മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി ഇന്ന്

Posted on: March 9, 2019 9:19 am | Last updated: March 9, 2019 at 10:18 am

കോഴിക്കോട്: മൂന്നാം സീറ്റ് സംബന്ധിച്ച വിവാദങ്ങൾ പുരോഗമിക്കുന്നതിനിടെ മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം ഇന്ന് കോഴിക്കോട്ട് നടക്കും. മുസ്‌ലിം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യത്തിനും അതിന് കോൺഗ്രസ് മുന്നോട്ടു വെച്ച ബദൽ ഫോർമുല സംബന്ധിച്ചും ഇന്നലെ രാവിലെയും ഇരു പാർട്ടികളുടേയും നേതാക്കൾ തമ്മിൽ ഒരു മണിക്കൂറോളം കൂടിക്കാഴ്ച്ച നടത്തിയെങ്കിലും അന്തിമ തീരുമാനത്തിലെത്താനായിട്ടില്ല. രാവിലെ കോഴിക്കോട് ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിൽ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു ഡി എഫ് കൺവീനർ ബെന്നി ബഹനാൻ, മുസ് ‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ ഉപനേതാവ് എം കെ മുനീർ, സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ്, പി വി അബ്ദുൽ വഹാബ് എം പി എന്നിവരാണ് പങ്കെടുത്തത്.

സീറ്റ് വിഷയത്തിൽ കോഴിക്കോട്ട് വെച്ച് കഴിഞ്ഞയാഴ്ച ഇരു പാർട്ടിയുടേയും നേതാക്കൾ തമ്മിൽ ഉഭയകക്ഷി ചർച്ച നടത്തിയിരുന്നു. ചർച്ചയുടെ വിശദാംശങ്ങൾ ആറിന് പാണക്കാട്ട് ചേരുന്ന ലീഗ് ഉന്നതാധികാര സമിതി ചർച്ച ചെയ്യുമെന്നും അതോടെ സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകുമെന്നുമായിരുന്നു ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നത്. കൂടാതെ സീറ്റിന്റെ കാര്യത്തിൽ ഇനി ഉഭയകക്ഷി ചർച്ച വേണ്ടി വരില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാൽ, പാണക്കാട്ട് ചേർന്ന യോഗത്തിൽ മൂന്നാം സീറ്റിന് പകരമായി കോൺഗ്രസ് മുന്നോട്ട് വെച്ച ബദൽ ഫോർമുല അംഗീകരിക്കാൻ ലീഗ് ഉന്നതാധികാര സമിതി തയ്യാറായില്ല. ഈ സാഹചര്യത്തിലായിരുന്നു ഇരു പാർട്ടിയുടേയും നേതാക്കൾക്ക് ഇന്നലെ വീണ്ടും കോഴിക്കോട്ട് ചർച്ച നടത്തേണ്ടി വന്നത്.
കൂടാതെ, യു ഡി എഫിൽ അധിക സീറ്റ് വേണമെന്നാവശ്യത്തിൽ കേരളാ കോൺഗ്രസ് ഉറച്ചു നിൽക്കുന്നതും ലീഗ്-കോൺഗ്രസ് നേതാക്കളെ ആശങ്കയിലാക്കുന്നുണ്ട്. കേരളാ കോൺഗ്രസിന്റെ ആവശ്യം യു ഡി എഫിൽ അംഗീകരിക്കപ്പെടുകയും ലീഗിന് മൂന്നാം സീറ്റ് ലഭിക്കാതെ വരികയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ മൂന്നാം സീറ്റിന് വേണ്ടി മുറവിളി കൂട്ടുന്ന സാമുദായിക കക്ഷികളുടേയും യൂത്ത് ലീഗിന്റേയും മുന്നിൽ ലീഗ് നേതാക്കൾക്ക് തലയുയർത്താനാകാത്ത സാഹചര്യവുമുണ്ടാകും.

അതേസമയം, ലീഗിന്റെ സ്ഥാനാർഥി നിർണയം സംബന്ധിച്ച് ഇന്ന് ചേരുന്ന പ്രവർത്തക സമിതിയിൽ അന്തിമ തീരുമാനമുണ്ടായേക്കും.
എന്നാൽ, യു ഡി എഫിൽ സീറ്റിനെ ചൊല്ലി തർക്കങ്ങൾ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. മുസ്‌ലിം ലീഗും കോൺഗ്രസും തമ്മിലുള്ള ബന്ധത്തിന് വർഷങ്ങളുടെ പാരമ്പര്യമുണ്ട്. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന മുന്നണി ആയതു കൊണ്ടാണ് ഇത്തരം ചർച്ചകൾ യു ഡി എഫിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉഭയകക്ഷി ചർച്ചയിൽ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങൾ ഇന്ന് നടക്കുന്ന പ്രവർത്തക സമിതി ചർച്ച ചെയ്യുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യു ഡി എഫിൽ സീറ്റ് വിഭജനം ഒരു വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു.