Connect with us

Editorial

സർക്കാർ ചെലവിൽ രാഷ്ട്രീയ പരസ്യങ്ങൾ

Published

|

Last Updated

ഒരു ജനാധിപത്യ സംവിധാനത്തിൽ തിരഞ്ഞെടുപ്പുകൾ തികച്ചും നിഷ്പക്ഷവും നീതിപൂർവവും ബാഹ്യ സ്വാധീനങ്ങളിൽ നിന്ന് തീർത്തും മുക്തവുമായിരിക്കണം. പ്രചാരണ പരിപാടികളുൾപ്പെടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളിലും ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസമില്ലാതെ സർക്കാർ സംവിധാനങ്ങൾ പാർട്ടികൾക്കിടയിൽ തുല്യത ഉറപ്പ് വരുത്തുകയും വേണം. ആർക്കും പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും വകവെച്ചു കൊടുക്കരുത്. എന്നാൽ മറ്റു കക്ഷികൾക്കില്ലാത്ത ചില സൗകര്യങ്ങൾ രാജ്യം ഭരണത്തിലിരിക്കുന്നവർക്ക് അനുവദിക്കുന്നുണ്ട്. പലപ്പോഴും പാർട്ടി നേതൃത്വങ്ങൾ അത് രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗപ്പെടുത്തുകയാണ.് ഇതിലൊന്നാണ് പദ്ധതി പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാനെന്ന പേരിൽ സർക്കാർ ചെലവിൽ പരസ്യങ്ങൾ നൽകാനുള്ള അനുമതി.
സർക്കാറിന്റെ കാലാവധി അവസാനിക്കാറാവുകയും തിരഞ്ഞെടുപ്പ് അടുത്തെത്തുകയും ചെയ്യുമ്പോൾ, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിന് മുമ്പായി ഭരണ നേട്ടങ്ങൾ പെരുപ്പിച്ചു കാണിച്ച് പത്രങ്ങളിലും ചാലനലുകളിലും തുരുതുരാ പരസ്യങ്ങൾ നൽകുന്നത് പതിവാണ്. കാലങ്ങളായി എല്ലാ സർക്കാറുകളും ഇത് ചെയ്തു വരുന്നു. ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പുളള ദിവസങ്ങളിലായി മോദി സർക്കാറിന്റെ ഭരണ നേട്ടങ്ങൾ വിളിച്ചോതുന്ന പരസ്യങ്ങൾ പത്രങ്ങളിലും ടെലിവിഷൻ, ഓൺലൈൻ മാധ്യമങ്ങളിലും വൻതോതിൽ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. എത്ര രൂപയുടെ പരസ്യങ്ങളാണ് നൽകിയത് എന്നതു സംബന്ധിച്ച് വ്യക്തമായ കണക്കുകൾ ലഭ്യമല്ല. ഔദ്യോഗിക കേന്ദ്രങ്ങൾ അതു പുറത്തു പറയാറുമില്ല. സർക്കാറുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് “ദി പ്രിന്റ്” ഓൺലൈൻ വാർത്താ പോർട്ടൽ പറയുന്നത് പത്രങ്ങളിൽ വന്ന പരസ്യങ്ങൾക്ക് മാത്രം 100 കോടി രൂപ വരുമെന്നാണ്. ടെലിവിഷൻ, റേഡിയോ ചാനലുകൾ നൽകിയ പരസ്യങ്ങൾക്ക് 200 കോടിയും. മൊത്തം 300 കോടി. പാർട്ടി ഫണ്ടിൽ നിന്നല്ല ഈ തുക നൽകുന്നത്. പൊതുഖജനാവിൽ നിന്നാണ്. മാത്രമല്ല, ഭരണത്തിന്റെ അവസാന നാളുകളിലെ ഈ പരസ്യച്ചെലവുകൾ വഹിക്കേണ്ടത് അടുത്ത സർക്കാറുമാണ്.

പൊതുതിരഞ്ഞെടുപ്പായതിനാൽ കേന്ദ്രത്തിനു പുറമെ സംസ്ഥാന സർക്കാറുകളും നൽകുന്നുണ്ട് പൊതുഖജനാവിൽ നിന്ന് പണം ചെലവിട്ട് ഇത്തരം പരസ്യങ്ങൾ. ഭരണ നേട്ടങ്ങളാണ് പരസ്യങ്ങളിലൂടെ അവതരിപ്പിക്കുന്നത്. യഥാർഥത്തിൽ ഇത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒരു ഭാഗമാണ്. വോട്ടർമാരെ സ്വാധീനിക്കുകയാണ് ലക്ഷ്യം. കക്ഷിയടിസ്ഥാനത്തിലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തമ്മിൽ ഏറ്റമുട്ടുന്ന ഒരു തിരഞ്ഞെടുപ്പിൽ ഭരിക്കുന്ന കക്ഷിക്കു മാത്രം ഈ സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നതിന്റെ ന്യായീകരണമെന്താണ്. ഇത് നീതീകരിക്കത്തക്കതാണോ? ജനതാത്പര്യാർഥമെന്ന അവകാശ വാദത്തിൽ സർക്കാറുകൾ നടപ്പാക്കുന്ന പദ്ധതികൾ പലപ്പോഴും ജനങ്ങക്ക് ദുരിതമായിരിക്കും വരുത്തിവെക്കുക. എന്നിട്ടും പരസ്യങ്ങളിൽ വ്യാജ കണക്കുകളും അവകാശവാദങ്ങളും ഉന്നയിച്ച് നേട്ടമായി അവതരിപ്പിച്ച് ആട്ടിനെ പട്ടിയാക്കുന്ന പ്രവണത തുടർന്നു കൊണ്ടിരിക്കുന്നു. നോട്ട് നിരോധത്തെ വിപ്ലവകരമായ പരിഷ്‌കരണ നടപടിയാണെന്ന് അവകാശപ്പെട്ട് മോദി സർക്കാർ ഒട്ടനവധി പരസ്യങ്ങൾ നൽകി. എന്നാൽ ഇത് ഭീമൻ അബദ്ധമായിപ്പോയെന്ന് സ്ഥിതി വിവരക്കണക്കുകൾ അടിസ്ഥാനപ്പെടുത്തി സാമ്പത്തി വിദഗ്ധരും റിസർവ് ബേങ്ക് ഓഫ് ഇന്ത്യയും സമർഥിക്കകയുണ്ടായി. കടുത്ത സാമ്പത്തിക മാന്ദ്യവും വികസന രംഗത്ത് പിറകോട്ടടിയുമായിരുന്നു നോട്ട്‌നിരോധത്തിന്റെ അനന്തര ഫലം. ജനജീവിതത്തെ ഏറെ പ്രതികൂലമായി ബാധിക്കുകയും കഷ്ടത്തിലാക്കുകയും ചെയ്ത ഈ തുഗ്ലക്ക് പരിഷ്‌കാരം വൻനേട്ടമായിരുന്നുവെന്ന് വരുത്തിത്തീർക്കാനായി ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് പരസ്യം നൽകുന്നത് എത്രമാത്രം വിരോധാഭാസമല്ല?

ഭരണ നേട്ടങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള മാധ്യമപരസ്യങ്ങളിൽ ബി ജെ പി സർക്കാറാണ് മുൻപന്തിയിൽ. 2014 ജൂണിൽ അധികാരത്തിലേറിയതു മുതൽ 2018 ജനുവരി വരെയുളള മൂന്നര വർഷത്തിനിടെ പരസ്യത്തിനായി മോദി സർക്കാർ 5,000 കോടി രൂപ ചെലവിട്ടതായി പരിസ്ഥിതി സംരക്ഷണ പ്രവർത്തകൻ രാംവീർ തൻവാറിന് വിവരാവകാശ നിയമ പ്രകാരം നൽകിയ മറുപടിയിൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വെളിപ്പെടുത്തുന്നു. യു പി എ സർക്കാർ അധികാരത്തിലിരുന്ന പത്ത് വർഷത്തിൽ പരസ്യത്തിന് ചെലവിട്ട തുകക്ക് തുല്യമാണിത്. ഇതനുസരിച്ച് പ്രതിവർഷം പരസ്യത്തിന് വിനിയോഗിച്ച തുക 1250 കോടി വരും. വാജ്പയിയുടെ നേതൃത്വത്തിലുളള എൻ ഡി എ സർക്കാർ ഈയിനത്തിൽ 1202 കോടിയാണ് പ്രതിവർഷം ചെലവിട്ടത്. അതേസമയം യു പി എ ഭരണത്തിൽ ഇത് 504 കോടി രൂപയായിരുന്നു. പരസ്യങ്ങൾക്ക് സഹസ്രകോടികൾ ചെലവിടുമ്പോൾ പരിസ്ഥിതി സംരക്ഷണം പോലുള്ള പ്രവർത്തനങ്ങൾക്ക് സർക്കാറുകൾ ചെലവിടുന്നത് ഇതിനേക്കാൾ വളരെ കുറഞ്ഞ തുകയാണെന്ന് രാംവീർ തൻവാർ ചൂണ്ടിക്കാട്ടുന്നു.
ജനക്ഷേമ പ്രവർത്തനങ്ങളും വികസന പദ്ധതികളും നടപ്പാക്കാനാണ് ജനങ്ങൾ ഒരു പാർട്ടിയെ, മുന്നണിയെ അധികാരത്തിലേറ്റുന്നത്. അവ യഥാവിധി നടപ്പാക്കിയാൽ അതിന്റെ ഗുണങ്ങൾ നാട്ടിലും ജനജീവിതത്തിലും പ്രതിഫലിക്കും. ഇതുവഴിയായിരിക്കണം ഒരു ഭരണകൂടത്തിന്റെയും ഭരണനായകന്റെയും മികവും തികവും ജനങ്ങൾ മനസ്സിലാക്കേണ്ടത്.

അതോടെ അവരുടെ ജനപ്രീതി വർധിക്കുകയും മാധ്യമ പരസ്യങ്ങളില്ലാതെ തന്നെ ജനം അവരെ വീണ്ടും അധികാരത്തിലേറ്റുകയും ചെയ്യും. ജനോപകാര പ്രദമായ പ്രവർത്തനങ്ങളും വാഗ്ദത്ത പദ്ധതികളുടെ പ്രയോഗവത്കരണവും ചൂണ്ടിക്കാണിക്കാനില്ലാതെ വരുമ്പോഴാണ് ഇല്ലാത്ത അവകാശവാദങ്ങളുമായി മാധ്യമങ്ങളിൽ പരസ്യങ്ങൾ നൽകേണ്ടി വരുന്നത്. ഇത് ജനവഞ്ചനയാണ്. ജനാധിപത്യത്തിന്റെ അന്തസ്സത്തക്ക് നിരക്കാത്തതാണ്.

Latest