ഡൽഹി കടന്നാൽ ലോകകപ്പ്; അഞ്ചാം ഏകദിനം ഇന്ന്

Posted on: March 13, 2019 9:26 am | Last updated: March 13, 2019 at 12:37 pm

ന്യൂഡൽഹി: തികഞ്ഞ ബൗളിംഗ് പരാജയത്തിന്റെ പടുകുഴിയിൽ നിന്ന്, കൈപ്പിടിയിൽ നിന്ന് വഴുതിയകന്ന പരമ്പര സ്വന്തമാക്കാൻ ആസ്‌ത്രേലിയക്കെതിരെ ഇന്ന് ഇറങ്ങുകയാണ് ടീം ഇന്ത്യ. ന്യൂഡൽഹിയിലെ ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയത്തിൽ ഇന്നിറങ്ങുമ്പോൾ ജയം മാത്രമാണ് ഇന്ത്യയും ഓസീസും പ്രതീക്ഷിക്കുന്നത്. രണ്ട് കളികൾ വീതം ജയിച്ച് തുല്യത പുലർത്തുന്ന ടീമുകൾക്ക് ഇത് നിർണായക മത്സരമാണ്.

പരമ്പരയുടെ ഫൈനൽ എന്ന് വിശേഷിപ്പിക്കാവുന്ന മത്സരം ലോകകപ്പിന് മുമ്പ് കരുത്താർജിക്കാനുള്ള കളി കൂടിയാണ്. ഓസീസിനെ സംബന്ധിച്ച് സ്വന്തം മണ്ണിൽ ഇന്ത്യയിൽ നിന്ന് നേരിട്ട പരമ്പര നഷ്ടത്തിനുള്ള മധുരപ്രതികാരം കൂടിയാകും ഇന്നത്തെ ജയം.
ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച കോഹ്്ലിയും സംഘവും അനായാസം പരമ്പര സ്വന്തമാക്കുമെന്ന് കരുതിയെങ്കിലും ശക്തമായ തിരിച്ചുവരവാണ് ഓസീസ് നടത്തിയത്. മൂന്നും നാലും ഏകദിനങ്ങളില്‍ ഇന്ത്യയെ തകര്‍ത്തുവിട്ട് കംഗാരുക്കൾ അവസാന കളി നിര്‍ണായകമാക്കി മാറ്റി.

പക്ഷേ, മികച്ച ഫോമിലായിരുന്ന ഇന്ത്യ അവസാന രണ്ട് ഏകദിനങ്ങളിൽ പരാജയം ചോദിച്ചുവാങ്ങിയെങ്കിലും അഞ്ചാം മത്സരത്തിൽ ആസ്‌ത്രേലിയക്ക് കാര്യങ്ങൾ അത്ര എളുപ്പമൊന്നുമാകില്ല. കണക്കിലെ കളി അങ്ങനെയാണ്. കോഹ്‌ലിക്ക് കീഴിൽ കളിച്ച 12 ദ്വിരാഷ്ട്ര പരമ്പരകളിൽ പതിനൊന്നിലും വിജയം ഇന്ത്യക്കായിരുന്നു. പരമ്പരയിലെ വിധി നിർണയിക്കുന്ന മത്സരം ജയിക്കുന്ന ചരിത്രം പരിശോധിച്ചാലും ഇന്ത്യക്ക് തന്നെയാണ് സാധ്യത. മുംബൈയിൽ ദക്ഷിണാഫ്രിക്കയോട് നേരിട്ട പരാജയം മാറ്റിനിർത്തിയാൽ ഹോംഗ്രൗണ്ടിൽ നടന്ന നിർണായക മത്സരങ്ങളെല്ലാം നേടിയത് കോഹ്‌ലിയുടെ ടീമാണ്. രാജ്യത്തിന് പുറത്തുണ്ടായ പരാജയം ഇംഗ്ലണ്ടിനെതിരെയുള്ളത് മാത്രമാണ്.

