Connect with us

National

നോട്ട് നിരോധനത്തെ ആർ ബി ഐ എതിർത്തിരുന്നു; വിവരാവകാശ രേഖ പുറത്ത്

Published

|

Last Updated

ന്യൂഡൽഹി: നോട്ടുനിരോധനത്തിന് റിസർവ് ബേങ്കിൽ നിന്ന് അനുകൂലമായ നിലപാട് ലഭിച്ചിരുന്നില്ലെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖ പുറത്ത്. നോട്ടുനിരോധനമെന്നത് പ്രശംസനീയമായ നീക്കമാണെങ്കിലും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ കുറച്ചുകാലം പ്രതികൂലമായി ബാധിക്കുമെന്ന് ആർ ബി ഐ മുന്നറിയിപ്പ് നൽകിയിരുന്നെന്ന് വ്യക്തമാക്കുന്ന രേഖയാണ് പുറത്തുവന്നത്.
കള്ളപ്പണത്തിൽ ഭൂരിപക്ഷവും സ്വർണമായോ, റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിന്റെ രൂപത്തിലോ ആണ്. അതുകൊണ്ട് അത്തരം സമ്പത്തിൽ നോട്ടുനിരോധനത്തിന് യാതൊരു പ്രതിഫലനവും സൃഷ്ടിക്കാനാവില്ലെന്നു വ്യക്തമാക്കുന്ന ആർ ബി ഐ യോഗത്തിന്റെ മിനുട്സ് രേഖയാണ് പുറത്തുവന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉയർന്ന മൂല്യമുള്ള നോട്ട് നിരോധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന്റെ രണ്ടര മണിക്കൂർ മുമ്പാണ് ആർ ബി ഐ ഈ യോഗം ചേർന്നത്. ഊർജിത് പട്ടേലായിരുന്നു ഈ സമയത്ത് ഗവർണർ. നിലവിലെ ഗവർണർ ശക്തികാന്ത ദാസ് ഡയറക്ടർ ആയിരുന്നു. നോട്ട് നിരോധനത്തിന് ആർ ബി ഐ അനുമതി നൽകിയെങ്കിലും നോട്ട് നിരോധിക്കാനുള്ള സർക്കാറിന്റെ ന്യായങ്ങളിൽ ബോർഡ് അംഗങ്ങൾ സംശയം പ്രകടിപ്പിച്ചിരുന്നുവെന്നതിന്റെ വ്യക്തമായ രേഖയാണിത്. സർക്കാർ വാദങ്ങളെ ചില ബോർഡ് അംഗങ്ങൾ പൂർണമായും തള്ളിയെന്നും രേഖകൾ വ്യക്തമാക്കുന്നുണ്ട്.

2016 നവംബർ എട്ടിനായിരുന്നു രാജ്യത്ത് 500, 1000 നോട്ടുകൾ അസാധുവായതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. അന്ന് വൈകീട്ട് അഞ്ചരക്കായിരുന്നു ആർ ബി ഐ യോഗം നടന്നത്. യോഗത്തിന്റെ മിനുട്സിൽ ഗവർണർ ഒപ്പിട്ടിരുന്നില്ല. ഡിസംബർ 15 നാണ് ഒപ്പിടുന്നത്. അതായത് നോട്ട് നിരോധനം കഴിഞ്ഞാണ് ആർ ബി ഐ ഔദ്യോഗികമായി അംഗീകാരം നൽകുന്നതെന്ന്. ആർ ബി ഐയുടെ 561 യോഗത്തിന്റെ മിനുട്‌സാണ് പുറത്തുവന്നത്. ആർ ടി ഐ ആക്ടിവിസ്റ്റായ വെങ്കിടേശ് നായകാണ് വിവരാവകാശ നിയമപ്രകാരം ഈ വിശദാംശങ്ങൾ തേടിയത്.പെട്രോൾ പമ്പുകളിലും മറ്റും മാറുന്ന പഴയ നോട്ടിന്റെ കാര്യത്തിലും കൃത്യമായ ഡാറ്റ ഇല്ലെന്നും ആർ ബി ഐ മറ്റൊരു മറുപടിയിൽ പറയുന്നുണ്ട്.

നിരോധിച്ച നോട്ടുകൾ ഏതാണ്ട് മുഴുവനും തിരികെ എത്തിയതായി ആർ ബി ഐയുടെ 2017-18 വർഷത്തെ റിപ്പോർട്ടിൽ പറയുന്നുണ്ട്. 15,417 ലക്ഷം കോടിയുടെ 500,1000 നോട്ടുകളായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്. ഇതിൽ 99.3 ശതമാനം നോട്ടുകൾ തിരികെ എത്തി.

---- facebook comment plugin here -----

Latest