Connect with us

Ongoing News

പോരാട്ടം കടുപ്പിച്ച് ആറ്റിങ്ങൽ

Published

|

Last Updated

എ സമ്പത്ത്

അറബിക്കടലും സഹ്യാദ്രിയും അതിര് പങ്കിടുന്ന ആറ്റിങ്ങലിൽ ഇത്തവണ പോരാട്ടം തീപാറും. ജാതി, സാമുദായിക സാന്നിധ്യമടക്കം ജനവിധിയെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ടെങ്കിലും കൃത്യമായ രാഷ്ട്രീയ ബലാബലങ്ങളിൽ തിരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ആറ്റിങ്ങൽ. കഴിഞ്ഞ കാൽനൂറ്റാണ്ടിലധികമായി അട്ടിമറികൾക്ക് ഇടവും കളവും നൽകാതെ ഇടതുപക്ഷത്തിന് ഒപ്പം ചേർന്നുനിൽക്കുന്ന മണ്ഡലമാണ് ആറ്റിങ്ങൽ. നിസ്സാരരെന്ന് കരുതിയ സ്ഥാനാർഥികൾ കേരള രാഷ്ട്രീയത്തിലെ വമ്പന്മാരെ അട്ടിമറിച്ച പാരമ്പര്യം കൂടി മണ്ഡലത്തിന് പറയാനുണ്ട്. ആർ ശങ്കറും വയലാർ രവിയും കെ അനിരുദ്ധനുമെല്ലാം ഈ അനുഭവത്തിന് കൃത്യമായ സാക്ഷ്യങ്ങൾ. വയലാർ രവിയും തലേക്കുന്നിൽ ബഷീറും ഉൾപ്പെടെ ഹാട്രിക്കിന്റെ വക്കിലെത്തിയവർ നിരവധിയെങ്കിലും വർക്കല രാധാകൃഷ്ണനാണ് ഹാട്രിക്ക് നേടിയത്. ഈഴവ സമുദായത്തിന്റെ ശക്തമായ സാന്നിധ്യത്തിനൊപ്പം ന്യൂനപക്ഷങ്ങൾക്കും പട്ടികജാതി, വർഗ വിഭാഗങ്ങൾക്കും ശക്തമായ അടിത്തറയുണ്ട്.

പാർലിമെന്റ് മണ്ഡലത്തിൽ ഉൾപ്പെടുന്ന വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട എന്നിങ്ങനെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ അരുവിക്കരയൊഴികെ ആറും ഇടതിനൊപ്പമാണ്. തുടർച്ചയായി രണ്ട് തവണയടക്കം മൂന്ന് പ്രാവശ്യം മണ്ഡലം കാത്ത എ സമ്പത്താണ് പാർലിമെന്റിൽ ആറ്റിങ്ങലിനെ ഇപ്പോൾ പ്രതിനിധാനം ചെയ്യുന്നത്. 1996ൽ കോൺഗ്രസിലെ തലേക്കുന്നിൽ ബഷീറിനെ 48,083 വോട്ടിന് പരാജയപ്പെടുത്തിയാണ് സമ്പത്ത് ലോക്‌സഭയിലെത്തിയത്. 2009ൽ ചിറയിൻകീഴ് മണ്ഡലം പേര് മാറി ആറ്റിങ്ങലായി. പുതിയ മണ്ഡലത്തിലും 2009ൽ നടന്ന തിരഞ്ഞെടുപ്പിൽ നറുക്ക് സമ്പത്തിനായിരുന്നു. കോൺഗ്രസിലെ ജി ബാലചന്ദ്രനെയാണ് സമ്പത്ത് രണ്ടാമൂഴത്തിൽ തോൽപ്പിച്ചത്. 2014ൽ 69,378 വോട്ടുകളുടെ മേൽകൈയിൽ കോൺഗ്രസിലെ ബിന്ദുകൃഷ്ണയെ തോൽപ്പിച്ചാണ് തന്റെ മൂന്നാം വരവ് രാജകീയമാക്കിയത്.

1991ന് ശേഷമുള്ള മണ്ഡലത്തിന്റെ രാഷ്ട്രീയ പ്രയാണം ഇടതുചേർന്നാണെങ്കിലും 1971 മുതൽ 1991 വരെ കോൺഗ്രസിന്റെ കൈവെള്ളക്കുള്ളിലായിരുന്നു. 91ൽ സുശീലാ ഗോപാലനിലൂടെ ഇടതുപക്ഷം തിരികെപിടിക്കുകയായിരുന്നു. കേരള രാഷ്ട്രീയത്തിലെ അതികായരുടെ കൊമ്പുകോർക്കലുകൾക്കും ആറ്റിങ്ങലിന്റെ പഴയ രൂപമായ ചിറയിൻകീഴ് വേദിയായിട്ടുണ്ട്.

1951ലെ ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്ന് വഴുതിമാറി സ്വതന്ത്രനൊപ്പം കൂടിയ പരാമ്പര്യമാണ് തിരു- കൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ചിറയിൻകീഴിനുള്ളത്. കോൺഗ്രസിന്റെ ടി കെ നാരായണപിള്ളയെ 16,904 വോട്ടിന് പരാജയപ്പെടുത്തിയാണ് സ്വതന്ത്ര സ്ഥാനാർഥി വി പരമേശ്വരൻ നായർ ലോക്‌സഭയിൽ ആറ്റിങ്ങലിന്റെ ആദ്യ ശബ്ദമായത്. ആദ്യ ഇ എം എസ് സർക്കാറിന്റെ അധികാരാരോഹണം സൃഷ്ടിച്ച ശക്തമായ ഇടതുകാറ്റിൽ മണ്ഡലം 57ൽ ഇടതുപക്ഷത്തിനൊപ്പം കൂടി. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പിളിർപ്പിന് ശേഷവും മണ്ഡലത്തിന്റെ ഇടതുചായ്‌വ് പ്രകടമായി. കേരള രാഷ്ട്രീയത്തിലെ അതികായരിലൊരാളായ ആർ ശങ്കറിനെ പരാജയപ്പെടുത്തിയാണ് കെ അനിരുദ്ധൻ മണ്ഡലത്തിൽ ചെങ്കൊടി പാറിച്ചത്.

