ശ്രീശാന്തിനെതിരായ ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കി

Posted on: March 15, 2019 11:00 am | Last updated: March 15, 2019 at 9:28 pm

ന്യൂഡല്‍ഹി: ഐപിഎല്‍ ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് ഇന്ത്യയുടെ മുന്‍ താരം ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കി. എന്നാല്‍ സംഭവത്തില്‍ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിട്ടില്ല. ക്രിമിനല്‍ കേസും ശിക്ഷാ നടുപടിയും രണ്ടാണെന്ന് കോടതി നിരീക്ഷിച്ചു. ശിക്ഷാ കാലാവധി പുനപരിശോധിക്കണമെന്നും ഇക്കാര്യത്തില്‍ ബിസിസിഐ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, കെഎം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി

. വാതുവെപ്പ് കേസില്‍ ഡല്‍ഹി പട്യാല കോടതി വെറുതെ വിട്ടെങ്കിലും ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് ശ്രീശ്രാന്ത് നല്‍കിയ ഹരജി കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരെയാണ് ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചത്. ആജീവനാന്ത വിലക്കെന്നത് ഭരണഘടനാ വിരുദ്ധവും പൗരാവകാശ ലംഘനവുമാണെന്ന് ശ്രീശാന്ത് കോടതിയില്‍ വാദിച്ചിരുന്നു. ആജീവനാന്ത വിലക്ക് മൂലം തനിക്ക് മറ്റ് അന്താരാഷ്ട്ര മത്സരങ്ങളിലും കളിക്കാനാകുന്നില്ലെന്നും ശ്രീശാന്ത് കോടതിയില്‍ ബോധിപ്പിച്ചിരുന്നു