Connect with us

Prathivaram

വീട്ടിലുണ്ട്, ഭൂമിയിലെ സ്വര്‍ഗം

Published

|

Last Updated

പഞ്ചറുമ്മാമയെന്നാണ് മകന്റെ മകൻ വല്ല്യുമ്മയെ വിളിക്കാറ്. കാരണമെനിക്ക് അനുമാനിക്കാൻ മാത്രമേയുണ്ടായിരുന്നുള്ളൂ. ഇസ്തിരിയിടാത്ത തൊലിപ്പുറം, പിടലിയൊടിഞ്ഞ നടുപ്പുറം, ചിരട്ട പൊട്ടിയ മുട്ടിൻകാൽ, വെളുത്ത ഷോക്‌സിട്ട മുടിനാരുകൾ… ഇവയൊക്കെയാണ് അവന്റെതുമായി താരതമ്യം ചെയ്യുമ്പോൾ, വല്യുമ്മയുടെ ദേഹപ്രകൃതം. ചുരുക്കിപ്പറഞ്ഞാൽ വല്യുമ്മയാകെ പഞ്ചറായെന്നർഥം. ഇതിന്റെ അപകർഷതാബോധം അവർക്കുമുള്ളതു കൊണ്ടാവണം ഉമ്മാമയെന്നും വീടിന്റെ മൂലയിലൊതുങ്ങുന്നത്. മരുമകൾ കഞ്ഞിയുണ്ടാക്കും, കുളിപ്പിച്ചൊരുക്കും, കുപ്പായമണിയിക്കും, ശുശ്രൂഷകളൊക്കെ നടത്തും. അതും കഴിഞ്ഞ് അവർക്കുമില്ലേ പണിയോടുപണി. അതും തേടി അവരുമോടിത്തുടങ്ങും. ഇടക്കൊക്കെ വല്ലവരും വന്നാലായി. വന്നവർ വന്നവർ വിശേഷങ്ങൾ ചോദിക്കും. പോകാൻ നേരത്ത് വല്ലതും കൈയിൽ ചുരുട്ടി കൊടുക്കും. അങ്ങനെ എത്രയോ രാത്രികൾ, അത്രതന്നെ പകലുകളും…
ഒരു പവർകട്ടുള്ള രാത്രിയെ കുറിച്ച് പറയാനാണിവിടെ ഏറെയിഷ്ടം. വീടിനകത്തും പുറത്തുമിപ്പോൾ ഒരേ നിറം. കൂരിരുളിന്റെ വേഷപ്പകർച്ച. അൽപ്പനേരം അകത്തിരുന്നിട്ടൊന്നും ഇരിപ്പുറക്കുന്നില്ല. മെല്ലെ പുറത്തിറങ്ങി. കൈയിലൊരു മെഴുകുതിരിയും അതിനെ കാത്തുരക്ഷിക്കാനൊരു ചിരട്ടക്കവചവും ഏന്തി നടക്കുന്ന കാലമാണത്. അയൽപ്പക്കത്തൊരു നജീബുണ്ട്. അവനോടൊപ്പമിരുന്ന് കൊടുത്താൽ മാത്രം മതി. രാജധാനി എക്‌സ്പ്രസ് പോലെയല്ലേ സമയസൂചിയോടുക. നജീബിനെയും തേടിത്തന്നെ നടന്നു. വാതിൽപ്പൊളി മലർന്നു തുറന്ന് കിടക്കുകയാണവിടെ. ഒരു വട്ടമല്ല, പലവട്ടം ഞാനവനോടും അവരോടും പറഞ്ഞ കാര്യമാണത്. കതക് മലർക്കെ തുറന്നിടരുതെന്നും അപരിചിതർ കയറിക്കൂടിയാൽ അറിയാനാവില്ലെന്നും. പക്ഷേ പറഞ്ഞിട്ടെന്ത്! അകത്ത് കയറി ഇടത്തേ മുറിയിലേക്കാണ് ആദ്യം ഞാൻ നീങ്ങിയത്. ഇടറിയ നാദത്തിൽ ദിക്‌റിന്റെ സ്വരമുയരുന്നുണ്ടവിടെ. തലയുയർത്തി നോക്കിയപ്പോൾ ഉമ്മാമ. നജീബിന്റെ പഞ്ചർ മൂത്തമ്മ. കയറിയ സ്ഥിതിക്ക് കട്ടിലിനോട് ചാരിയ കസേരയിൽ സലാം പറഞ്ഞ് ഇരുന്നു.
