Connect with us

Editorial

ശ്രീ ശ്രീ മധ്യസ്ഥത വഹിക്കുമ്പോൾ

Published

|

Last Updated

പതിറ്റാണ്ടുകളായി തുടരുന്ന ബാബരി തർക്കം പരിഹരിക്കുന്നതിന് മധ്യസ്ഥ സമിതിയെ നിയോഗിക്കാനുള്ള സുപ്രീം കോടതി തീരുമാനം മതേതര ഇന്ത്യ പ്രതീക്ഷയോടെയാണ് കേട്ടത്. മസ്ജിദിന്റെ സ്ഥലം സംബന്ധിച്ച തർക്കത്തിൽ നിഷ്പക്ഷവും നീതിപൂർവവുമായ ഒരു തീരുമാനത്തിന് ഇതു വഴിയൊരുക്കുമെന്ന് കരുതപ്പെട്ടു. എന്നാൽ മധ്യസ്ഥതക്കുള്ള അംഗങ്ങളുടെ പേര് പുറത്തു വന്നതോടെ ഈ പ്രതീക്ഷക്ക് മങ്ങലേറ്റിരിക്കുകയാണ്. മുൻ സുപ്രീം കോടതി ജഡ്ജി ഖലീഫുല്ല, മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചു എന്നിവർക്കു പുറമെ സമിതിയിലെ മൂന്നാമനായി കോടതി കണ്ടെത്തിയത് ജീവന കലയുടെ ആചാര്യൻ എന്നറിയപ്പെടുന്ന ശ്രീ ശ്രീ രവിശങ്കറിനെയാണ്. ഒരാഴ്ചക്കകം ചർച്ചകൾ ആരംഭിക്കണമെന്നും എട്ടാഴ്ചക്കകം പൂർത്തീകരിക്കണമെന്നുമാണ് കോടതി നിർദേശം. ഉത്തർ പ്രദേശിലെ ഫൈസാബാദായിരിക്കും ഒത്തുതീർപ്പ് ചർച്ചയുടെ വേദി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, അശോക് ഭൂഷൺ, അബ്ദുന്നസീർ, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബഞ്ചാണ് വിഷയം മധ്യസ്ഥതക്ക് വിട്ടത്.

മദ്രാസ് ഹൈക്കോടതി ജഡ്ജി, ജമ്മു കശ്മീർ ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസ,് 2012 ഏപ്രിൽ രണ്ട് മുതൽ 2016 ജൂലൈ 22 വരെ സുപ്രീം കോടതി ജഡ്ജി എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുളള തമിഴ്‌നാട് ശിവഗംഗയ് ജില്ലയിലെ കാരക്കുടി സ്വദേശിയായ ജസ്റ്റിസ് ഖലീഫുല്ല പ്രഗത്ഭനായ നിയമജ്ഞനാണ്. മുതിർന്ന അഭിഭാഷകനും അസോസിയേഷൻ ഓഫ് ഇന്ത്യൻ മീഡിയേറ്റേഴ്‌സ് പ്രസിഡന്റും ഇന്റർ നാഷനൽ മീഡിയേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ അഡ്വ. ശ്രീറാം പഞ്ചു മികച്ച മധ്യസ്ഥനായി അറിയപ്പെടുന്ന വ്യക്തിയുമാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ അസാമും നാഗാലാൻഡും ഉൾപ്പെടുന്ന ഭൂമി തർക്ക കേസിൽ മധ്യസ്ഥനായി സുപ്രീം കോടതി നിയോഗിച്ചത് ഇദ്ദേഹത്തെയായിരുന്നു. ഈ കാര്യങ്ങൾ പരിഗണിക്കുമ്പോൾ ഇവർ രണ്ട് പേരെയും സമിതിയിൽ ഉൾപ്പെടുത്തിയതിന്റെ സാംഗത്യം മനസ്സിലാകുന്നുണ്ട്. എന്നാൽ മജ്‌ലിസേ ഇത്തിഹാദുൽ മുസ്‌ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസി അഭിപ്രായപ്പെട്ടതു പോലെ “ബാബരി തർക്കത്തിൽ മുസ്‌ലിം സമുദായം അവരുടെ അവകാശം ഉപേക്ഷിക്കണമെന്നും ഇല്ലെങ്കിൽ സിറിയയിലെന്നപോലെ ഇന്ത്യയിൽ ഒരു ആഭ്യന്തരയുദ്ധമുണ്ടായേക്കാമെന്നും” പ്രകോപനപരമായ പ്രസ്താവന വഴി തന്റെ സംഘ്പരിവാർ വിധേയത്വം പരസ്യമായി പ്രകടമാക്കിയ ശ്രീ ശ്രീ രവിശങ്കറിന് ഈ പ്രശ്‌നത്തിൽ മധ്യസ്ഥത വഹിക്കാനുള്ള അർഹതയെന്തെന്ന് മനസ്സിലാകുന്നില്ല.

