ലോക് സഭാ തിരഞ്ഞെടുപ്പ് മാറ്റിവെച്ച എൻജിനീയറിംഗ് എൻട്രൻസ് പരീക്ഷ 27 ന് തുടങ്ങും

Posted on: March 16, 2019 11:02 am | Last updated: March 16, 2019 at 11:02 am

തിരുവനന്തപുരം: നേരത്തെ നിശ്ചയിച്ച തീയതിയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് മാറ്റിവെച്ച എൻജിനീയറിംഗ് എൻട്രൻസ് പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 23ന് നടത്താൻ തീരുമാനിച്ചിരുന്ന എൻട്രൻസ് പരീക്ഷ ഏപ്രിൽ 27, 28 തീയതികളിൽ നടക്കുമെന്ന് പരീക്ഷ കമ്മീഷണർ അറിയിച്ചു.
പുതുക്കിയ ടൈംടേബിൾ അനുസരിച്ച് ഏപ്രിൽ 27ന് ഒന്നാം പേപ്പറിന്റെയും 28ന് രണ്ടാം പേപ്പറിന്റെയും പരീക്ഷ നടക്കും.

രാവിലെ 10 മുതൽ ഉച്ചക്ക് 12.30 വരെയാണ് പരീക്ഷാസമയം. കേരളത്തിലെ 14 ജില്ലാകേന്ദ്രങ്ങൾക്ക് പുറമേ മുംബൈ, ന്യൂഡൽഹി, ദുബൈഎന്നിവവിടങ്ങളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്.
ഹെൽപ്‌ലൈൻ നമ്പറുകൾ: 04712332123, 2339101, 2339102, 2339103, 2339104.
ഈ വർഷത്തെ എൻജിനീയറിംഗ്, ആർക്കിടെക്ചർ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനായി ഇത്തവണ 1,42,921 പേരാണ് ഓൺലൈനായി അപേക്ഷിച്ചിരുന്നത്. 1.42 ലക്ഷം അപേക്ഷകരിൽ 96,535 പേർ മെഡിക്കൽ, അനുബന്ധ കോഴ്‌സുകളിലേക്കാണ് അപേക്ഷിച്ചത്. 92,905 പേർ എൻജിനീയിറിംഗിനും അപേക്ഷിച്ചിട്ടുണ്ട്.

എൻജിനീയറിംഗിനും മെഡിക്കലിനും അപേക്ഷിച്ചവർ ഒന്നേകാൽ ലക്ഷത്തോളം പേരുണ്ട്.
മേയ് അഞ്ചിന് ദേശീയതലത്തിൽ നടക്കുന്ന നീറ്റ് യു ജി പരീക്ഷയെ അടിസ്ഥാനപ്പെടുത്തിയാണ് മെഡിക്കൽ, അനുബന്ധ കോഴ്‌സുകളിൽ പ്രവേശനം. മുഴുവൻ കോഴ്‌സുകളിലേക്കും പ്രവേശന പരീക്ഷാ കമ്മിഷണറാണ് അലോട്ട്‌മെന്റ് നടത്തുക.