ആരാ… മോനേ…
ആരാണെന്നും എവിടെ നിന്നുമെന്നല്ലാം പറഞ്ഞു കൊടുത്തു. പിന്നെ ചോദ്യം കഞ്ഞി കുടിച്ചോയെന്ന്, കറിയെന്തെന്ന്, കുളിയൊക്ക കഴിഞ്ഞോയെന്ന്, ഇങ്ങനെ ഒത്തിരിയൊത്തിരി കുഞ്ഞു ചോദ്യങ്ങൾ. ശേഷം കഥ പറച്ചിലായി. കെട്ടുകഥയല്ല. ഗതകാല സ്മരണകൾ. ഉമ്മാമയുടെ ഉള്ളിളക്കിയ അനുഭവ സഞ്ചയങ്ങൾ., മക്കളെ പോറ്റിയത്, ഭർത്താവിനെ ശുശ്രൂഷിച്ചത്, അന്നത്തെ മൗലിദിന്റെ, മാലപ്പാട്ടിന്റെ, ചക്കരച്ചോറിന്റെ… എന്നു വേണ്ട മധുരിക്കുന്നതും കയ്‌പ്പേറിയതുമായ വർത്തമാന സഞ്ചാരങ്ങൾ. ഇതൊക്കെ കഴിഞ്ഞപ്പോഴേക്കും ഇരുളിന്റെ മറനീക്കി വെളിച്ചം മുറിക്കകത്തെത്തി. ഉമ്മാമയെ ഞാൻ ശരിക്കൊന്ന് നോക്കിയപ്പോൾ കവിളിലൂടെ കണ്ണീരൊഴുക്കുണ്ടവിടെ.
ഉമ്മാമയെന്തിനാ കരയുന്നത്…?”
ഒന്നുമില്ല മോനേ.. സന്തോഷം കൊണ്ട് കരഞ്ഞതാ..
ഞാനൊറ്റക്കിരുന്ന് മുഷിഞ്ഞപ്പോൾ നീ വന്ന് കൂട്ടിരുന്ന്, കുശലം പറഞ്ഞതിന്റെ സന്തോഷം..!”
മണി ഒമ്പത് കഴിഞ്ഞു. ഉമ്മാമയോട് സലാം പറഞ്ഞിറങ്ങിയപ്പോൾ മനസ്സിനകത്തെ സമസ്യകളൊക്കെ എങ്ങോ മുങ്ങിമറഞ്ഞിരിക്കുന്നു. അവരുടെ വാക്കുകളിൽ ഒരുതരം മാന്ത്രികതയുണ്ടായിരിക്കണം. ഖൽബിനെയാകെ അലക്കി വെളുപ്പിച്ച് സ്ഫുടം ചെയ്തു തന്നിരിക്കുന്നു. ഹാ.. സുന്ദരം.. പിറ്റേന്ന് പാലിയേറ്റീവുകാരൻ സുഹൃത്തിനോട് ഞാനിത് സഗൗരവം പറഞ്ഞു. അതിന്റെ മറുപടിയെന്നോണം ഒരു മറുകഥ അവനെന്റെ മുന്നിൽ നിവർത്തി വെച്ചു. വിരമിച്ച ഒരു അധ്യാപകന്റെ കഥ, അല്ല, ജീവിതം. മക്കളെ പഠിപ്പിച്ച് തന്നെപ്പോലെയാക്കാൻ അല്ലറചില്ലറ പാടൊന്നുമല്ലല്ലോ. പക്ഷേ അതൊക്കെ അയാൾ സഹിച്ച് അവരെ അധ്യാപകരാക്കി; അതും ഗസറ്റഡ് റാങ്കിലുള്ളവർ. എന്നാൽ മക്കൾക്കെന്ത് ബാപ്പ. ബാപ്പയെ നോക്കും, പരിപാലിക്കും. പക്ഷേ സ്വന്തമായിട്ട, അതിനായി ബംഗാളിൽ നിന്നും ആളെ കൂലിക്കിറക്കിയിരിക്കുകയാണ്. അസ്സൽ ബംഗാളിപ്പരിചാരകൻ. മക്കൾ കോരിത്തരുന്ന കഞ്ഞിയുണ്ടല്ലോ., മക്കൾ താങ്ങിപ്പിടിക്കുന്ന ഘട്ടമുണ്ടല്ലോ., അതിനൊക്കെ ഒരു ബംഗാളിപ്പരിവേഷം നൽകാൻ മാത്രം നാമധപ്പതിച്ചെങ്കിൽ മക്കളുടെ മക്കളും ഇതേ കാഴ്ചയല്ലേ കാണാനിരിക്കുന്നത്, ചെയ്യാനിരിക്കുന്നത്..!
