Connect with us

Malappuram

ലീഗ്-എസ് ഡി പി ഐ ചര്‍ച്ച: രാഷ്ട്രീയ ആയുധമാക്കി എല്‍ ഡി എഫ്

Published

|

Last Updated

സി സി ടി വി ദൃശ്യം

മലപ്പുറം: കൊണ്ടോട്ടി കെ ടി ഡി സി ഹോട്ടലിലെ മുസ്‌ലിം ലീഗ്-എസ് ഡി പി ഐ നേതാക്കളുടെ ചര്‍ച്ച തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആയുധമാക്കി ഇടതു മുന്നണി. തിരഞ്ഞെടുപ്പ് ഘട്ടങ്ങളില്‍ ലീഗ് നേതൃത്വം ഒളിഞ്ഞും തെളിഞ്ഞും എസ് ഡി പി ഐയുടെ സഹായിക്കുന്ന നിലപ്പാട് സ്വീകരിക്കാറുണ്ടെന്ന് ശത്രുപക്ഷത്ത് നിന്ന് നിരന്തരം ആരോപണം ഉയര്‍ന്ന് വരുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം സി സി ടി വി ദൃശ്യങ്ങള്‍ പുറത്തു വന്നത്.
ജില്ലയില്‍ പ്രചരണം ആരംഭിച്ച ലീഗ് നേതൃത്വത്തിനെതിരെ ഇടതു പക്ഷത്തിന് ഉപയോഗിക്കാനുള്ള രാഷ്ട്രീയ ആയുധമായിരിക്കുകയാണ് സംഭവം. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ നിലപാടുമായി രംഗത്ത് വന്നു.

തിരഞ്ഞെടുപ്പില്‍ പരാജയം മണക്കുമ്പോള്‍ ആരുമായും കൂട്ടുകൂടാന്‍ ലീഗ് നേതൃത്വം തയ്യാറാകുമെന്നും ഇടത് സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താനായി വര്‍ഗീയ കക്ഷികള്‍ക്ക് പണം നല്‍കി ഇടതുപക്ഷത്തിനെതിരായി അണി നിരത്തുമെന്നും പൊന്നാനി മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി അന്‍വര്‍ പ്രതികരിച്ചു. അന്‍വറിന്റെ പ്രതികരണത്തിനെതിരെ മുസ്‌ലിം ലീഗ് ജില്ലാപ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിലപാട് വ്യക്തമാക്കി. എസ് ഡി പി ഐയുമായുള്ള കൂടിക്കാഴ്ച പാര്‍ട്ടിയുടെ അറിവോടെയല്ലെന്നും യാദൃചികമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കുറഞ്ഞ സമയം മാത്രമേ താന്‍ അവരുമായി സംസാരിച്ചിട്ടുള്ളുവെന്നും ബാക്കി കാര്യങ്ങള്‍ തനിക്ക് അറിയില്ലെന്നുമാണ് കുഞ്ഞാലിക്കുട്ടിയുടെ നിലപാട്. ഹോട്ടലില്‍ രാഷ്ട്രീയ ചര്‍ച്ച നടത്തിയിട്ടില്ലെന്നും അത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഇ ടിയും അറിയിച്ചു. കൂടിക്കാഴ്ച തികച്ചും യാദൃച്ഛികമായിരുന്നുവെന്ന് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. സംഭവം വിവാദമായതോടെ മലപ്പുറത്തെ രണ്ട് മണ്ഡലങ്ങളിലെയും സിറ്റിംഗ് എം പിമാര്‍ക്ക് തിരഞ്ഞെടുപ്പ് പ്രചരണ വേദികളില്‍ പ്രശ്‌നത്തെ പ്രതിരോധിക്കേണ്ടി വരും. കൂടാതെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി മണ്ഡലത്തില്‍ പ്രചരണം തുടങ്ങാന്‍ ഇരിക്കുന്ന ബി ജെ പിയും ഇത് പോരിന് ഉപയോഗിക്കാന്‍ സാധ്യതയുണ്ട്.

2014ല്‍ പൊന്നാനിയില്‍ എസ് ഡി പി ഐ സ്ഥാനാര്‍ഥിയായിരുന്ന വി ടി ഇക്റാമുല്‍ ഹഖ് 26640 വോട്ടും മലപ്പുറം മണ്ഡലത്തില്‍ എസ് ഡി പി ഐ സ്ഥാനാര്‍ഥി നസ്‌റുദ്ദീന്‍ എളമരം 47853 വോട്ടും നേടിയിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് എസ് ഡി പി ഐ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല.

---- facebook comment plugin here -----

Latest