Connect with us

Thiruvananthapuram

ഹൈവേ പോലീസ് വാഹനങ്ങളില്‍ കണക്കില്‍പ്പെടാത്ത പണം; കൈയ്യോടെ പിടികൂടി വിജിലന്‍സ്‌

Published

|

Last Updated

Representation Image

തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈവേ പോലീസ് വാഹനങ്ങളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. രാത്രി കാലങ്ങളിൽ ഭാരം കയറ്റി വരുന്ന വാഹനങ്ങളെ തടഞ്ഞ് നിർത്തി ഉദ്യോഗസ്ഥർ പണപ്പിരിവ് നടത്തി വരുന്നതായി വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇന്നലെ പുലർച്ചെ രണ്ട് മുതൽ സംസ്ഥാനത്തൊട്ടാകെയുള്ള 47 ഹൈവേ പോലീസ് വാഹനങ്ങളിലും വിജിലൻസ് മിന്നൽ പരിശോധന നടത്തി.

പരിശോധനയിൽ നിരവധി ഹൈവേ വാഹനങ്ങളിൽ നിന്നും കണക്കിൽപ്പെടാത്ത പണവും ചില ഹൈവേ പെട്രോൾ വാഹനങ്ങളിലെ ഉദ്യോഗസ്ഥർ ഹൈവേയിൽ നിന്നും ഇടറോഡുകളിലേക്ക് വാഹനങ്ങൾ മാറ്റിയിട്ട് ഉറങ്ങുന്നതായും വിജിലൻസ് കണ്ടെത്തി. ചില വാഹനങ്ങളിൽ നിന്നും ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ് തുടങ്ങിയവയും പിടിച്ചെടുത്തു. അത്യാവശ്യ ഘട്ടങ്ങളിൽ റോഡപകടങ്ങളിൽപ്പെടുന്നവർക്ക് ഉപയോഗിക്കേണ്ട സ്ട്രക്ചറുകൾ, കുടകൾ, കയർ, ഹെൽമെറ്റ് തുടങ്ങിയ അവശ്യ സാധനങ്ങൾ പല ഹൈവേ പട്രോളിംഗ് വാഹനങ്ങളിലും സൂക്ഷിക്കുന്നില്ലെന്നും കണ്ടെത്തി.

ഉദ്യോഗസ്ഥർ ഡ്യൂട്ടിക്കായി പ്രവേശിക്കുന്ന സമയം അവരുടെ പക്കലുള്ള തുകകൾ രേഖപ്പെടുത്തേണ്ട രജിസ്റ്ററിൽ യഥാർത്ഥ തുകയേക്കാൾ കൈക്കൂലിയായി ഡ്രൈവർമാരിൽ നിന്നും വാങ്ങുന്ന തുകക്ക് ആനുപാതികമായി കൂടുതൽ എഴുതുന്നതായും കണ്ടെത്തി.

മിന്നൽ പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകളെ പറ്റി വിശദമായ റിപ്പോർട്ട് സർക്കാറിന് കൈമാറുമെന്ന് വിജിലൻസ് എ ഡി ജി പി അനിൽ കാന്ത് അറിയിച്ചു.

Latest