Connect with us

Palakkad

ഷൊർണൂർ ജംഗ്ഷനോട് വിട പറഞ്ഞ് മൂന്ന് എക്‌സ്പ്രസ് ട്രെയിനുകൾ

Published

|

Last Updated

മൂന്ന് പ്രധാന എക്‌സ്പ്രസ് ട്രെയിനുകൾ ഏപ്രിൽ ഒന്ന് മുതൽ ഷൊർണൂർ ജംഗ്ഷനോട് വിട പറയുന്നു. തിരുവനന്തപുരം-ഡൽഹി രപ്തി സാഗർ, ആലപ്പി ധൻബാദ്, മധുര -തിരുവനന്തപുരം അമൃത എക്‌സ്പ്രസ് എന്നിവയാണ് ഷൊർണൂരിൽ പ്രവേശിക്കാതെ തൊട്ടടുത്ത ഭാരതപ്പുഴ ലിങ്ക് ലൈനിലൂടെ റെയിൽവേ വഴി തിരിച്ചുവിടുന്നത്.
എന്നാൽ ഷൊർണൂരിന് പകരം തൊട്ടടുത്ത റെയിൽവേ സ്റ്റേഷനായ തൃശൂർ ജില്ലയിലെ വള്ളത്തോൾ നഗറിൽ ഈ ട്രെയിനുകൾക്ക് സ്റ്റോപ്പ് നൽകാൻ റെയിൽവേ തീരുമാനിച്ചു. കൂടാതെ ഒറ്റപ്പാലത്തും സ്‌റ്റോപ്പ് അനുവദിക്കും. അമൃതക്ക് നിലവിൽ ഒറ്റപ്പാലത്ത് സ്റ്റോപ്പുണ്ട്. രപ്തിയും, ധൻബാദും ഒറ്റപ്പാലത്ത് നിർത്തുന്നതും, വള്ളത്തോൾ നഗറിലും സ്റ്റോപ്പ് അനുവദിക്കുന്നതും ഷൊർണൂരിനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് മലബാർ യാത്രക്കാർക്ക് ആശ്വാസമാണ്.

ഷൊർണൂർ റെയിൽവേ ജംഗ്ഷനിൽ നിന്ന് ഒന്നര കിലോമീറ്റർ കിഴക്ക് ഭാഗത്ത് കൂടി ഈ ട്രെയിനുകൾ തിരുവനന്തപുരം, ഏറണാകുളം ഭാഗത്തേക്കും, തിരിച്ച് ചെന്നൈ ഭാഗത്തേക്കുമായി ഓടും. സമയ പ്രശ്‌നവും, സാങ്കേതിക പ്രശ്‌നവും ചൂണ്ടിക്കാട്ടിയാണ് തെക്ക് നിന്ന് കടന്ന് വരുന്ന എക്‌സ്പ്രസ് ട്രെയിനുകൾ പലതും ഷൊർണൂർ പ്രവേശിക്കാതെ വഴിതിരിച്ചുവിടാൻ കാരണമാകുന്നത്.
എൻജിൻ മാറ്റാനുള്ള സമയം, സിഗ്‌നൽ പ്രശ്‌നം, തിരക്കേറിയ ട്രാഫിക് മൂലം ട്രാക്കുകളുടെ ലഭ്യത കുറവ് എന്നിവയാണ് ഇതിന് റെയിൽവേ നിരത്തുന്ന കാരണങ്ങൾ. ഷൊർണൂരിൽ പ്രവേശിക്കാതെ വഴിതിരിച്ചുവിടുക വഴി 2530 മിനിട്ട് സമയം ലാഭിക്കാൻ കഴിയും. ഇത് ദീർഘദൂര യാത്രക്കാർക്ക് ഏറെ ഗുണകരമാണെന്നും അധികൃതർ പറഞ്ഞു.

നേരത്തെയും ഇതേകാരണം പറഞ്ഞ് പല പ്രധാന ദീർഘദൂര ട്രെയിനുകൾ ഷൊർണൂരിന് നഷ്ടമായിട്ടുണ്ട്. എന്നാൽ, ഷൊർണൂർ സ്പർശിക്കാത്ത പ്രധാന ട്രെയിനുകൾക്ക് സ്‌റ്റോപ്പ് നൽകുക വഴി ഒറ്റപ്പാലത്തിനും, വള്ളത്തോൾ നഗറിനും ഇത് പ്രാധാന്യം ഉയർത്തുന്നതിനും കാരണമാകും. ഷൊർണൂരിന്റെ ഉപഗ്രഹ സ്റ്റേഷനായി വള്ളത്തോൾ നഗറിനെ മാറ്റിയെടുക്കാനുള്ള പ്രാഥമിക പ്രവർത്തനമാണ് റെയിൽവേയുടെ ലക്ഷ്യം.

ഷൊർണൂർ ജംഗ്ഷനിൽ നിന്ന് മൂന്ന് കിലോമീറ്റർ ദൂരം മാത്രമാണ് വള്ളത്തോൾ നഗറിലേക്കുള്ളത്. റെയിൽവേയുടെ ഈ തീരുമാനം ഏപ്രിൽ ഒന്ന് മുതൽ നടപ്പാക്കുന്ന പുതിയ ട്രെയിൻ ടൈം ടേബിൾ പ്രകാരം പ്രാബല്യത്തിലാവും.

14 വണ്ടികൾ വഴി മാറ്റുന്നില്ല

രപ്തി സാഗർ, ധൻബാദ്, അമൃത എന്നിങ്ങനെ മൂന്ന് ട്രെയിനുകൾ മാത്രമാണ് പുതിയ സമയക്രമത്തിന്റെ പേരിൽ ഷൊർണൂരിനെ ഒഴിവാക്കുന്നതെന്നും, 14 ട്രെയിനുകൾ ഇത്തരത്തിൽ വഴിതിരിച്ചുവിടുന്നു എന്ന പ്രചാരണം തെറ്റാണെന്നും റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.
ഇതര സംസ്ഥാന തൊഴിലാളികൾ കൂടുതൽ പ്രയോജനപ്പെടുത്തുന്ന ട്രെയിനുകളാണ് അമൃതയൊഴികെ ബാക്കിയുള്ളവ.

ഇത് കണക്കിലെടുത്താണ് ഇവക്ക് ഒറ്റപ്പാലത്തും വള്ളത്തോൾ നഗറിലും സ്റ്റോപ്പ് അനുവദിക്കാൻ തീരുമാനമുണ്ടായതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ട്രെയിനുകൾ വഴിതിരിച്ചുവിടുന്നത് ഷൊർണൂരിന് പ്രയോജനം ചെയ്യും.

ചെന്നൈ- മംഗലാപുരം, തിരുവനന്തപുരം- മംഗലാപുരം റൂട്ടുകളിൽ പുതിയ ട്രെയിനുകൾ അനുവദിക്കുമ്പോൾ ഷൊർണൂരിന് ഗുണം ചെയ്യും.
ഗതാഗത തിരക്ക് ഷൊർണൂരിനെ ബാധിക്കുന്നുണ്ട്. ആവശ്യത്തിന് ട്രാക്ക് കിട്ടാത്ത പ്രശ്‌നവും നിലവിലുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Latest