ബാബരി കേസ്: മധ്യസ്ഥ ചര്‍ച്ചകള്‍ പ്രസിദ്ധീകരിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക്

Posted on: March 14, 2019 1:25 pm | Last updated: March 14, 2019 at 7:12 pm

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമി തര്‍ക്കത്തില്‍ സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥരുടെ നേതൃത്വത്തിലുള്ള ചര്‍ച്ചകള്‍ പ്രസിദ്ധീകരിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം. ബാബരി കേസ് ഒത്തുതീര്‍പ്പിലൂടെ പരിഹരിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ മധ്യസ്ഥ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. സുപ്രീം കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവെന്നും സമിതി അധ്യക്ഷന്‍ ജസ്റ്റിസ് ഇബ്‌റാഹിം ഖലിഫുല്ല പറഞ്ഞു. മധ്യസ്ഥ ചര്‍ച്ചകളുടെ രഹസ്യ സ്വഭാവം പ്രസിദ്ധീകരിക്കുന്നത് സൂക്ഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രമുഖ അഭിഭാഷകനും മാധ്യസ്ഥനുമായ ശ്രീരാംപഞ്ചു, ഹിന്ദുമതാചര്യനും ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകനുമായ ശ്രീ ശീ രവിശങ്കര്‍ എന്നിവരാണ് സമതിയിലെ അംഗങ്ങള്‍. മാധ്യസ്ഥ്യ നടപടികള്‍ ഒരാഴ്ചക്കുള്ളില്‍ തുടങ്ങാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതുവരെയുള്ള തെളിവുകളും മറ്റുരേഖകളും വാക്കാലുള്ള മൊഴികളുടെ പരിഭാഷകളും പരിശോധിക്കുന്നത് എട്ടാഴ്ചക്കുള്ളില്‍ തീര്‍ക്കണമെന്നാണ് സുപ്രീം കോടതി സമിതിക്ക് നല്‍കിയ നിര്‍ദേശം.