പശ്ചാത്താപമില്ല; കൊലച്ചിരിയുമായി അയാള്‍ കോടതിയില്‍

Posted on: March 16, 2019 6:35 pm | Last updated: March 16, 2019 at 10:16 pm

വെല്ലിംഗ്ടണ്‍: ന്യൂസീലാന്‍ഡിലെ പള്ളികളില്‍ കൂട്ടക്കൊല നടത്തിയവരില്‍ പ്രധാനിയായ ബ്രണ്ടന്‍ ഹാരിസണ്‍ ടാറന്റ് അക്ഷോഭ്യനായി കോടതിയില്‍. ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറിയ അയാള്‍ ഇടക്കിടക്ക് ചിരിക്കുക മാത്രം ചെയ്തു. 28കാരനായ ഈ ഭീകരവാദിക്ക് മേല്‍ ചുമത്തിയത് കൊലക്കുറ്റം മാത്രമാണ്. ഒരു പശ്ചാത്താപവും പ്രകടിപ്പിക്കാത്ത കൊലയാളി കുറ്റകൃത്യത്തില്‍ ആനന്ദിക്കുന്നുവെന്ന ഭാവമാണ് കോടതി മുറിയില്‍ പ്രകടിപ്പിച്ചതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ടാറന്റിനെ ക്രൈസ്റ്റ്ചര്‍ച്ച് ജില്ലാ കോടതി റിമാന്‍ഡ് ചെയ്തു. സൗത്ത് ഐലാന്‍ഡ് സിറ്റിയിലെ ഹൈക്കോടതിയില്‍ ഏപ്രില്‍ അഞ്ചിന് ഇയാളെ ഹാജരാക്കും. കൈവിലങ്ങുകളണിഞ്ഞ് വെളുത്ത ജയില്‍ വേഷത്തിലാണ് ടാറന്റിനെ കോടതിയില്‍ ഹാജരാക്കിയത്. കൊലയാളിയുടെ അഭിഭാഷകന്‍ ജാമ്യത്തിന് അപേക്ഷ നല്‍കുകയോ പേര് പരാമര്‍ശിക്കരുതെന്ന് ആവശ്യപ്പെടുകയോ ചെയ്തില്ല. ഇയാള്‍ക്കെതിരെ വരും ദിവസങ്ങളില്‍ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തിയേക്കാമെന്ന് പോലീസ് അറിയിച്ചു.

വെള്ളിയാഴ്ച ജമുഅ നിസ്‌കാരത്തിന്റെ സമയത്ത് ക്രൈസ്റ്റ്ചര്‍ച്ച് ടൗണിലെ അല്‍ നൂര്‍ പള്ളിയില്‍ ഇരച്ചെത്തിയ അക്രമി 41 പേരെയാണ് വെടിവെച്ച് കൊന്നത്. തൊപ്പിയില്‍ ക്യാമറ ഘടിപ്പിച്ച് കൂട്ടക്കൊല തത്സമയം സാമൂഹിക മാധ്യങ്ങളിലെത്തിക്കുകയും ചെയ്തു. മുസ്‌ലിംകളെയും കുടിയേറ്റക്കാരെയും കൊന്നൊടുക്കി ലോകത്തെ രക്ഷിക്കുകയാണ് തന്റെ ദൗത്യമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ നേരത്തേ പോസ്റ്റ് ചെയ്ത ‘മാനിഫെസ്റ്റോ’യില്‍ ടാറന്റ് ആക്രോശിച്ചിരുന്നു. 41 പേര്‍ ക്രൈസ്റ്റ്ചര്‍ച്ച് പട്ടണത്തിലെ അല്‍ നൂര്‍ പള്ളിയിലും എട്ട് പേര്‍ ലിന്‍വുഡിലെ പള്ളിയിലുമാണ് കൊല്ലപ്പെട്ടത്. സ്ത്രീയടക്കം നാല് പേരാണ് ഇതിനകം അറസ്റ്റിലായത്.