Connect with us

Editorial

ഈ കരങ്ങളിലോ രാജ്യസുരക്ഷിതത്വം?

Published

|

Last Updated

രാജ്യം തന്റെ കരങ്ങളിൽ സുരക്ഷിതമാണെന്നാണ് ഇന്ത്യൻ സൈന്യം തീവ്രവാദികൾക്കെതിരെ ബലാക്കോട്ട് നേടിയെന്നു പറയപ്പെടുന്ന വിജയത്തെ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവകാശവാദം. അതേസമയം ആ കരങ്ങളിൽ രാജ്യം സുരക്ഷിതമല്ലെന്നാണ് റാഫേൽ കേസിൽ അറ്റോർണി ജനറൽ കെ കെ വേണുഗോപാലിന്റെ സുപ്രീംകോടതിയിലെ പരാമർശങ്ങൾ വ്യക്തമാക്കുന്നത്. സർക്കാർ അതീവ ഭദ്രമായി സൂക്ഷിച്ച റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് കളവുപോയെന്നും അതാണ് സർക്കാറിനെതിരെ കോടതിയിൽ എത്തിയ രേഖകളെന്നുമാണ് അറ്റോർണി ജനറൽ പറയുന്നത്. റാഫേൽ ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി നിരാകരിച്ച കോടതി വിധിയിൽ പുനഃപരിശോധന ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയോടൊപ്പം ഹാജരാക്കിയ രേഖകളെക്കുറിച്ചാണ് അറ്റോർണി ജനറലിന്റെ പരാമർശം. വിമാന ഇടപാട് സുതാര്യമാണെന്ന സർക്കാർ വാദത്തെ പൊളിച്ചടക്കുന്ന ഈ രേഖകൾ “ദിഹിന്ദു”ദിനപത്രം വെളിച്ചത്തു കൊണ്ടുവരികയും ചെയ്തിരുന്നു.

അഡ്വ. പ്രശാന്ത് ഭൂഷൺ, മുൻ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിൻഹ, അരുൺഷൂരി, എ എ പി രാജ്യസഭാംഗം സഞ്ജയ് സിംഗ് എന്നിവരാണ് പുനഃപരിശോധന ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇവർ സമർപ്പിച്ച രേഖകൾ കോടതി പരിഗണിച്ചാൽ സർക്കാർ വെട്ടിലാകുമെന്നതിനാൽ രേഖകളുടെ ഉറവിടം കണ്ടെത്താതെ അവ പരിശോധിക്കരുതെന്നും റാഫേൽ ഇടപാടിൽ ഇപ്പോൾ അന്വേഷണത്തിനുത്തരവിട്ടാൽ രാജ്യത്തിനു വൻതിരിച്ചടിയാകുമെന്നും എ ജി കോടതിയോടാവശ്യപ്പെടുകയും ചെയ്തു. കോടതിയിൽ നിന്ന് അന്വേഷണത്തിന് ഉത്തരവുണ്ടാകുമെന്ന ഭീതിയിലാണ് എ ജി മോഷണം ആരോപിക്കാൻ നിർബന്ധിതനായതെങ്കിലും, പ്രതിരോധ മന്ത്രാലയത്തിലെ അതിപ്രധാന രേഖകൾ പോലും ഭദ്രമായി സൂക്ഷിക്കാൻ കഴിയാത്ത ഒരു സർക്കാറിന്റെ കൈയിൽ രാജ്യം എത്രത്തോളം സുരക്ഷിതമാണെന്ന ചോദ്യം ഇതോടെ ഉയർന്നു വന്നിരിക്കുകയാണ്.
അഴിമതിയാരോപണം നേരിടുന്ന സർക്കാറിനെ രാജ്യസുരക്ഷയുടെ പേരുപറഞ്ഞ് രക്ഷിക്കാൻ ശ്രമിക്കുന്ന അറ്റോർണി ജനറലിന്റെ നിലപാടിനെ കേസ് പരിഗണിക്കുന്ന ബഞ്ചിലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ഉൾപ്പെടുന്ന മൂന്നംഗങ്ങളും രൂക്ഷമായി വിമർശിച്ചു. മോഷ്ടിച്ച രേഖകൾകൊണ്ട് ഒരു പ്രതിക്ക് തന്റെ നിരപരാധിത്വം തെളിയിക്കാൻ സാധിക്കുമെങ്കിൽ അവ കോടതി പരിശോധിക്കുന്നതിലെന്താണ് തെറ്റെന്നായിരുന്നു എ ജിയോട് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ ചോദ്യം. ഔദ്യോഗിക രഹസ്യനിയമപ്രകാരം ഒരാൾ ഏതെങ്കിലും കുറ്റം ചെയ്താലും ആ വ്യക്തി മുന്നോട്ടുവെക്കുന്ന തെളിവുകളുടെ പ്രസക്തി ഇല്ലാതാകുന്നില്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. പ്രതിരോധ മന്ത്രാലയത്തിലെ രേഖകൾ പരിശോധിക്കുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെങ്കിൽ ബൊഫോഴ്‌സ് കേസിലെ രേഖകൾ എങ്ങനെ പരിശോധിക്കുമെന്നായിരുന്നു ജസ്റ്റിസ് കെ എം ജോസഫിന്റെ പ്രതികരണം. ബൊഫോഴ്‌സ് കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയ ഡൽഹി ഹൈക്കോടതി വിധി ചോദ്യംചെയ്ത് സുപ്രീംകോടതിയെ ആദ്യം സമീപിച്ചത് ബി ജെ പി നേതാവ് അജയ് അഗർവാളാണെന്നത് ശ്രദ്ധേയമാണ്. ഉറവിടം അറിയാതെ രേഖകൾ പരിശോധിക്കരുതെന്ന വാദത്തെ 2ജി, കൽക്കരി കേസുകളിലെ സുപ്രീംകോടതി തീരുമാനം ചൂണ്ടിക്കാട്ടി അഡ്വ. പ്രശാന്ത് ഭൂഷണും ഖണ്ഡിച്ചു. പ്രസ്തുത കേസുകളിൽ സർക്കാർ ഭാഗത്തു നിന്ന് ഇത്തരമൊരാവശ്യം ഉയർന്നു വന്നപ്പോൾ കോടതി അതു നിരാകരിക്കുകയായിരുന്നു.
യു പി എ സർക്കാർ കാലത്തെ കരാറിനെക്കാൾ 32.79 കോടി യൂറോ കുറവാണ് തങ്ങൾ ഒപ്പു വെച്ച കരാറിലെ വിലയെന്നതുൾപ്പെടെ റാഫേലുമായി ബന്ധപ്പെട്ട് മോദി സർക്കാർ നടത്തുന്ന അവകാശവാദത്തിന്റെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടുന്നതാണ് “ദി ഹിന്ദു” പുറത്തു വിട്ടുകൊണ്ടിരിക്കുന്ന അന്വേഷണാത്മക റിപ്പോർട്ട്.

