കേരള മുസ്‌ലിം ജമാഅത്ത് വാർഷിക കൗൺസിലിന് പ്രൗഢ സമാപനം

Posted on: March 17, 2019 10:48 am | Last updated: March 17, 2019 at 10:48 am
കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വാർഷിക കൗൺസിൽ ലീഡേഴ്‌സ് അസംബ്ലിയിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷ പ്രസംഗം നടത്തുന്നു. റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ല്യാർ, സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി, സയ്യിദ് ഇബ്‌റാഹീം ഖലീൽ ബുഖാരി, സയ്യിദ് അലി ബാഫഖി, പൊൻമള അബ്ദുൽ ഖാദിർ മുസ്‌ല്യാർ എന്നിവരാണ് വേദിയിൽ

മലപ്പുറം: സുന്നി പ്രസ്ഥാനത്തിന്റെ മെമ്പർഷിപ്പ്, പുനഃസംഘടനാ പ്രവർത്തനങ്ങൾക്ക് സമാപ്തി കുറിച്ച് രണ്ട് ദിവസമായി നടന്ന കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വാർഷിക കൗൺസിൽ ലീഡേഴ്‌സ് അസംബ്ലിയോടെ സമാപിച്ചു. പ്രസ്ഥാനത്തിന്റെ നയനിലപാടുകൾക്കും രണ്ട് വർഷത്തെ കർമപദ്ധതികൾക്കും കൗൺസിൽ അന്തിമരൂപം നൽകി. രണ്ട് വർഷത്തേക്കുള്ള പുതിയ സംസ്ഥാന സാരഥികളെ തിരഞ്ഞെടുത്തു.

സമസ്ത സെക്രട്ടറി കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാർ പുനഃസംഘടനാ പ്രവർത്തനത്തിന് നേതൃത്വം നൽകി. കൗൺസിലിന് അനുബന്ധമായി നടന്ന ലീഡേഴ്‌സ് അസംബ്ലിയിൽ നീലഗിരി ഉൾപ്പെടയുള്ള 15 ജില്ലകളെയും 119 സോണുകളെയും പ്രതിനിധീകരിച്ച് 1500 പ്രതിനിധികൾ സംബന്ധിച്ചു.

കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ അസംബ്ലി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽബുഖാരി, എ പി മുഹമ്മദ് മുസ്‌ലിയാർ, പൊന്മള അബ്ദുൽഖാദിർ മുസ്‌ലിയാർ, പേരോട് അബ്ദുറഹ്‌മാൻ സഖാഫി, വണ്ടൂർ അ ബ്ദുറഹ്‌മാൻ ഫൈസി വിഷയാവതരണം നടത്തി. സി മുഹമ്മദ് ഫൈസി സ്വാഗതവും എൻ അലി അബ്ദുല്ല നന്ദിയും പറഞ്ഞു. കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാർ, സയ്യിദ് ത്വാഹാ സഖാഫി, റാഷിദ് ബുഖാരി പ്രസംഗിച്ചു.