ആസ്തമയും നെഞ്ചെരിച്ചിലുമൊക്കെയായി ഡോക്ടറുടെയടുത്ത് വേച്ചുവേച്ചു നടന്നുവന്ന ഒരു വല്യുപ്പയോട്, കണ്ണുതുടച്ച് കൊണ്ട് ഡോക്ടർ പറഞ്ഞുവത്രേ, ഇനി നിങ്ങൾക്ക് ഒന്നോ രണ്ടോ മാസം മാത്രം പ്രതീക്ഷിച്ചാൽ മതി, അതിനപ്പുറത്തുള്ള ആയുസ്സ് ഞാൻ കാണുന്നില്ല. വല്യുപ്പയുടെ മുഖത്തൊരു ഇരുട്ടുമുണ്ടായില്ല. മറിച്ചയാൾ പറഞ്ഞു: എത്രയും വേഗം നാലഞ്ചുപേരോട് കടം വാങ്ങി കൈക്കലാക്കണം.
കടം വാങ്ങുകയോ..? അതെന്തേ…?”
ഡോക്ടറേ, മരിച്ചാൽ അവരെങ്കിലും നമ്മെയോർത്ത് കരയുമല്ലോ… എന്നായി വല്യുപ്പ.
ഫലിതത്തിനപ്പുറം നാട്ടിൻപുറത്ത് തെളിഞ്ഞു കിടക്കുന്ന യാഥാർഥ്യത്തിലേക്കുള്ള ചൂണ്ടുപലക വാക്കുകളിലില്ലേ..? ആലോചിച്ചാൽ മതി. പശു പ്രസവിക്കുന്ന രംഗം കണ്ടിട്ടുണ്ടോ..? തള്ളപ്പശു കുഞ്ഞിക്കിടാവിനെ നക്കിത്തുടച്ച് ശുശ്രൂഷിച്ച് കഴിഞ്ഞാൽ കിടാവ് മെല്ലെ പാലുകുടിക്കാൻ അകിട് തേടിപ്പിടിക്കും. പാലും കുടിക്കും. പക്ഷേ മനുഷ്യക്കുഞ്ഞിന് ആ കഴിവുണ്ടോ? ഉമ്മ തന്നെ അമ്മിഞ്ഞ വായിൽ വെച്ചുനൽകണം. ആഹാരം കൊടുക്കണം. നടത്തിപ്പഠിപ്പിക്കണം. താലോലിക്കണം. താരാട്ടു പാടണം. അതും വർഷങ്ങൾ. എന്നിട്ടാ കുഞ്ഞിക്കരം വളർന്നാലോ, അതേ കരം കൊണ്ട് ഉമ്മയെയുമെടുത്ത് കാറിൽ കയറ്റി ഒരു വീട്ടിൽ കൊണ്ടുവിടും, ശരണാലത്തിൽ അഥവാ വൃദ്ധസദനത്തിൽ!
തന്റെ സുഖലോലുപതക്ക് ഉമ്മയൊരു അധികപ്പറ്റായിത്തീരുന്നത് കാണുമ്പോൾ ബുദ്ധിയും ചിന്തയും കൂരിരുട്ട് സൃഷ്ടിക്കുന്നു. ഉമ്മയെ അന്ധകാരത്തിൽ കൊണ്ടുപോയി തളച്ചിടുന്നു. എന്നാൽ, ചിലരെ കണ്ടിട്ടില്ലേ., ഉമ്മയെ ചികിത്സിക്കാൻ പൊന്നും പണ്ടവും വിൽക്കുന്നവർ, പുരയിടത്തിന്റെ പാതിയും കണ്ണും പൂട്ടി വിൽപ്പനക്ക് എന്ന ബോർഡ് തൂക്കി, വിറ്റവർ, മാതാപിതാക്കൾക്ക് വേണ്ടി എല്ലാം ത്യജിച്ചവർ…

