ജയരാജനെതിരെ ആര്‍ എം പി ഐ അടവുനയത്തിന്

Posted on: March 15, 2019 6:40 pm | Last updated: March 15, 2019 at 6:40 pm

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയെ സ്ഥാനാര്‍ഥിയാക്കി വടകരയില്‍ സി പി എമ്മിനെതിരെ പോരാട്ടത്തിനൊരുങ്ങുന്ന ആര്‍ എം പി ഐ ചുവട്മാറ്റുന്നു. മുഖ്യശത്രുവായ പി ജയരാജനെ പരാജയപ്പെടുത്താന്‍ ജനാധിപത്യ കക്ഷികളുമായി അടവുനയം സ്വീകരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എന്‍ വേണു പറഞ്ഞു.

പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനൊപ്പം വടകരയില്‍ സപി എമ്മിനെ പരാജയപ്പെടുത്തുകയാണ് മുഖ്യ ലക്ഷ്യം. പി ജയരാജനെ പരാജയപ്പെടുത്തുകയാണ് ഇപ്പോള്‍ മുന്നിലുള്ള പ്രധാന അജന്‍ഡ. ഇതിന് സ്വീകരിക്കേണ്ട നിലപാടുകള്‍ പാര്‍ട്ടി ഉടന്‍ യോഗം ചേര്‍ന്ന് കൈക്കൊള്ളും. രമയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കപ്പെട്ടെങ്കിലും മികച്ച സ്ഥാനാര്‍ഥി കോണ്‍ഗ്രസിന്റെതായി രംഗത്തുവന്നാല്‍ അവരെ പിന്തുണക്കുന്നതടക്കമുള്ള നിലപാടുകള്‍ ആര്‍ എം പി ഐ കൈക്കൊള്ളുമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.

രമക്ക് യു ഡി എഫ് പിന്തുണ നല്‍കണമെന്ന് നേരത്തെ മുസ്‌ലിം ലീഗ് നേതാക്കള്‍ പരസ്യമായി പറഞ്ഞിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത് വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുണ്ടാകുമെന്നാണ്. ഈ സാഹചര്യത്തിലാണ് സ്വന്തം സ്ഥാനാര്‍ഥിയെ മരവിപ്പിച്ച് നിര്‍ത്തി യു ഡി എഫിന് പിന്തുണ നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ ആര്‍ എം പി ഐ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.