മത, ജാതി വിഭാഗീയതയില്ലാത്ത സ്‌നേഹത്തിന്റെയും സേവനത്തിന്റെയും വക്താവെന്ന് അവകാശപ്പെടുന്ന രവിശങ്കറിന് കൃത്യമായ രാഷ്ട്രീയ അജൻഡയും ഹിന്ദുത്വ മുഖവുമുണ്ട്. ബാബരി പ്രശ്‌നത്തിലെ അദ്ദേഹത്തിന്റെ മേൽപ്രസ്താവനയെ ദി ഇക്കണോമിസ്റ്റ് എന്ന ബ്രിട്ടീഷ് മാസിക വിലയിരുത്തിയതിങ്ങനെയായിരുന്നു. “ആർട്ട് ഓഫ് ലിവിംഗ് എല്ലാ വിശ്വാസക്കാർക്കും വേണ്ടിയുമുള്ളതാണ്. പക്ഷേ, സത്യത്തിൽ, രാമക്ഷേത്രത്തെക്കുറിച്ച് പറയുമ്പോൾ അദ്ദേഹം ഒരു രാഷ്ട്രീയക്കാരനെപ്പോലെയോ ആത്മീയ ഗുരുവിനെ പോലെയോ സംസാരിക്കുന്നു. മക്കയിലേക്ക് ഹജ്ജ് തീർഥാടനത്തിനു പോകാൻ മുസ്‌ലിംകൾക്ക് നൽകുന്ന സബ്‌സിഡി ഉൾപ്പെടെ, ദീർഘകാലമായി തുടർന്നുവരുന്ന “ന്യൂനപക്ഷ പ്രീണന”ത്തെ കുറിച്ചും അദ്ദേഹം പറയാറുണ്ട്.” രവിശങ്കറിന്റെ ഹിന്ദുത്വ മുഖത്തിലേക്കാണ്
“ദി ഇക്കണോമിസ്റ്റ്” വിരൽ ചൂണ്ടുന്നത്.

നീതിന്യായ വ്യവസ്ഥയെ മാനിക്കാത്ത വ്യക്തിയാണ് രവിശങ്കറെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. 2017 മാർച്ചിൽ രവിശങ്കറിന്റെ ആർട്ട് ഓഫ് ലിവിംഗ് യമുനാ തീരത്ത് സംഘടിപ്പിച്ച മൂന്ന് ദിവസത്തെ സാംസ്‌കാരികോത്സവത്തോടനുബന്ധിച്ച് നദീതീരത്തെ പരിസ്ഥിതി വൻ തോതിൽ നശിപ്പിച്ചതിന് ആർട്ട് ഓഫ് ലിവിംഗിനെതിരെ ഹരിത ട്രൈബ്യൂണൽ നൽകിയ പിഴയെ വിമർശിച്ചു കൊണ്ട് അദ്ദേഹം നടത്തിയ പ്രസ്താവന രൂക്ഷമായ വിമർശത്തിനു വിധേയമായതാണ്. പരിസ്ഥിതി നാശത്തിന് ഉത്തരവാദി ആർട്ട് ഓഫ് ലിവിംഗല്ല, ഡൽഹി സർക്കാറും ദേശീയ ഹരിത ട്രൈബ്യൂണലുമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവം. നീതിനിർവഹണത്തിലുളള വ്യക്തമായ ഇടപെടലും ഹരിത ട്രൈബ്യൂണലിന്റെ അന്തസ്സിനെ ഹനിക്കുന്നതുമാണ് ഈ പ്രസ്താവനയെന്നു കുറ്റപ്പെടുത്തിയ കോടതി തോന്നിയതെല്ലാം വിളിച്ചു പറയാൻ ആരാണ് രവിശങ്കറിന് അധികാരം നൽകിയതെന്നും ചോദിച്ചു. സാമൂഹിക ഉത്തരവാദിത്വം പാലിക്കാൻ എല്ലാവർക്കും കടമയുണ്ടെന്ന് കോടതി അദ്ദേഹത്തെ ഓർമിപ്പിക്കുകയും ചെയ്തു.

നേരത്തേ ബാബരി പ്രശ്‌നത്തിൽ രവിശങ്കർ മധ്യസ്ഥതക്ക് സ്വയം സന്നദ്ധത പ്രകടിപ്പിച്ചപ്പോൾ, നിഷ്പക്ഷമായ ഒരു ഒത്തുതീർപ്പ് അദ്ദേഹത്തിൽ നിന്നുണ്ടാകില്ലെന്ന് മനസ്സിലാക്കി മുസ്‌ലിം സംഘടനകൾ അത് നിരാകരിക്കുകയാണുണ്ടായത്. പിന്നീടയാൾ മുസ്‌ലിം പക്ഷത്തിന്റെ വക്താവെന്ന പേരിൽ ബാബരി പ്രശ്‌നവുമായി ഒരു ബന്ധവുമില്ലാത്ത ഒരു ശിയാ നേതാവിനെ സ്വാധീനിച്ച് ഒത്തുതീർപ്പ് പ്രഹസനം നടത്തി. ശിയാ നേതാവിനെ പാട്ടിലാക്കിയത് പണം കൊടുത്താണെന്ന വസ്തുത മാധ്യമങ്ങൾ രഹസ്യ ഓപറേഷനിലൂടെ പുറത്തു കൊണ്ടു വന്നതോടെ അതൊരു സംഘ്പരിവാർ അജൻഡയാണെന്നു വ്യക്തമാകുകയും ചെയ്തു. ബാബരിയെച്ചൊല്ലി രണ്ട് സമുദായങ്ങൾക്കിടയിൽ ഉടലെടുത്ത ഭിന്നത പരിഹരിച്ച് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കുകയാണല്ലോ പ്രശ്‌നം മധ്യസ്ഥതക്ക് വിട്ടതിലൂടെ കോടതി ഉദ്ദേശിക്കുന്നത്. ഇതിന് മധ്യസ്ഥന്മാർ മൂന്ന് പേരും നിഷ്പക്ഷരായിരിക്കണം. ബാബരി മസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം നിർമിക്കണമെന്ന തീവ്രഹിന്ദുത്വത്തിന്റെ ആവശ്യത്തെ പിന്തുണക്കുന്ന രവിശങ്കറിനെങ്ങനെ ഇക്കാര്യത്തിൽ നിഷ്പക്ഷമായൊരു നിലപാട് സ്വീകരിക്കാനാകും?

---- facebook comment plugin here -----

Latest