വളരെ വിഷണ്ണനായി ഒരു വ്യക്തി നബിതിരുമേനി (സ) യെ സമീപിച്ചു. ആഗതൻ കാര്യമവതരിപ്പിച്ചു. നബിയേ, അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യാൻ അതിയായ താത്പര്യമുണ്ടെനിക്ക്, പക്ഷേ എനിക്കതിനുള്ള കഴിവില്ലാതായിപ്പോയി തിരുദൂതരേ… ഒരു പരിഹാരം പറഞ്ഞു തന്നാലും..!
“ശരി. നിനക്ക് ഉമ്മയുണ്ടോ..?”
“ഉണ്ട്, നബിയേ..”
“എങ്കിൽ ഉമ്മയെ നീ പൊന്നുപോലെ നോക്കുക., അതിൽ വിജയിച്ചാൽ നീയൊരു ഉംറ ചെയ്തവനായി, ഹജ്ജ് ചെയ്തവനായി, നാഥന്റെ മാർഗത്തിൽ യുദ്ധം ചെയ്തവനുമായി. നോക്കൂ.. പെറ്റുപോറ്റിയ ഉമ്മയെ വാത്സല്യപൂർവം സമീപിച്ചവർക്ക് പ്രവാചകൻ വാരിക്കോരിക്കൊടുക്കുന്ന പ്രതിഫലത്തിന്റെ മഹാത്മ്യം.
ജീവിതത്തിന്റെ സൗഭാഗ്യങ്ങൾക്കൊക്കെയും നിമിത്തം മാതാവ് തന്നെയാണ്. പത്തുമാസക്കാലത്തെ ത്യാഗസുരഭിലതയുടെ നാളുകൾക്ക് ശേഷം അതു നിലയ്ക്കുമോ? ഒരിക്കലുമില്ല. അതിനു ശേഷവും വളർന്ന് പാകപ്പെട്ടാലും സകല മേഖലകളിലും മാതാവിന്റെ അംശം കണ്ടെത്താനാകും. ഇതിന്റെ പരപ്പളവ് മനസ്സിലാക്കിയവർ മടിത്തട്ടിൽ തന്നെ ലാളിച്ച മാതാവിന് മനത്തട്ടിൽ മഹനീയ ഗേഹമൊരുക്കി നൽകും.
മറ്റ് ചിലരുണ്ട്. തന്റെ വിവാഹക്കാലം വരെ മാതാവിനോട് മുറിച്ചാൽ മുറിയാത്ത സ്‌നേഹബന്ധത്തിലും ഒരു സഖിയുടെ ജീവിത രംഗപ്രവേശത്തിലൂടെ ഉമ്മയെ മറന്ന് എല്ലാം അവൾക്കായി പകുത്തു നൽകുകയും ചെയ്യുന്നവർ. മഹാനായ അൽഖമ (റ)യുടെ ചരിത്രത്തിലേക്കൊന്നു പോകാം. മരണവേളയിലാണ് ആ സ്വഹാബിവര്യർ. ചുറ്റും കൂടിയവർ ശഹാദതുകലിമ ചൊല്ലിക്കൊടുത്തു. ആശ്ചര്യം, കലിമ മൊഴിയാൻ സാധിക്കുന്നില്ല. കാര്യഗൗരവം മനസ്സിലാക്കിയ സ്വഹാബാക്കൾ തിരുനബി (സ്വ) യുടെ അരികിലേക്ക് ഓടി. തിരുദൂതരെ… അൽഖമക്ക് കലിമ ചൊല്ലാനാകുന്നില്ല. ഇനിയെന്തു വഴി..? തിരുനബി (സ്വ) യുടെ പ്രതിവചനം പെട്ടെന്നായിരുന്നു. അൽഖമയുടെ ഉമ്മയെ സമീപിക്കണം., മകനെ കുറിച്ച് ചോദിക്കണം.!”
തിരുനബി (സ്വ) തങ്ങൾ തന്നെ ഉമ്മയ്ക്കരികിലേക്ക് പോയി. പ്രായമെത്തിയ ഉമ്മ. ഊന്നുവടിയുടെ ബലത്തിലാണ് നിവർന്നുനിൽക്കുന്നത്. അൽഖമയെ കുറിച്ച് ഉമ്മയുടെ അഭിപ്രായമെന്താണ്? നബിയേ.. അവൻ നന്നായി നിസ്‌കരിക്കും, നോമ്പനുഷ്ഠിക്കും, ഉദാരമതിയാണ്. നന്നായി സഹായിക്കുകയും ചെയ്യും..”
“പക്ഷേ, ഉമ്മയോട് അൽഖമയുടെ സ്വഭാവരീതിയോ..?”
ഉമ്മയൽപ്പം വിഷമിച്ചു. എങ്കിലും ചോദിച്ചത് തിരുദൂതരായതിനാൽ ഉമ്മക്ക് പറയേണ്ടി വന്നു. നബിയേ.., എനിക്കവനോട് വെറുപ്പായിരുന്നു… കാരണം അവന് ഭാര്യയായിരുന്നു വലുത്. എന്നെക്കാൾ ഭാര്യക്കവൻ മുൻതൂക്കം നൽകും.”
ഉടനെ മുത്തുനബി (സ്വ) ബിലാലി (റ)നെ വിളിച്ചു. കുറച്ച് വിറക് കൊണ്ടുവരാൻ ആജ്ഞാപിച്ചു.
ഉമ്മയുടെ ഉള്ളുപൊള്ളി. വിറകെന്തിനാണ് പ്രവാചകരേ..?”
“അൽഖമയെ തീയിലിടാനാണീ വിറകുകൾ. കാരണം, കാര്യഗൗരവം നിസ്സാരമല്ല. അവനെത്ര നോമ്പനുഷ്ഠിച്ചാലും നിസ്‌കരിച്ചാലും ധർമം ചെയ്താലും ഉമ്മയുടെ കോപമുണ്ടായിരിക്കെ, സർവതും നിഷ്ഫലമാണ്.” ഉമ്മയുടെ മനോമുകുരം ഒരു പൈതലിനെപ്പോലെ വിതുമ്പി.
“ആകില്ല നബിയേ… എന്റെ പൊന്നുമോനെ കരിക്കുന്നത് കാണാനെനിക്ക് ശേഷിയില്ല നബിയേ… ഞാനവന് സർവതും പൊറുത്തു കൊടുത്തു പ്രവാചകരെ…!”

