പാക് എഫ് 16 പൈലറ്റിനെ തദ്ദേശീയര്‍ മര്‍ദിച്ചു; മരിച്ചിരിക്കാന്‍ സാധ്യത- പ്രതിരോധ മന്ത്രി

Posted on: March 13, 2019 3:29 pm | Last updated: March 13, 2019 at 3:36 pm

ന്യൂഡല്‍ഹി: വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ മിഗ് 21 ബൈസണ്‍ വെടിവച്ചിട്ട പാക് എഫ് 16 വിമാനത്തിലെ പൈലറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യന്‍ സൈന്യത്തിന് അറിയാമെന്ന് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. പാക്കിസ്ഥാനിലെ പ്രാദേശിക ജനങ്ങളുടെ മര്‍ദനമേറ്റ പൈലറ്റ് ആശുപത്രിയില്‍ മരിച്ചിരിക്കാനാണ് സാധ്യതയെന്ന് അവര്‍ പറഞ്ഞു. എന്നാല്‍, ഇതുസംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ പ്രതിരോധ മന്ത്രി തയാറായില്ല.

വിമാനവും പൈലറ്റും നഷ്ടപ്പെട്ട കാര്യം പാക്കിസ്ഥാന്‍ സമ്മതിക്കില്ല. കാര്‍ഗില്‍ യുദ്ധത്തില്‍ തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടപ്പോഴും സമ്മതിക്കാന്‍ അവര്‍ തയാറായിരുന്നില്ല.
പാക് സൈന്യത്തിന്റെ കസ്റ്റഡിയില്‍ മാനസിക പീഡനത്തിന് വിധേയനായെങ്കിലും അഭിനന്ദന്റെ ഇച്ഛാശക്തി ഉയര്‍ന്നതായിരുന്നുവെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. കഠിനമായ അവസ്ഥകളിലൂടെ കടന്നുപോകുമ്പോഴും ശാന്തചിത്തനായിരുന്നു അഭിനന്ദന്‍. ഇത്തരം സാഹചര്യങ്ങളെ നേരിടാന്‍ അദ്ദേഹം പരിശീലനം നേടിയിട്ടുണ്ട്. തന്റെ ഉത്തരവാദിത്തം അഭിനന്ദന്‍ നിര്‍വഹിക്കുകയും ചെയ്തു.