തുടർന്ന് നടന്ന രണ്ട് തിരഞ്ഞെടുപ്പിലും വയലാർ രവിക്ക് മുന്നിൽ സി പി എമ്മിന് കാലിടറി. അടിയന്തരാവസ്ഥയേൽപ്പിച്ച മുറിവുകൾ ഉണങ്ങും മുേമ്പ 1977 ൽ നടന്ന തിരഞ്ഞെടുപ്പിൽ, ആർ ശങ്കറിനെ തോൽപ്പിച്ച ആത്മവിശ്വസവുമായെത്തിയ അനിരുദ്ധന് പിടിച്ചുനിൽക്കാനായില്ല. മണ്ഡലം വീണ്ടും വയലാർ രവിയിലൂടെ കോൺഗ്രസിനൊപ്പം ചേർന്നു. 1980ൽ വയലാർ രവിയെ പക്ഷേ ചിറയിൻകീഴ് കൈവിട്ടു. കോൺഗ്രസ് െഎ സ്ഥാനാർഥി എ എ റഹീമാണ് കോൺഗ്രസ് യുവിന് വേണ്ടി വോട്ട് തേടിയ രവിയെ തോൽപ്പിച്ചത്.

1984 മുതലാണ് തലേക്കുന്നിൽ ബഷീർ തുടർച്ചയായി നാല് തിരഞ്ഞെടുപ്പുകളിൽ മണ്ഡലത്തിലെ കോൺഗ്രസ് സാരഥിയാകുന്നത്. 1984 ലെ കന്നിയങ്കത്തിൽ സി പി എമ്മിലെ കെ സുധാകരനെ ബഷീർ തോൽപ്പിച്ചു. 1989ൽ എൽ ഡി എഫിലെ സുശീല ഗോപാലനായിരുന്നു ബഷീറിന്റെ എതിരാളി. ഇക്കുറിയും ബഷീർ വിജയിച്ചു. 1991ലെ പോരാട്ടത്തിൽ കോൺഗ്രസ് കുത്തക അവസാനിപ്പിച്ച് 1106 വോട്ടുകളുടെ പിൻബലത്തിൽ സി പി എം മണ്ഡലം തിരിക പിടിച്ചു.

1996ലാണ് മണ്ഡലം കാക്കാൻ എ സമ്പത്തിനെ സി പി എം ആദ്യമായി കളമേൽപ്പിക്കുന്നത്. തലേക്കുന്നിൽ ബഷീറിനെ 48,083 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചായിരുന്നു സമ്പത്തിന്റെ അരങ്ങേറ്റം. 1998ൽ ബഷീറിനെ മാറ്റി പകരം എം എം ഹസനെ കോൺഗ്രസ് പരീക്ഷിച്ചെങ്കിലും ഇടതുകോട്ടക്ക് പോറലേറ്റില്ല. വർക്കല രാധാകൃഷ്ണനിലൂടെ സി പി എം മണ്ഡലം നിലനിർത്തി. 1999ൽ എം എം ഹസന്റെ പകരക്കാരനായി എം ഐ ഷാനവാസിനെ നിയോഗിച്ചെങ്കിലും വർക്കല രാധാകൃഷ്ണന്റെ രാഷ്ട്രീയ അശ്വമേധത്തെ തടുക്കാനായില്ല. 2004ൽ ഹാട്രിക് നേടിയാണ് രാധാകൃഷ്ണൻ മണ്ഡലം ഇടതുപാളയത്തിൽ ഭദ്രമാക്കിയത്. പേര് മാറി ആറ്റിങ്ങലായ മണ്ഡലത്തെ 2009 മുതൽ എ സമ്പത്തും ഇടത്തോട്ട് ചേർത്തുനിർത്തുകയാണ്. 2014ൽ വിജയിച്ച എ സമ്പത്തിനെ തന്നെ ഇപ്പോഴും രംഗത്തിറക്കുന്നതിനാണ് ഇടതുമുന്നണി തീരുമാനിച്ചിരിക്കുന്നത്.

പാര്‍ലമെന്റിലേക്ക് നാലാം തവണയാണ് എ സമ്പത്ത്  ജനവിധി തേടുന്നത്.  തുടര്‍ച്ചയായി മൂന്നാംതവണയും. കഴിഞ്ഞതവണ 69,500 വോട്ടിന് ബിന്ദു കൃഷ്‌ണയെ പരാജയപ്പെടുത്തി. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം, സിഐടിയു സംസ്ഥാന സമിതി അംഗം, ദേശീയ സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. തിരുവനന്തപുരം ബാറില്‍ 31വര്‍ഷമായി അഭിഭാഷകനാണ്.
മുൻ മന്ത്രിയും ഇപ്പോൾ എം എൽ എയുമായ അടൂർ പ്രകാശിനെ കളത്തിലിറക്കാനാണ് യു ഡി എഫ് ആലോചിക്കുന്നത്.

Latest