Connect with us

Editorial

ചൈനയുടെ ഇരട്ടത്താപ്പ്

Published

|

Last Updated

ഭീകരതയും തീവ്രവാദവുമാണ് ഇന്ന് ലോകം നേരിടുന്ന വലിയ ഭീഷണികളിലൊന്ന്. ഏത് ആഗോള ഉച്ചകോടിയിലെയും മുഖ്യചർച്ചകളിലൊന്ന് ഭീകരതയാണ്. ഭീകരതക്കും തീവ്രവാദത്തിനുമെതിരെ ഒറ്റക്കെട്ടായി പൊരുതാനുള്ള ആഹ്വാനത്തോടെയാണ് അന്താരാഷ്ട്ര ഉച്ചകോടികളെല്ലാം സമാപിക്കാറ്. 2001 ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷം പ്രത്യേകിച്ചും. ഭീകരവാദത്തിനെതിരെ കൈകോർക്കാൻ ചൈനയും ഇന്ത്യയും തമ്മിൽ ധാരണയുണ്ട്. 2018 ഏപ്രിലിലെ നരേന്ദ്ര മോദിയുടെ ചൈന സന്ദർശന വേളയിൽ ഇക്കാര്യത്തിൽ ചൈനീസ് പ്രസിഡന്റ് സി ജിൻ പിംഗ് ഉറപ്പ് നൽകിയതുമാണ്. എന്നാൽ, മസ്ഊദ് അസ്ഹറിന്റെ കാര്യത്തിൽ ചൈന ഈ ധാരണ കാറ്റിൽ പറത്തുകയും ഭീകരവാദത്തെ തുണക്കുന്ന നിലപാട് സ്വീകരിച്ചിരിക്കുകയുമാണ്.

പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മസ്ഊദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയം ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ അതിനെ പിന്തുണക്കാൻ ഏറക്കുറെ എല്ലാ രാഷ്ട്രങ്ങളും സന്നദ്ധമായതാണ്. യു എസും ഫ്രാൻസും ബ്രിട്ടനും ചേർന്നാണ് 15 അംഗ യു എൻ രക്ഷാസമിതിയിൽ കൊണ്ടു വന്നത്. റഷ്യ പ്രമേയത്തിന് പിന്തുണ ഉറപ്പ് നൽകുകയും ചെയ്തു. എന്നാൽ, ചൈന എതിർക്കുകയായിരുന്നു. അസ്ഹറിനെ ഭീകരവാദിയായി പ്രഖ്യാപിക്കാൻ ആവശ്യമായ തെളിവുകൾ ചൈനക്ക് ലഭിച്ചിട്ടില്ലത്രെ. ഇത് നാലാം തവണയാണ് മസ്ഊദ് അസ്ഹറിനെ ആഗോള ഭീകനായി പ്രഖ്യാപിക്കാനുള്ള നീക്കത്തെ ചൈന എതിർക്കുന്നത്. പഠാൻകോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ 2017 ആഗസ്റ്റിൽ അദ്ദേഹത്തെ ആഗോളഭീകരനായി പ്രഖ്യാപിച്ച് യാത്രാവിലക്ക് ഏർപ്പെടുത്താനും സ്വത്തുക്കൾ കണ്ടുകെട്ടാനുമുള്ള ശ്രമം ഇന്ത്യ നടത്തിയിരുന്നു. അന്നും ചൈന വീറ്റോ ചെയ്തു. ദക്ഷിണ ഏഷ്യയിലെ തങ്ങളുടെ സഖ്യ കക്ഷിയായ പാക്കിസ്ഥാനെ സഹായിക്കുക, വൺ ബെൽറ്റ് വൺ റോഡ് പദ്ധതി പൂർത്തീകരിക്കുക, ഇതോടൊപ്പം തന്നെ ചൈനയുടെ ഏഷ്യൻ പ്രതിയോഗിയായ ഇന്ത്യയുടെ കാര്യങ്ങൾ ബുദ്ധിമുട്ടിലാക്കുക തുടങ്ങിയ താത്പര്യങ്ങളാണ് ചൈനയുടെ ഈ നിലപാടിനു പിന്നിൽ.

വൺ ബെൽറ്റ് വൺ റോഡ് പദ്ധതി ചൈനയുടെ അഭിമാന പദ്ധതിയാണ്. പാക് അധീന കശ്മീർ വഴി കടന്നുപോകുന്ന പൗരാണിക പാതയായ സിൽക്ക് റൂട്ട് പുനരുജ്ജീവിപ്പിക്കുകയും മധ്യ, പശ്ചിമ, ദക്ഷിണേഷ്യൻ രാജ്യങ്ങളിലും ആഫ്രിക്ക, യൂറോപ്പ് എന്നീ രാഷ്ട്രങ്ങളിലും റെയിൽവേ ലൈൻ, ഊർജനിലയങ്ങൾ എന്നിവ സ്ഥാപിക്കുന്നതിന് നിക്ഷേപം ആകർഷിക്കുകയുമാണ് ലക്ഷ്യം. പ്രകൃതിവാതക പൈപ്പ്‌ലൈൻ, എണ്ണ പൈപ്പ്‌ലൈൻ, റെയിൽപാത, ചൈനീസ് നിക്ഷേപത്തോടെയുള്ള തുറമുഖങ്ങൾ എന്നിവയും പദ്ധതികൊണ്ട് ചൈന ലക്ഷ്യമിടുന്നു. ഇതുമായി ബന്ധപ്പെട്ട് 45ഓളം വരുന്ന പ്രോജക്ടുകളിലായി ചൈനയിലെ നിരവധി കമ്പനികൾ 40 ബില്യൺ രൂപ മുടക്കിയിട്ടുണ്ട്, ഈ പ്രൊജക്ടുകളിൽ പകുതിയോളം പൂർത്തിയാകാറുമായി. മലാക്ക കടലിടുക്ക് വഴി ഇന്ത്യയെ ചുറ്റി ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന ചൈനീസ് കപ്പലുകളുടെ യാത്രാദൂരം വൻതോതിൽ ഒഴിവാക്കാനും ഇതുവഴി സാധിക്കും. പദ്ധതിയുടെ കാതലായ ചൈന പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി കടന്നുപോകുന്നത് പാക് അധീന കശ്മീരിലൂടെയാണ്.

