Connect with us

Articles

സാമൂഹിക മാധ്യമങ്ങളും മാതൃകാ പെരുമാറ്റച്ചട്ടവും

Published

|

Last Updated

രാജ്യത്തെ 543 പാര്‍ലിമെന്റ് സീറ്റുകളിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കാന്‍ 90 കോടി ജനങ്ങള്‍ അടുത്ത മാസം മുതല്‍ പോളിംഗ് ബൂത്തുകളില്‍ എത്തുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണം മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ പരിധിയില്‍ കൊണ്ടുവന്നിരിക്കയാണല്ലോ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഏതായാലും ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സാമൂഹിക മാധ്യമങ്ങള്‍ വലിയ പങ്കുവഹിക്കുമെന്നതില്‍ എല്ലാവരും ഒരേ അഭിപ്രായക്കാരാണ്. ഒരു സന്ദേശം വീടിന്റെ ഉമ്മറപ്പടി മുതല്‍ അടുക്കള വരെ എത്തിക്കാന്‍ ഇതിലേറെ സൗകര്യം വേറെ ഒന്നിനും കാണില്ല.

തെറ്റായ വാര്‍ത്തകള്‍ പടച്ചുവിട്ട് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ആഗോളതലത്തില്‍ തന്നെ നടക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ നിലനില്‍ക്കവെയാണ് രാജ്യം സുപ്രധാനമായ പൊതു തിരഞ്ഞെടുപ്പിനെ നേരിടുന്നത്. വ്യാജ വാര്‍ത്തകള്‍ മാത്രമല്ല, സാമൂഹികമാധ്യമങ്ങളിലെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയും പാര്‍ട്ടികള്‍ക്ക് അനുകൂലമായ സാഹചര്യമുണ്ടാക്കാന്‍ വന്‍കിട പബ്ലിക് റിലേഷന്‍സ് കമ്പനികള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.
നാമനിര്‍ദേശ വേളയില്‍ സോഷ്യല്‍ മീഡിയ സൈറ്റുകളെ കുറിച്ചുള്ള വിവരങ്ങളും സ്ഥാനാര്‍ഥികള്‍ നല്‍കേണ്ടതുണ്ട്. നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിനായി പാര്‍ട്ടികള്‍ ലക്ഷക്കണക്കിന് പ്രവര്‍ത്തകരെ തന്നെ നിയമിച്ചിരിക്കുന്നു. മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ പരിധിയില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണവും ഉള്‍പ്പെടുത്തിയത് ഇത്തരമൊരു അവസ്ഥയില്‍ അത്യന്താപേക്ഷിതമായ നടപടിയാണെന്നതില്‍ തര്‍ക്കമില്ല. ഈ ഉദ്യമത്തിന് ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ എന്നീ സാമൂഹിക മാധ്യമങ്ങളുടെ സഹകരണവും തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചിട്ടുണ്ട്. നേരത്തെ ഇത്തരം നിയന്ത്രണങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാതിരുന്നത് സാമൂഹിക മാധ്യമങ്ങളുടെ നിസ്സഹകരണം മൂലമായിരുന്നു. എന്നാല്‍ ഇത്തവണ അതുണ്ടാകില്ലെന്ന് മാത്രമല്ല, പാര്‍ട്ടികളുടെ പ്രചാരണത്തിന് ഉപയോഗിക്കുന്ന പരസ്യങ്ങളിലെയും മറ്റും ഉള്ളടക്കം നിരീക്ഷിക്കുന്നതിന് വേണ്ടി മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോനിറ്ററിംഗ് കമ്മിറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യും. സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണത്തിനായി ഉപയോഗിക്കുന്ന പരസ്യങ്ങളുടെ ഉള്ളടക്കം തിരഞ്ഞെടുപ്പ് കമ്മീഷനെ ബോധ്യപ്പെടുത്തി മുന്‍കൂര്‍ അനുമതിയും വാങ്ങേണ്ടതുണ്ട്. ഇത്തരം മാധ്യമങ്ങളിലെ പ്രചാരണത്തിനായി സ്ഥാനാര്‍ഥിയും പാര്‍ട്ടിയും നടത്തുന്ന പ്രചാരണത്തിന്റെ ചെലവ് തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.
ബൂത്ത് തലങ്ങളില്‍ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ സൃഷ്ടിച്ചാണ് പ്രചാരണങ്ങള്‍ക്ക് പാര്‍ട്ടികള്‍ വേദിയൊരുക്കുന്നത്. ഭരണകക്ഷിയായ ബി ജെ പിയും പ്രമുഖ പ്രതിപക്ഷമായ കോണ്‍ഗ്രസുമെല്ലാം ഇത്തരം ക്യാമ്പയിന്‍ വര്‍ക്കുകള്‍ക്കായി ലക്ഷക്കണക്കിന് പ്രവര്‍ത്തകരെയാണ് പരിശീലനം നല്‍കി ഉപയോഗിക്കുന്നത്.