നബിക്കും സന്തോഷമായി. അൽഖമക്ക് കലിമ ചൊല്ലിക്കൊടുക്കാൻ തിരുനബി (സ്വ) സ്വഹാബാക്കൾക്ക് കൽപ്പന നൽകി. സ്വഹാബാക്കൾ തിരക്കിയോടി. തങ്ങളുടെ സഹോദരന് ആവേശപൂർവം കലിമ ചൊല്ലിക്കൊടുത്തു. ആ നാവുകളിൽ കുളിരുതട്ടിയ പ്രതീതി. ആനന്ദത്തിന്റെ പൂമൊട്ടുകൾ രാത്രിയാവാൻ കാത്തിരിക്കാതെ പ്രശോഭിച്ചു, പുഞ്ചിരിച്ചു. അൽഖമ ശഹാദത്ത് മൊഴിഞ്ഞിരിക്കുന്നു. പുഞ്ചിരി തൂകി നാഥന്റെ വിളിക്കുത്തരം നൽകിയിരിക്കുന്നു.
ഉമ്മ എന്നുമുതലാണ് നമുക്കന്യയായിത്തീർന്നത്.? നമ്മുടെ ഓരോ കാര്യവും ആയിരം നാവ് കൊണ്ടല്ലേ ഉമ്മ ആനന്ദത്തോടെ പറയാറുള്ളത്. പക്ഷേ വാർധക്യദശയിലെത്തിയപ്പോൾ, പ്രസരിപ്പിന്റെ യൗവനം മാഞ്ഞപ്പോൾ, തൊലി ചുളിവുകളണിഞ്ഞപ്പോൾ, ശാരീരികമായി കൂടുതൽ അബലയായപ്പോൾ, ഒരുവൾ ഭാര്യയായി വന്നപ്പോൾ, വിദ്യാഭ്യാസവും നിലവാരവും വർധിച്ചപ്പോൾ നമുക്കവരെ വേണ്ടാതായി. ഇന്ന് സർവർക്കും വിദ്യാഭ്യാസമുണ്ട്. പക്ഷേ വിദ്യയില്ല, ധാർമികതയില്ല. ആരെയൊക്കെയോ ബോധിപ്പിക്കാനുള്ള സാക്ഷ്യപത്രങ്ങൾക്കു വേണ്ടിയുള്ള നെട്ടോട്ടമാണ് വിദ്യാഭ്യാസം, അതുകൊണ്ടല്ലേ വൃദ്ധസദനങ്ങൾ കൂണുപോലെ മുളച്ചുപൊന്തുന്നത്, വാർധക്യം ഭാരമായിത്തോന്നുന്നത്. ഒന്നു മനസ്സിലാക്കണം. വാർധക്യമെന്നത് ഒരു രോഗമല്ല, മറിച്ച് ശൈശവം പോലെ ബാല്യം പോലെ യൗവനം പോലെ ജീവിത ചക്രത്തിലെ ഒരു സുപ്രധാന ഘട്ടം മാത്രം. നാഥൻ വിളിച്ചാൽ ആയുസ്സ് ദീർഘിച്ചാൽ നമുക്കാ കാലഘട്ടം തീർച്ചയായും കടന്നെത്തും.
“ചിദംബര സ്മരണ വായിച്ചിട്ടില്ലേ. കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കൃതി. അതിലൊരു മാതാവിന്റെ ചിത്രം കാണാം. നാണിയമ്മ. ദീനം പിടിച്ച ഒരുപാട് രാത്രികൾക്ക് കൂട്ടിരുന്ന ആ പെൺമയെ ഒന്നു വിശദമായി വായിച്ചാൽ, അറിയാതെ കണ്ണീരുറ്റും. നാണിയമ്മക്കൊരു മകനുണ്ട്, കുഞ്ഞാപ്പു. ജന്മനാ രോഗി. മെലിഞ്ഞുണങ്ങിയ മേനിയിൽ വീർത്തുന്തിയൊരു വയറുമായി നിൽക്കുന്ന രൂപം. കഴുത്തിൽ ബലക്ഷയം മൂലം എപ്പോഴും ഇളകിക്കൊണ്ടിരിക്കുന്ന മൊട്ടത്തലയാണവനുള്ളത്. വേഗം നടക്കാനോ വെയിലുകൊള്ളാനോ ഓടുവാനോ ചാടുവാനോ ആടുവാനോ കഴിയാത്ത നിത്യദീനക്കാരൻ. ചിരട്ടത്തവി വിറ്റാണ് നാണിയമ്മ മകനെ ചികിത്സിക്കാറുള്ളത്. ഒരുപാട് ചിരട്ടത്തവികൾ വിറ്റുപോയെന്നല്ലാതെ ചികിത്സയൊന്നും ഫലിച്ചില്ല. മകന്റെ മാറാരോഗം മുന്നിൽ കണ്ട് കനം കെട്ടിയ മാതൃഹൃദയം വിങ്ങിപ്പൊട്ടി. അറിയാതെയവർ പറഞ്ഞുപോയി, പത്ത് മാസം ചുമന്നുപെറ്റതാ, പറയാമ്പാടില്ല, എന്നാലും എന്റെ കുഞ്ഞമ്മോ, ന്റെ കുഞ്ഞാപ്പു നേരത്തെ പോട്ടെ.. ന്റെ കണ്ണടഞ്ഞാ ആര്ണ്ട് അവന്…? ”
കേവലമൊരു മാതാവിന്റെ വാക്കല്ലയിത്. ഒരായിരം മാതാക്കളുടെ പ്രതീക ശബ്ദം. അതിലൂടെ നിർഗളിക്കുന്ന സ്‌നേഹത്തിന്റെ പ്രതിസ്പന്ദനമാണിത്. ഒന്നു നോക്കുന്നത് പോലും ആരാധനയാണെന്ന് പഠിപ്പിച്ച മൂന്ന് കാര്യങ്ങളിൽ ഒന്ന് മാതാവിന്റെ മുഖമായിട്ടാണ് ഇസ്‌ലാമെണ്ണിയത്. ഓരോ മാതാവും കൊതിക്കുന്നത് മിനുമിനുത്ത മെത്തകളല്ല. ഭക്ഷണത്തിന്റെ രുചിഭേദങ്ങളുമല്ല. എന്റെ മകനെനിക്കുണ്ടെന്ന ബോധമാണത്, താൻ സുരക്ഷിതയാണെന്ന ബോധോദയമാണ്. ആ സന്തോഷം നൽകാനാകുന്ന മക്കൾക്കു മാത്രമേ മാതൃത്വത്തിന്റെ കാലിനടിയിലെ സ്വർഗം കാണാനാവൂ. അതിലൂടെയാണ് മരണശേഷമുള്ള സ്വർഗത്തിലെത്താനുള്ള വഴിയൊരുങ്ങുക. കറിവേപ്പില പോലെ മാതാവിനെ വാർധക്യത്തിൽ വലിച്ചെറിയുന്ന കറുത്ത സംസ്‌കാരങ്ങളുടെ കവാടങ്ങൾ അതുവഴി കൊട്ടിയടക്കപ്പെടും, തീർച്ച.
.

mtpnuhairi@gmail.com

---- facebook comment plugin here -----

Latest