റാഫേൽ ഇടപാടിൽ ബേങ്ക് ഗ്യാരന്റി ഒഴിവാക്കിയതുവഴി ഫ്രഞ്ചുകമ്പനി ദാസോ 4554.52 കോടി രൂപ ലാഭമുണ്ടാക്കിയെന്നും “പറക്കാവുന്ന അവസ്ഥ”യിലുള്ള 36 വിമാനങളുടെ വിലയിൽ യു പി എ കാലത്തെക്കാൾ മോദിസർക്കാറിന് 1951 കോടിയോളം രൂപ അധികം ചെലവായതായും ഇടപാടിൽ വിലപേശലുകൾക്കായി പ്രതിരോധമന്ത്രാലയം നിയോഗിച്ച ഇന്ത്യൻ വിദഗ്ധ സംഘം (ഐ എൻ ടി) 2016 ജൂലായ് 21ന് പ്രതിരോധ മന്ത്രാലയത്തിന് സമർപ്പിച്ച അന്തിമറിപ്പോർട്ടിനെ ആധാരമാക്കി പത്രം റിപ്പോർട്ട് ചെയ്യുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി ബേങ്ക് ഗ്യാരന്റി ഒഴിവാക്കിയതിന്റെ ആഘാതം മറച്ചുവെച്ചു കൊണ്ടാണ് യു പി എ ഭരണകാലത്തെക്കാൾ 32.79 കോടി യൂറോ കുറവാണെന്ന് മോദി സർക്കാർ അവകാശവാദമുന്നയിക്കുന്നത്. ഐ എൻ ടി ക്ക് സമാന്തരമായി പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ ഇടപെടലുകൾ ഇന്ത്യയുടെ വിലപേശൽ ശേഷിയെ സാരമായി ബാധിച്ചതായി മുൻ പ്രതിരോധ സെക്രട്ടറി നേരത്തേ വെളിപ്പെടുത്തിയിരുന്നു.
“ദി ഹിന്ദു”വിന്റെ റിപ്പോർട്ട് വസ്തുതാപരമെങ്കിൽ റാഫേൽ കരാർ സംബന്ധിച്ച് സർക്കാർ നേരത്തേ കോടതിയിൽ പറഞ്ഞത് കളവാണ്. ഈ സാഹചര്യത്തിലാണ് പത്രം പുറത്തുകൊണ്ടുവന്ന രേഖകൾ മോഷ്ടിച്ചതാണെന്നും അതു മുഖവിലക്കെടുക്കരുതെന്നും എ ജി ആവശ്യപ്പെട്ടത്. പത്രത്തിൽ ഇതു സംബന്ധിച്ച ആദ്യ റിപ്പോർട്ട് പ്രസിദ്ധീകരിച്ച് ഒരു മാസം പിന്നിട്ടിട്ടും ആരാണ് രേഖ മോഷ്ടിച്ചതെന്ന് കണ്ടെത്താൻ എന്തുകൊണ്ട് സർക്കാറിനു കഴിഞ്ഞില്ലെന്ന കോടതിയുടെ ചോദ്യത്തിനു മുമ്പിൽ എ ജിക്ക് ഉത്തരം മുട്ടുകയും ചെയ്തു. പുൽവാമ തീവ്രവാദ ആക്രമണത്തോടെ റാഫേൽ വിസ്മൃതിയിലാകുമെന്നാണ് സർക്കാർ കരുതിയിരുന്നത്. പത്രത്തിന്റെ പുതിയ വെളിപ്പെടുത്തലോടെ വിഷയം പൊതുസമൂഹത്തിൽ കൂടുതൽ ചർച്ചക്കു വിധേയമാവുകയും കരാറിൽ തട്ടിപ്പുണ്ടെന്ന സന്ദേഹം ബലപ്പെട്ടിരിക്കുകയുമാണ്. കരാറിന് ക്ലീൻചിറ്റ് നൽകിയ ഡിസംബർ 14ലെ സുപ്രീംകോടതി വിധിയിൽ പുനഃപരിശോധനയുടെ അനിവാര്യതയിലേക്കാണ് ഇതു വിരൽ ചൂണ്ടുന്നത്.

---- facebook comment plugin here -----

Latest