വര്‍ത്തമാനകാലത്ത് ജനങ്ങള്‍ക്കിടയിലേക്ക് സന്ദേശങ്ങള്‍ പെട്ടെന്ന് എത്തിക്കാന്‍ സാമൂഹിക മാധ്യമങ്ങളോളം സാധ്യതയുള്ള മറ്റൊരു മാധ്യമവും ഇല്ലെന്നത് വസ്തുതയാണ്. ഒമ്പത് ലക്ഷത്തോളം വളണ്ടിയര്‍മാരെ (സെല്‍ ഫോണ്‍ പ്രമുഖ്) യാണ് ബി ജെ പി തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നിയോഗിച്ചിരിക്കുന്നത്. കോണ്‍ഗ്രസും തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രൂപകല്‍പ്പന ചെയ്ത “ഡിജിറ്റല്‍ സാധി” ആപ്പ് ഉപയോഗിക്കാന്‍ വളണ്ടിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഗ്രാമീണതലങ്ങളില്‍ തങ്ങളുടെ സ്ഥാനാര്‍ഥികള്‍ക്ക് മുന്‍കൈ ലഭിക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കലും എതിരായി വരുന്ന വാര്‍ത്തകളെ പ്രതിരോധിക്കലുമാണ് ഈ വിഭാഗത്തിന്റെ മുഖ്യചുമതല.
സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണങ്ങള്‍ പലപ്പോഴും വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കൈയേറ്റമായി മാറാറുണ്ട്. എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇവയൊക്കെ പലപ്പോഴും നടപടികളില്‍ നിന്ന് ഒഴിവായി പോകുന്നതാണ് പതിവ് രീതി. തിരഞ്ഞെടുപ്പ് കാലമാകുമ്പോള്‍ പ്രത്യേകിച്ചും ഈ വിധത്തിലുള്ള പ്രചാരണങ്ങള്‍ സ്വാഭാവികവുമാണ്. ഇതിനെല്ലാം ഒരു പരിധിവരെ തടയിടുകയെന്നത് തന്നെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇത്തരം പുതിയ ശ്രമങ്ങളുടെ മുഖ്യലക്ഷ്യം.
എന്നാല്‍, തിരഞ്ഞെടുപ്പില്‍ പരക്കെ ചര്‍ച്ച ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന കശ്മീരിലെ ഭീകരാക്രമണവും ശബരിമല സ്ത്രീ പ്രവേശനവുമെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിയന്ത്രണങ്ങള്‍ക്കകത്ത് വരുന്നുണ്ട്. ഈ രണ്ട് വിഷയങ്ങളും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ബി ജെ പിയായിരിക്കുമെന്നതില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമൊന്നുമില്ല. ഇത്തരമൊരവസ്ഥയിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും ഈ രണ്ട് വിഷയങ്ങളിന്മേലും നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്.

സംസ്ഥാനത്തു നിന്ന് ഇതുവരെ ലോക്‌സഭയിലേക്ക് സീറ്റ് തരപ്പെടുത്താന്‍ കഴിയാതിരുന്ന സംഘ്പരിവാറിന് ലഭിച്ച നല്ലൊരവസരമായിട്ടാണ് ശബരിമല സ്ത്രീപ്രവേശനം പൊതുവെ വ്യാഖ്യാനിക്കപ്പെട്ടത്. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍, എത്രമാത്രം ഈ വിഷയം പ്രചാരണത്തിനിടെ ഉന്നയിക്കപ്പെടാം എന്നതിനെക്കുറിച്ചുള്ള പുതിയ തര്‍ക്കങ്ങള്‍ രൂപപ്പെട്ടുകഴിഞ്ഞു. ഏതായാലും മതവിശ്വാസം കൂട്ടിക്കലര്‍ത്തി പ്രചാരണം നടത്തിയാല്‍ അത് തിരഞ്ഞെടുപ്പിനെ കോടതികളിലേക്ക് എത്തിക്കുമെന്ന് തന്നെ അനുമാനിക്കാം. നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍നിന്ന് ഒരു സീറ്റെങ്കിലും ഒപ്പിക്കാന്‍ മാത്രമുള്ള ബലമൊന്നും ബി ജെ പിക്ക് ശബരിമല വിഷയം നല്‍കുന്നില്ല. എങ്കിലും ഇതുവഴി ആവേശം സൃഷ്ടിക്കാന്‍ സംഘ്പരിവാരത്തിന് ലഭിച്ചേക്കുമായിരുന്ന അവസരമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടയിട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ രാജ്യസുരക്ഷയും മതവിഷയങ്ങളും നിര്‍ലോഭം പ്രയോഗിക്കപ്പെടുന്നത് അവസാനിപ്പിക്കാന്‍ പുതിയ നീക്കങ്ങള്‍ സഹായിക്കും.

സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗം പേരും തങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ വഴി ലഭിക്കുന്ന വാര്‍ത്തകളും വിവരങ്ങളും ശരിയാണോ എന്ന് ഉറപ്പുവരുത്തിയതിന് ശേഷമല്ല മറ്റൊരാള്‍ക്ക് ഫോര്‍വേര്‍ഡ് ചെയ്യുന്നത്. തെറ്റായ വാര്‍ത്തകളുടെ പെട്ടെന്നുള്ള വ്യാപനം സംഭവിക്കുന്നത് ഇങ്ങനെയാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ ഇത്തരം പ്രചാരണങ്ങള്‍ എപ്പോഴുമുണ്ടാകാറുണ്ടെങ്കിലും തിരഞ്ഞെടുപ്പ് തീയതിക്ക് മുമ്പേയുള്ള 48 മണിക്കൂറിലാണ് ഇത്തരം വാര്‍ത്തകളും സംഭവങ്ങളും കൂടുതല്‍ പ്രത്യക്ഷപ്പെടാറുള്ളത്. പാര്‍ട്ടികള്‍ക്ക് അതുവരെയുണ്ടായിരുന്ന അനുകൂല സാഹചര്യങ്ങള്‍ വരെ മാറ്റിമറിക്കുന്ന രീതിയിലേക്ക് ഈ അവസാന നിമിഷ പ്രചാരണങ്ങള്‍ കാരണമാകുന്നു. അന്ത്യഘട്ടത്തിലെ ഇത്തരം പ്രചാരണങ്ങള്‍ പ്രതിരോധിക്കാന്‍ അവസരങ്ങളുമുണ്ടാകാറില്ല. ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന വാര്‍ത്തകളൊക്കെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പരിധിയില്‍ വരുമ്പോള്‍ തീര്‍ച്ചയായും നിയന്ത്രണങ്ങള്‍ പാലിക്കാന്‍ നിര്‍ബന്ധിക്കപ്പെടും. അല്ലെങ്കില്‍ പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പേരില്‍ അയോഗ്യരാക്കപ്പെടാം.
ഫേസ്ബുക്കും വാട്‌സാപ്പും ഇതിനായി നേരത്തെ തന്നെ ഒരുങ്ങിയിട്ടുണ്ട്. വാട്‌സാപ്പ് ഫോര്‍വേര്‍ഡിംഗ് മെസ്സേജുകളുടെ എണ്ണം അഞ്ചായി കുറച്ചത് തെറ്റായ വാര്‍ത്തകളുടെ വ്യാപനം തടയുന്നതിന് വേണ്ടിയാണ്. അതുപോലെ ഫേസ്ബുക് ഇത്തരം നിയന്ത്രണങ്ങള്‍ക്ക് വേണ്ടി രണ്ട് ബില്യണ്‍ വ്യാജ അക്കൗണ്ടുകളാണ് നീക്കം ചെയ്തത്. അതിനുപുറമെ, പാര്‍ട്ടികളുടെ പരസ്യങ്ങള്‍ പരിശോധിക്കാനായി വിവിധ പദ്ധതികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണത്തിനായി വിവിധ ആപ്പുകള്‍ വഴി വ്യക്തി വിവരങ്ങള്‍ ചോര്‍ത്തുന്നത് നേരത്തെ തന്നെ വിവാദമായതാണ്. മോദിയുടെ നമോ ആപ്പും കോണ്‍ഗ്രസിന്റെ ആപ്പുമെല്ലാം ഇതില്‍ ഒരേ തൂവല്‍ പക്ഷികളാണ്. അതിനുപുറമെയാണ് പോലീസ് സംവിധാനം ഉപയോഗിച്ച് പാര്‍ട്ടികളുടെ പക്കലുള്ള വ്യക്തി വിവരങ്ങള്‍ തട്ടിയെടുക്കപ്പെടുന്നുവെന്ന ആരോപണം. ടി ഡി പി നേതാവ് ചന്ദ്രബാബു നായിഡുവാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇതിനായി പാര്‍ട്ടികളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന കമ്പനികള്‍ വിവിധ കാരണങ്ങള്‍ പറഞ്ഞു റെയ്ഡ് ചെയ്യുന്നതും വര്‍ധിച്ചുവരികയാണ്.
ഏതായാലും പരസ്യ പ്രചാരണങ്ങള്‍ക്കായി പാര്‍ട്ടികള്‍ സ്വീകരിക്കുന്ന പുതുവഴികളും അതിനെ തടയിടാനായി എതിര്‍ പാര്‍ട്ടിക്കാര്‍ ഉയര്‍ത്തുന്ന മറു തന്ത്രങ്ങളും സാമൂഹിക മാധ്യമങ്ങളെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുന്‍പന്തിയില്‍ നിര്‍ത്തുമെന്നതില്‍ തര്‍ക്കമില്ല.

വി പി എം സാലിഹ്‌

Latest