സോളാര്‍: പ്രതികള്‍ക്കെതിരെ മത്സരിക്കുമെന്ന് പരാതിക്കാരി

Posted on: March 16, 2019 2:59 pm | Last updated: March 16, 2019 at 8:57 pm
ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്

തിരുവനന്തപുരം: സോളാര്‍ കേസില്‍ ആരോപണ വിധേയരായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ മത്സരിക്കുമെന്ന് പരാതിക്കാരി. താന്‍ പരാതി ഉന്നയിച്ചവരില്‍ മത്സര രംഗത്തുള്ള ഏതെങ്കിലും ഒരാള്‍ക്കെതിരെ മത്സരിക്കാനാണ് തീരുമാനം.

പ്രതികള്‍ക്കെതിരായ തെളിവുകളുമായാണ് പ്രചാരണ രംഗത്തുണ്ടാകുകയെന്നും ഇവര്‍ പറഞ്ഞു. കോണ്‍ഗ്രസ് എം എല്‍ എമാരായ ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ പി അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെ യുവതിയുടെ ലൈംഗിക പീഡന പരാതിയില്‍ ക്രൈംബ്രാഞ്ച് അടുത്തിടെ കേസെടുത്തിരുന്നു. ഇതില്‍ ഹൈബി ഈഡനും അടൂര്‍ പ്രകാശും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
2013ലെ സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട കേസുകളിലൊന്നാണ് പീഡനക്കേസ്. സോളാര്‍ വ്യവസായം തുടങ്ങാന്‍ സഹായിക്കാമെന്ന് പറഞ്ഞ് നേതാക്കള്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നായിരുന്നു യുവതി ആരോപണം ഉന്നയിച്ചിരുന്നത്.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പുറത്തുവന്ന സോളാര്‍ അഴിമതിക്കേസ് സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതുമായി ബന്ധപ്പെട്ട പല കേസുകളും കേരളത്തിന് അകത്തും പുറത്തുമുള്ള കോടതികളില്‍ തുടരുകയാണ്.