സ്പിന്നർമാരെ വിശ്വസിക്കാൻ പറ്റില്ല
ഇന്ത്യൻ സ്പിന്നർമാരെ സംബന്ധിച്ച് പരാജങ്ങളുടെ വർഷമാണ് ഇത്. ഇവരുടെ നിരാശാജനകമായ പ്രകടനമാണ് ആസ്‌ത്രേലിയക്കെതിരായ അവസാന രണ്ട് ഏകദിന മത്സരങ്ങൾ നഷ്ടപ്പെടാൻ ഇടയാക്കിയതും. കഴിഞ്ഞ വർഷം നേട്ടങ്ങളുടേതായിരുന്നെങ്കിൽ പുതിയ സീസണിൽ വിക്കറ്റിന് വേണ്ടി വിയർപ്പൊഴുക്കേണ്ട അവസ്ഥയിലാണ് ഇന്ത്യൻ സ്പിന്നർമാർ. വിക്കറ്റില്ലെങ്കിലും റണ്ണൊഴുക്കിന് തടയിടാൻ പോലും അവർക്ക് കഴിയുന്നില്ല. ലോകകപ്പ് അടുക്കുമ്പോൾ ഇന്ത്യയെ കുഴക്കുന്ന പ്രധാന വെല്ലുവിളിയും ഇതാണ്. ഈ വർഷം ആറ് മാച്ചുകൾ കളിച്ച സ്പിന്നർ രവീന്ദ്ര ജഡേജയുടെ സമ്പാദ്യം മൂന്ന് വിക്കറ്റുകൾ മാത്രമാണ്. സ്‌ട്രൈക്ക് റേറ്റാകട്ടെ 118ഉം. പത്ത് മത്സരങ്ങൾ നേരിട്ട കേദാർ ജാദവ് 56.4 സ്‌ട്രൈക്ക് റേറ്റിൽ നേടിയത് അഞ്ച് വിക്കറ്റുകൾ മാത്രം.

ആസ്‌ത്രേലിയക്കെതിരെ മൊഹാലിയിൽ നടന്ന നാലാം ഏകദിനത്തിൽ ഇന്ത്യൻ സ്പിന്നർമാർ മാത്രം വിട്ടുനൽകിയത് 188 റൺസായിരുന്നു. 25 ഓവറുകളാണ് ക്യാപ്റ്റൻ കോഹ്‌ലി അവരെ കൊണ്ട് പന്തെറിയിച്ചത്. ഓസീസ് മിഡിൽ ഓർഡർ ബാറ്റ്‌സ്മാന്മാർ അവരെ ശരിക്കും പരീക്ഷിക്കുകയും ചെയ്തു. മിഡിൽ ഓവറുകളിൽ കോഹ്‌ലിയുടെ തുറുപ്പ് ചീട്ടായിരുന്നു കുൽദീപ് യാദവ്.

പക്ഷേ, 64 റൺസ് വിട്ടുനൽകി ഒരു വിക്കറ്റ് മാത്രമാണ് കുൽദീപ് നേടിയത്. റാഞ്ചിയിലെ മൂന്നാം ഏകദിനത്തിലും 64 റൺസ് തന്നെ വിട്ടുനൽകിയ കുൽദീപ് മൂന്ന് വിക്കറ്റ് നേടിയിരുന്നു. മറ്റൊരു സ്പിന്നർ ചാഹൽ മൊഹാലിയിൽ ദാനം ചെയ്തത് 80 റൺസാണ്. നേടിയത് ഒറ്റ വിക്കറ്റും.

