തൃണമൂല്‍ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു; 41 ശതമാനം വനിതാ പ്രാതിനിധ്യം

Posted on: March 12, 2019 11:21 pm | Last updated: March 12, 2019 at 11:21 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടികയില്‍ 41 ശതമാനത്തോളം വനിതകള്‍. 42 ലോക്‌സഭാ സീറ്റുകളിലേക്കുള്ള പട്ടികയില്‍ 17 വനിതകളാണ് ഇടംനേടിയത്. നിലവിലെ പത്ത് എം പിമാരെ ഒഴിവാക്കിയുള്ള പട്ടികയാണ് പാര്‍ട്ടി അധ്യക്ഷ മമത ബാനര്‍ജി പ്രഖ്യാപിച്ചത്.

കഴിഞ്ഞ തവണ ബാങ്കുറ മണ്ഡലത്തില്‍ സി പി എം നേതാവ് ബസുദേവ് ആചാര്യയെ തറപറ്റിച്ച സിനിമാ താരം മൂണ്‍ മൂണ്‍ സെന്‍ ഇപ്രാവശ്യം അസന്‍സോളില്‍ മത്സരിക്കും. നടിമാരായ ശതാബ്ദി റോയി (ബിര്‍ബും), മിമി ചക്രവര്‍ത്തി (ജാദവ്പൂര്‍), നുസ്‌റത്ത് ജഹാന്‍ (ബസിര്‍ഹാത്) എന്നിവരും മത്സര രംഗത്തുണ്ട്.

ദേശീയ ഫുട്‌ബോള്‍ ടീമിന്റെ മുന്‍ നായകന്‍ പ്രസൂണ്‍ ബാനര്‍ജി ഹൗറയില്‍ നിന്ന് വീണ്ടും മത്സരിക്കും. ഒഡിഷ, അസം, ഝാര്‍ഖണ്ഡ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ ചില മണ്ഡലങ്ങളിലും ആന്‍ഡമാനിലും പാര്‍ട്ടി മത്സരിക്കുമെന്ന് സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി മാധ്യമങ്ങളോടു സംസാരിക്കവെ മമത ബാനര്‍ജി വ്യക്തമാക്കി.