റഫാല്‍ രേഖകള്‍ മോഷ്ടിക്കപ്പെട്ടുവെന്ന് കോടതിയില്‍ പറഞ്ഞിട്ടില്ല: മലക്കം മറിഞ്ഞ് അറ്റോര്‍ണി ജനറല്‍

Posted on: March 8, 2019 9:54 pm | Last updated: March 9, 2019 at 10:17 am

ന്യൂഡല്‍ഹി: റഫാല്‍ രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടുവെന്ന് സുപ്രീം കോടതിയില്‍ വാദിച്ച അറ്റോര്‍ണി ജനറല്‍ വിവാദമുയര്‍ന്നതിനെ തുടര്‍ന്ന് നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞു. അങ്ങനെ താന്‍ പറഞ്ഞിട്ടില്ലെന്നും രേഖകളുടെ പകര്‍പ്പ് ഹരജിക്കാര്‍ ഉപയോഗിച്ചു എന്നാണ് വാദിച്ചതെന്നും അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പ്രതിപക്ഷം പ്രചരിപ്പിക്കുന്നത് തെറ്റായ കാര്യങ്ങളാണെന്നും വാര്‍ത്താ ഏജന്‍സിയോടു സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാര്‍ അതീവ രഹസ്യമെന്ന് നിര്‍വചിച്ചിട്ടുള്ള രേഖകളുടെ പകര്‍പ്പുകള്‍ ഉപയോഗിച്ചാണ് ഹരജിക്കാര്‍ കരാറുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ആവശ്യപ്പെടുന്നതെന്ന് വ്യക്തമാക്കാനാണ് കോടതിയില്‍ ശ്രമിച്ചത്. മറിച്ചുള്ള പ്രതിപക്ഷം ആരോപണം തെറ്റാണ്.

ഹരജിക്കാര്‍ ഹാജരാക്കിയ രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ചതാണെന്നും കുറ്റകരമായ കൃത്യമാണ് ഇതിലൂടെ അവര്‍ ചെയ്തതെന്നുമാണ് അറ്റോര്‍ണി ജനറല്‍ ബുധനാഴ്ച കോടതിയില്‍ പറഞ്ഞിരുന്നത്. സുപ്രധാന രേഖകള്‍ മോഷണം പോയെങ്കില്‍ അത് ഗുരുതരമായ സ്ഥിതിവിശേഷമാണെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് എ ജി പുതിയ വിശദീകരണവുമായി രംഗത്തെത്തിയത്.

യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് ഹിന്ദു ദിനപത്രം റിപ്പോര്‍ട്ടുകളില്‍ പ്രസിദ്ധീകരിച്ച മൂന്നു റഫാല്‍ രേഖകള്‍ തങ്ങള്‍ സമര്‍പ്പിച്ച ഹരജിയുടെ ഭാഗമായി കോടതിയില്‍ ഹാജരാക്കിയത്. രേഖകള്‍ മോഷണം പോയതിനെ കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തിയിരുന്നുവെന്നും എന്നാല്‍ പ്രഥമ വിവര റിപ്പോര്‍ട്ട് തയാറാക്കിയിരുന്നില്ലെന്നും എ ജി കോടതിയില്‍ വ്യക്തമാക്കിയിരുന്നു.