപ്പടുക്കുക സാധ്യമാണെന്നും ഇന്ദ്രേഷ് കൂട്ടിച്ചേര്‍ത്തു.