പാക്കിസ്ഥാനുമായുള്ള നല്ല ബന്ധം നിലനിർത്തുകയും ജയ്‌ഷെ ഉൾപ്പെടെയുള്ള തീവ്രവാദി സംഘടനകൾക്ക് സംരക്ഷണം നൽകുകയും ചെയ്താൽ സാമ്പത്തിക ഇടനാഴി പദ്ധതിയിൽ തൊഴിലെടുക്കുന്ന ആയിരക്കണക്കിന് ചൈനീസ് ഉദ്യോഗസ്ഥർക്ക് ഭീകരവാദ ഭീഷണി ഭയപ്പെടേണ്ടതില്ല. മാത്രമല്ല, ഇത്തരം സംഘടനകളുടെ സംരക്ഷണം ലഭിക്കുകയും ചെയ്യും. ചൈന മസ്ഊദിനെ തുണക്കാനുള്ള ഒരു കാരണമിതാണെന്നാണ് വിലയിരുത്തൽ. വൺ ബെൽറ്റ് വൺ റോഡ് ഇന്ത്യൻ താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്നാണ് ഡൽഹിയുടെ വിലയിരുത്തൽ. ഈ പദ്ധതിയെ പ്രതിരോധിക്കാനായി ജപ്പാനുമായി സഹകരിച്ച് ഇന്ത്യ ആഫ്രിക്കൻ ഇടനാഴി വികസിപ്പിക്കണമെന്നും യുറേഷ്യൻ രാജ്യങ്ങളെ സാംസ്‌കാരികമായി ബന്ധിപ്പിക്കുന്ന വൺ കൾച്ചർ, വൺ റീജൺ (ഒരു സംസ്‌കാരം, ഒരു മേഖല) സ്ഥാപിക്കണമെന്നും ആർ എസ് എസ് നേതൃത്വം മോദി സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.

നിങ്ങൾ ഞങ്ങളെ ശല്യപ്പെടുത്താത്തിടത്തോളം ഞങ്ങൾ നിങ്ങളെ ശല്യപ്പെടുത്തില്ലെന്നാണ് തീവ്രവാദികളുടെ കാര്യത്തിൽ ചൈനയുടെ നിലപാട്. ചൈനീസ് ഭരണകൂടത്തിൽ നിന്ന് കടുത്ത വിവേചനവും അവഗണനയും നേരിട്ടു കൊണ്ടിരിക്കുന്ന ഷിൻജിയാംഗിലെ മുസ്‌ലിംകളെ താലിബാൻ പിന്തുണക്കാത്തിടത്തോളം, ചൈന താലിബാനെ ഉപദ്രവിക്കില്ലെന്ന് ചൈനയും ഉമർ മുല്ലയുമായും ധാരണയുണ്ടാക്കിയിട്ടുണ്ടെന്നും മറ്റെല്ലാ രാജ്യങ്ങളും മസ്ഊദ് അസ്ഹറിനെ ഭീകരനായി പ്രഖ്യാപിച്ചിട്ടും ചൈനക്ക് അദ്ദേഹത്തിനെതിരെ തെളിവ് ലഭിക്കാതെ പോയത് ഈ ധാരണയുടെ ഭാഗമായിട്ടാണെന്നും നിരീക്ഷിക്കുന്ന നയതന്ത്രവിദഗ്ധരുണ്ട്. അതിർത്തി രാജ്യങ്ങളിൽ ഏറ്റവും വലിയ ശത്രുവായി ഇന്ത്യ കാണുന്നത് പാക്കിസ്ഥാനെയാണ്. എന്നാൽ, സാമ്പത്തിക, സൈനിക ശേഷി പരിഗണിക്കുമ്പോൾ പാക്കിസ്ഥാൻ ഇന്ത്യക്ക് അത്ര വലിയ ഭീഷണിയല്ല. അതേസമയം ലോക ശക്തിയായി വളർന്നു കൊണ്ടിരിക്കുന്ന ചൈനയുടെ ഇന്ത്യാവിരുദ്ധ നിലപാടുകൾ നമ്മെ സംബന്ധിച്ച് കടുത്ത ഭീഷണിയാണ്. ഇക്കാര്യം പരിഗണിച്ചു കൊണ്ടു വേണം നമ്മുടെ വിദേശ നയം രൂപപ്പെടുത്തേണ്ടത്.

---- facebook comment plugin here -----

Latest