Connect with us

Education

എസ് എസ് എൽ സി പരീക്ഷ ഇന്ന് ആരംഭിക്കും

Published

|

Last Updated

തിരുവനന്തപുരം: എസ് എസ് എൽ സി, ടി എച്ച് എസ് എൽ സി, എ എച്ച് എസ് എൽ സി പരീക്ഷകൾ ഇന്ന് ആരംഭിക്കും. 28 വരെയാണ് പരീക്ഷ. സംസ്ഥാനത്ത് 2,923 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ ഒമ്പത് കേന്ദ്രങ്ങളിലുമായി 4,35,142 വിദ്യാർഥികളാണ് റഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതുന്നത്.
2,22,527 ആൺകുട്ടികളും 2,12,615 പെൺകുട്ടികളുമാണ് ഉന്നത വിദ്യാഭ്യാസ യോഗ്യത തേടി ഇന്ന് മുതൽ പരീക്ഷാഹാളിലെത്തുന്നത്. സർക്കാർ സ്‌കൂളുകളിലെ 1,42,033 കുട്ടികളും എയ്ഡഡ് സ്‌കൂളുകളിലെ 2,62,125 കുട്ടികളും അൺ എയ്ഡഡ് സ്‌കൂളുകളിലെ 30,984 കുട്ടികളും പരീക്ഷയെഴുതും. ഗൾഫ് മേഖലയിൽ 495 കുട്ടികളും ലക്ഷദ്വീപ് മേഖലയിൽ 682 പേരും പരീക്ഷയെഴുതുന്നവരിൽ ഉൾപ്പെടും. ഇവർക്കു പുറമേ പ്രൈവറ്റ് വിഭാഗത്തിൽ ന്യൂ സ്‌കീമിൽ (പി സി എൻ) 1,867 പേരും ഓൾഡ് സ്‌കീമിൽ (പി സി ഒ) 333 പേരും പരീക്ഷ എഴുതും.

മലപ്പുറത്താണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്നത്, 27,436 പേർ. ഏറ്റവും കുറച്ച് പേർ പരീക്ഷ എഴുതുന്നത് കുട്ടനാട്ടിലാണ്, 2,114 പേർ. ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്ന കേന്ദ്രം തിരൂരങ്ങാടിയിലെ എടരിക്കോട് പി കെ എം എം എച്ച് എസ് ആണ്. 2,411 പേർ. ഏറ്റവും കുറച്ച് വിദ്യാർഥികൾ പരീക്ഷക്ക് ഹാജരാകുന്നത് തിരുവല്ലയിലെ പെരിങ്ങര ഗവൺമെന്റ് ഗേൾസ് എച്ച് എസിലാണ്. രണ്ട് പേർ. ടി എച്ച് എസ് എൽ സി വിഭാഗത്തിൽ ഇത്തവണ 48 പരീക്ഷാ കേന്ദ്രങ്ങളിലായി 3,212 പേരാണ് പരീക്ഷയെഴുതുന്നത്. 2,957 ആൺകുട്ടികളും 255 പെൺകുട്ടികളും. എ എച്ച് എസ് എൽ സി വിഭാഗത്തിൽ ഒരു പരീക്ഷാകേന്ദ്രമാണുള്ളത്. ചെറുതുരുത്തി കലാമണ്ഡലം ആർട്ട് ഹയർ സെക്കൻഡറി സ്‌കൂൾ. 82 പേരാണ് ഇവിടെ പരീക്ഷയെഴുതുന്നത്. എസ് എസ് എൽ സി (ഹിയറിംഗ് ഇംപയേർഡ്) വിഭാഗത്തിൽ 29 പരീക്ഷാ കേന്ദ്രങ്ങളിലായി 284 പേരും ടി എച്ച് എസ് എൽ സി (ഹിയറിംഗ് ഇംപയേർഡ്) വിഭാഗത്തിൽ ഒരു പരീക്ഷ കേന്ദ്രത്തിൽ 14 പേരും പരീക്ഷയെഴുതും.
സംസ്ഥാനത്ത് 54 കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകളിലായി ഉത്തരക്കടലാസുകളുടെ മൂല്യനിർണയം അടുത്തമാസം അഞ്ച് മുതൽ മേയ് രണ്ട് വരെ രണ്ട് ഘട്ടങ്ങളിലായി നടക്കും. ആദ്യഘട്ടം ഏപ്രിൽ അഞ്ചിന് ആരംഭിച്ച് 13ന് അവസാനിക്കും. രണ്ടാം ഘട്ടം 25ന് ആരംഭിക്കും.

മൂല്യനിർണയ ക്യാമ്പുകളിലേക്കുള്ള ചീഫ് എക്‌സാമിനർമാരുടെയും അസിസ്റ്റന്റ് എക്‌സാമിനർമാരുടെയും നിയമന ഉത്തരവുകൾ ഈ മാസം 29 മുതൽ പരീക്ഷാഭവന്റെ വെബ്‌സൈറ്റിൽ ലഭിക്കും. കേന്ദ്രീകൃത മൂല്യനിർണയത്തിന് മുന്നോടിയായുള്ള സ്‌കീം ഫൈനലൈസേഷൻ ക്യാമ്പുകൾ ഏപ്രിൽ രണ്ട്, മൂന്ന് തീയതികളിൽ സംസ്ഥാനത്തെ 12 സ്‌കൂളുകളിലായി നടക്കും.

---- facebook comment plugin here -----

Latest