കോണ്‍ഗ്രസ് നേതാവ് എം എന്‍ കുഞ്ഞിമുഹമ്മദ് ഹാജിക്ക് നേരെ യൂത്ത് ലീഗ് കൈയേറ്റ ശ്രമം

Posted on: March 12, 2019 10:25 pm | Last updated: March 12, 2019 at 10:25 pm
SHARE

തിരൂരങ്ങാടി: കെ പി സി സി മെമ്പറും ഡി സി സി മുന്‍ ട്രഷററുമായ എം എന്‍ കുഞ്ഞിമുഹമ്മദ് ഹാജിക്ക് നേരെ യൂത്ത് ലീഗുകാരുടെ കൈയേറ്റ ശ്രമം. ചൊവ്വാഴ്ച രാവിലെ പതിനൊന്നിന് വെന്നിയൂരിലാണ് സംഭവം.
സംഭവത്തെക്കുറിച്ച് കുഞ്ഞിമുഹമ്മദ് ഹാജി പറയുന്നത് ഇങ്ങനെ: വളാഞ്ചേരിയില്‍ പോയി മടങ്ങി വരുമ്പോള്‍ വെന്നിയൂരിലുള്ള സുഹൃത്തിന്റെ വീട്ടില്‍ കയറിയതായിരുന്നു. തിരൂരങ്ങാടി സംയുക്ത മഹല്ല് ജമാഅത്തിന്റെ മൂന്ന് ഭാരവാഹികളും അവിടെയുണ്ടായിരുന്നു. ഇന്ന് വഖ്ഫ് ബോര്‍ഡില്‍ നടക്കുന്ന കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് എത്തിയിരുന്നത്. അതിനിടെ പൊന്നാനി മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി വി അന്‍വര്‍ എം എല്‍ എ അവിടെ വോട്ടഭ്യര്‍ഥിച്ച് വരികയും ഞങ്ങളോട് വോട്ട് ചോദിച്ച് ഉടന്‍ തിരിച്ചുപോകുകയും ചെയ്തു.

അല്‍പ്പസമയത്തിന് ശേഷം ഞാന്‍ വീട്ടിലേക്ക് തിരിച്ചുപോകുമ്പോള്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരെന്ന് സ്വയം പരിചയപ്പെടുത്തി കുറേയാളുകള്‍ വന്ന് കാറിന് മുന്നില്‍ ഓട്ടോറിക്ഷ വിലങ്ങിട്ട് എന്നെ തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തു. 18 വര്‍ഷം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റും 14 വര്‍ഷം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായും 13 വര്‍ഷം ഡി സി സി ട്രഷററായും പ്രവര്‍ത്തിച്ചിട്ടുള്ള ഞാന്‍ നിലവില്‍ കെ പി സി സി മെമ്പറും തിരൂരങ്ങാടി നിയോജക മണ്ഡലം യു ഡി എഫ് തിരഞ്ഞെടുപ്പു കമ്മിറ്റി ചെയര്‍മാനുമാണ്. യു ഡി എഫ് സ്ഥാനാര്‍ഥി ഇ ടി മുഹമ്മദ് ബശീറിനെ വിജയിപ്പിക്കുകയും അതുവഴി കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവുമാണ് എന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

തന്നെ തടയുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തവര്‍ക്കെതിരെ എം എന്‍ കുഞ്ഞിമുഹമ്മദ് ഹാജി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം സ്വാഭാവിക സന്ദര്‍ശനം മാത്രമാണ് നടന്നിട്ടുള്ളതെന്നും മുതിര്‍ന്ന ഒരു നേതാവിനെ അതിന്റെ പേരില്‍ തേജോവധം ചെയ്യുന്നത് ശരിയല്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി നടപടി കൈക്കൊള്ളുമെന്നും മുസ്‌ലിം ലീഗുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here