ആത്മവിശ്വാസത്തിന് ഈ കിരീടം
മെയ് അവസാനം ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ഐ സി സി ഏകദിന ലോകകപ്പില്‍ ആത്മവിശ്വാസത്തോടെ ഇറങ്ങാന്‍ ഇന്ത്യക്ക് ഓസീസിനെതിരായ പരമ്പര ജയം കൂടിയേതീരൂ. ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് വേറെ അന്താരാഷ്ട്ര ഏകദിന മത്സരം വേറെയില്ല എന്നത് തന്നെയാണ് കാരണം. ഈ മാസം 23ന് ഐ പി എല്‍ മത്സരം ആരംഭിക്കുന്നതിനാല്‍ ലോകകപ്പിന് മുമ്പ് ഇന്ത്യ മറ്റു പരമ്പരകളൊന്നും കളിക്കുന്നില്ല.
ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാമെന്നതില്‍ ഇന്ത്യയും ഓസീസും ഒരുപോലെ കടുത്ത സമ്മര്‍ദ്ദത്തിലാണ്. ആദ്യ രണ്ട് മത്സരവും നേടി ലീഡുമായി നിന്ന് ഇന്ത്യയെ തുടരെ രണ്ട് കളികളിൽ വീഴ്ത്തിയ ആത്മവിശ്വാസവുമായാകും പക്ഷേ ഓസീസ് ഇറങ്ങുക. അഞ്ചാം ഏകദിനവും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ആ ആത്മവിശ്വാസം തന്നെ ധാരളം.
മൂന്ന്, നാല് മാച്ചുകൾ കൈവിട്ട ഇന്ത്യ പ്രതിരോധത്തിലാകുന്ന കാരണങ്ങള്‍ ഏറെയാണ്. നാലാം ഏകദിനത്തില്‍ 350ന് മുകളില്‍ സ്‌കോര്‍ ചെയ്‌തെങ്കിലും ഇന്ത്യയുടെ ബാറ്റിംഗ് നിര ഇതുവരെ സ്ഥിരത കൈവരിച്ചിട്ടില്ല. ക്യാപ്റ്റന്‍ വിരാട് കോഹ്്ലിയല്ലാതെ ഇന്ത്യന്‍ നിരയിൽ സ്ഥിരത കാഴ്ചവെച്ച താരം വേറെയില്ല. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും മൊഹാലിയിൽ മാത്രമാണ് പ്രതീക്ഷക്കൊത്തുയര്‍ന്നത്. മധ്യനിരയില്‍ വിശ്വ സിക്കാൻ പറ്റിയ ആരുമില്ല. വിജയ് ശങ്കറിൽ അൽപ്പം പ്രതീക്ഷ ബാക്കിയുണ്ട്. ബാറ്റിംഗ് നിര കണ്ടറിഞ്ഞ് ഉണർന്നില്ലെങ്കിൽ ഫിറോസ് ഷാ കോട്്ലയിൽ ഇന്ത്യ തലകുനിക്കും.

ധോണിയുടെ അഭാവമാണ് ഇന്നിറങ്ങുന്പോൾ ഇന്ത്യക്ക് തിരിച്ചടിയാകുന്ന മറ്റൊരു കാര്യം. ധോണിക്ക് വിശ്രമം അനുവദിച്ച അവസാന രണ്ട് കളികളാണ് ഇന്ത്യക്ക് നഷ്ടമായത്. ധോണിയുടെ അഭാവത്തില്‍ സ്റ്റന്പിന് പിന്നിലെത്തിയ ഋഷഭ് പന്തിന്റെ പിഴവുകളാണ് നാലാം ഏകദിനത്തില്‍ ഇന്ത്യന്‍ തോല്‍വിയുടെ മുഖ്യ കാരണമായി വിലയിരുത്തുന്നത്. ഏതാനും നിർണായക സ്റ്റംപിഗ് അവസരങ്ങളും ക്യാച്ചുകളും പന്ത് നഷ്ടപ്പെടുത്തിയിരുന്നു. നാലാം ഏകദിനത്തിലെ പിഴവുകളുടെ പേരില്‍ കടുത്ത വിമര്‍ശനം പന്ത് നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ സമ്മർദം കൂടി അതിജീവിക്കണം ഇന്ന് കളിക്കാനിറങ്ങുന്പോൾ ഋഷഭ് പന്ത്.
ധോണിയെന്ന വിക്കറ്റ് കീപ്പറെ മാത്രമല്ല നായകനെയും ഇന്ത്യ മിസ്സ് ചെയ്യുന്നുണ്ട്. കളിക്കളത്തില്‍ പലപ്പോഴും ബൗളര്‍മാർക്ക് ധോണി നൽകുന്ന നിര്‍ണായക നിര്‍ദേശങ്ങള്‍ കളിയുടെ ഗതി തന്നെ മാറ്റിമറിക്കാറുണ്ട്. ധോണിയുടെ അഭാവം കോഹ്്ലിയെ സമ്മർദത്തിലാക്കും.

ധോണിയെ വാഴ്ത്തി മുൻ നായകൻ ബിഷൻ സിംഗ് ബേദി രംഗത്തെത്തിയിരുന്നു. ധോണി ഇന്ത്യൻ ടീമിന്റെ അർധ നായകൻ എന്നായിരുന്നു ബേദിയുടെ പുകഴ്ത്തൽ. തുടർച്ചയായ രണ്ട് തോൽവികളുടെ പശ്ചാത്തലത്തിലായിരുന്നു ഈ പ്രസ്താവന.

