ഡോ: ഔസാഫ് സഈദ് സഊദിയിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതി

Posted on: March 8, 2019 11:13 pm | Last updated: March 8, 2019 at 11:13 pm

റിയാദ്: സഊദി അറേബ്യയിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി ഡോ: ഔസാഫ് സഈദ് ചുമതലയേല്‍ക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. നിലവിലെ ഇന്ത്യന്‍ സ്ഥാനപതി അഹമദ് ജാവേദിന്റെ കാലാവധി മാര്‍ച്ച് 15ന് അവസാനിക്കും.

2017 മുതല്‍ സീഷെല്‍സിലെ ഇന്ത്യന്‍ ഹൈകമ്മീഷണറായി പ്രവര്‍ത്തിച്ചു വരികയാണ് ഔസാഫ്. ജിയോളജിയില്‍ ഡോക്ടറേറ്റ് നേടിയ ഡോ: ഔസാഫ് 1989 ലെ ഐ എഫ് ബാച്ചുകാരനാണ്. 2004 ആഗസ്റ്റ് മുതല്‍ 2008 ജൂലൈ വരെ ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറലായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹജ്ജ് മിഷനുമായി ബന്ധപ്പെട്ട് വളരെ സ്തുത്യര്‍ഹമായ സേവന പ്രവര്‍ത്തനങ്ങളാണ് ഇദ്ദേഹം കാഴ്ചവെച്ചിരുന്നത്

ചിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍, യമന്‍ അംബാസഡര്‍, ഡെന്മാര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലാര്‍ ജനറല്‍ പദവികളും ഹൈദരാബാദിലെ പാസ്‌പോര്‍ട്ട് ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഹൈദരാബാദിലെ ഉസ്മാനിയ യൂനിവേഴ്സിറ്റിയില്‍ നിന്നാണ് ഔസാഫ് മാസ്റ്റര്‍ ബിരുദവും ജിയോളജിയില്‍ ഡോക്ടറേറ്റും നേടിയത്. അറബിക് ഭാഷയില്‍ കൈറോയിലെ അമേരിക്കന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഡിപ്ലോമയും നേടിയിട്ടുണ്ട്. എഴുത്തുകാരന്‍ കൂടിയായ ഔസോഫിന്റെ നിരവധി പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.