Connect with us

National

മുലായവും പോരിനിറങ്ങും; ആദ്യ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് സമാജ് വാദി പാര്‍ട്ടി

Published

|

Last Updated

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി തങ്ങളുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. പാര്‍ട്ടി സ്ഥാപകന്‍ മുലായം സിംഗ് യാദവ് അടക്കം ആറ് സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. 2014ല്‍ മത്സരിച്ച മെയിന്‍പുരിയിലാണ് മുലായം ജനവിധി തേടുക. 1999, 2004,2009 വര്‍ഷങ്ങളിലും മെയിന്‍പുരിയില്‍ നിന്നാണ് മുലായം വിജയിച്ചത്. 2014ല്‍ മെയിന്‍പുരിക്കൊപ്പം അസംഗഢിലും വിജയിച്ച മുലായം മെയിന്‍പുരി ഒഴിവാക്കുകയായിരുന്നു.

3.64 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മുലായം വിജയിച്ചത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മകന്‍ അഖിലേഷ് യാദവുമായുള്ള അഭിപ്രായ ഭിന്നത പരിഹരിച്ചുവെന്ന് സൂചന നല്‍കുന്നതാണ് മുലായത്തിന്റെ സ്ഥാനാര്‍ഥിത്വം. േേമാദിയെ വീണ്ടും പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് ലാക്‌സഭയിലെ അവസാന സമ്മേളനത്തില്‍ മുലയാം പറഞ്ഞത് എസ്പി ക്യാമ്പില്‍ ഞെട്ടലുണ്ടാക്കിയിരുന്നു.

ഉത്തര്‍പ്രദേശില്‍ ബിഎസ്പി സഖ്യത്തിലാണ് ഇത്തവണ എസ് പി മത്സരിക്കുന്നത്. ആകെയുള്ള 80 സീറ്റുകളില്‍ എസ്പി 38 സീറ്റിലും എസ്പി 37 സീറ്റിലുമാണ് മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയിലും സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയും സ്ഥാനാര്‍ഥികളെ നിര്‍ത്തേണ്ടെന്നും സഖ്യം തീരുമാനമെടുത്തിരുന്നു. പുതിയ സാഹചര്യത്തില്‍ കോണ്‍ഗ്രസും സഖ്യത്തില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസിന് 13 സീറ്റുകള്‍ നല്‍കാമെന്നാണ് എസ്പിയും ബിഎസ്പിയും വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍, കോണ്‍ഗ്രസ് ഇതിനോട് പ്രതികരിച്ചിട്ടില്ല.