“ലോകകപ്പ് നേടാനും
ഓസീസിന് ഈ ടീം മതി’
ന്യൂഡൽഹി: നിലവിലുള്ള ടീമുമായി ലോകകപ്പ് നേരിടാൻ ആത്മവിശ്വാസമുണ്ടെന്ന് ആസ്‌ത്രേലിയൻ വൈസ് ക്യാപ്റ്റൻ അലക്‌സ് കാരി. നിലവിലെ ചാമ്പ്യന്മാർ എന്ന നിലയിൽ ലോകകപ്പിനെ അഭിമുഖീകരിക്കാൻ ഇതേ ടീം തന്നെ മതിയാകും. കഴിഞ്ഞ 12-18 മാസമായി ടീം കഠിന പ്രയത്‌നത്തിലാണ്.

ഇടക്കുണ്ടായ നിറംമങ്ങൽ ഇന്ത്യക്കെതിരെ കഴിഞ്ഞ രണ്ട് തുടർജയങ്ങളിലൂടെ മറികടക്കാൻ സാധിച്ചിട്ടുണ്ട്. വിജയങ്ങൾ ഞങ്ങളുടെ വഴിക്ക് വന്നുതുടങ്ങിയിട്ടുണ്ട്. ലോകകപ്പിനൊരുങ്ങുമ്പോൾ വലിയ ആത്മവിശ്വാസമാണ് ടീമിന് ഈ വിജയങ്ങൾ നൽകുന്നത്. ടീമിലേക്ക് രണ്ട് വലിയ താരങ്ങൾ (സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ) കൂടി വരാനുണ്ട്. അവരുടെ കൂടി കഠിന പ്രയത്‌നം ടീമിനെ അത്ഭുതങ്ങൾ പ്രവർത്തിപ്പിക്കുമെന്നും അലക്‌സ് കാരി പറഞ്ഞു.
ഐ സി സി വിലക്ക് നേരിടുന്ന സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ അഭാവത്തിലെത്തിയ ആസ്‌ട്രേലിയക്ക് ഇന്ത്യക്കെതിരെ തീരെ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നില്ല. എന്നാല്‍, ആള്‍റൗണ്ട് പ്രകടനത്തിലൂടെ അതിഥികൾ ആതിഥേയരെ ഞെട്ടിച്ചു. ആദ്യം നടന്ന ടി20 പരമ്പരയിൽ ഇന്ത്യയെ 2-0ത്തിന് വീഴ്ത്തിയാണ് ഓസീസ് പര്യടനം തുടങ്ങിയത്. രണ്ട് മത്സരങ്ങളിൽ തോറ്റ ശേഷം രണ്ട് മത്സരങ്ങൾ തുടരെ ജയിച്ച് തിരിച്ചുവരവിന്റെ പാതയിലാണ് ഓസീസ്.

ബാറ്റിംഗിൽ ഉസ്മാന്‍ ഖ്വാജ, പീറ്റര്‍ ഹാന്‍ഡ്‌സോംബ് എന്നിവര്‍ സ്ഥിരതയോടെ കളിക്കുന്നു. ഗ്ലെന്‍ മാക്‌സ്‌വെല്‍, കഴിഞ്ഞ കളിയിലെ ഹീറോ ആഷ്ടണ്‍ ടേര്‍ണര്‍ എന്നിവരും മികച്ച ഫോമിലാണ്. ബൗളിംഗില്‍ ജെ റിച്ചാര്‍ഡ്‌സന്‍, പാറ്റ് കമ്മിന്‍സ്, ആദം സാന്പ എന്നിവരും ഇന്ത്യയെ ഞെട്ടിക്കാൻ പോന്നവരാണ്. ഫീല്‍ഡിഗിലും നഷ്ടപ്രതാപം വീണ്ടെടുത്ത് ഊർജസ്വലരാകുകയാണ് ഓസീസ് ടീം.

സാധ്യതാ ടീം
ഇന്ത്യ– വിരാട് കോഹ്്ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, ഋഷഭ് പന്ത്, കേദാര്‍ ജാദവ്, വിജയ് ശങ്കര്‍, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ.

ആസ്ത്രേലിയ– ആരോണ്‍ ഫിഞ്ച്, ഉസ്മാന്‍ ഖ്വാജ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍ഡ്‌സോംബ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ആഷ്ടണ്‍ ടേര്‍ണര്‍, അലെക്‌സ് കാരി, ജൈ റിച്ചാര്‍ഡ്‌സന്‍, പാറ്റ് കമ്മിന്‍സ്, ജാസണ്‍ ബെറന്‍ഡോര്‍ഫ്, ആദം സാംപ.