അജ്മീര്‍ ഉറൂസില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി മുഖ്യാതിഥി

Posted on: March 12, 2019 9:52 pm | Last updated: March 13, 2019 at 9:12 am

ന്യൂഡല്‍ഹി: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ആത്മീയ മഹാസമ്മേളനങ്ങളിലൊന്നായ അജ്മീര്‍ ദര്‍ഗ ഉറൂസില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യാതിഥി. നാളെ ബുധനാഴ്ച രാജസ്ഥാനിലെ അജ്മീര്‍ ശരീഫില്‍ നടക്കുന്ന ഉറൂസ് മഹാസമ്മേളനത്തില്‍ കാന്തപുരം ഗരീബ് നവാസ് ഖാജാ മുഈനുദ്ധീന് ചിശ്തി അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്നു പ്രമുഖ പണ്ഡിതന്മാരുടെയും അജ്മീര്‍ ദര്‍ഗ ഭാരവാഹികളുടെയും നേതൃത്വത്തില്‍ ഗ്രാന്‍ഡ് മുഫ്തിയായി തിരഞ്ഞെടുക്കപ്പെട്ട കാന്തപുരത്തെ ആദരിക്കും.

ഖാജാ മുഈനുദ്ധീന് ചിശ്തിയുടെ അന്ത്യവിശ്രമ കേന്ദ്രമാണ് അജ്മീര്‍ ദര്‍ഗ. അദ്ദേഹത്തിന്റെ എണ്ണൂറ്റിഏഴാമത് ഉറൂസാണ് അജ്മീറില്‍ നടക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് വിശ്വാസികള്‍ ചടങ്ങുകളില്‍ സംബന്ധിക്കാന്‍ അജ്മീറില്‍ എത്തിയിട്ടുണ്ട്. ജാതിമത ഭേദമന്യേ തീര്‍ത്ഥാടകര്‍ വരുന്ന കേന്ദ്രം എന്ന നിലയില്‍ അജ്മീര്‍ ലോകപ്രശസ്തമാണ്.

ഉറൂസില്‍ സംബന്ധിക്കാന്‍ രാജസ്ഥാനില്‍ എത്തിയ കാന്തപുരത്തെ ദര്‍ഗ പ്രസിഡന്റ് അമീന്‍ പത്താന്‍, ദര്‍ഗ വൈസ് പ്രസിഡന്റ് ബാബര്‍ മിയ അഷ്റഫ് എന്നിവരുടെ നേതൃത്വത്തില്‍ അധികൃതര്‍ സ്വീകരിച്ചു.