എല്ല് പൊടിയുന്ന രോഗത്തെ അതിജീവിച്ച് ഫാത്വിമ അസ്‌ല

ഇന്ന് ലോക വനിതാ ദിനം
മലപ്പുറം
Posted on: March 8, 2019 11:34 am | Last updated: March 8, 2019 at 5:32 pm
ഫാത്വിമ അസ്‌ല മാതാപിതാക്കൾക്കൊപ്പം

ജന്മനായുള്ള എല്ല് പൊടിഞ്ഞു പോകുന്ന രോഗത്തെ അതിജീവിച്ച് ഫാത്വിമ അസ്‌ല സ്വന്തം കാലിൽ നിൽക്കാനും നടക്കാനും തുടങ്ങി. കോട്ടയം ഹോമിയോ മെഡിക്കൽ കോളജിൽ വിദ്യാർഥിനിയായ ഫാത്വിമക്ക് രണ്ട് മാസം മുമ്പ് കോയമ്പത്തൂരിൽ നടന്ന ശസ്ത്രക്രിയയിലൂടെയാണ് രോഗം മാറിയത്. സഹപാഠികളുടെ സന്മനസ്സിനാൽ സ്വരൂപിച്ച അഞ്ച് ലക്ഷം രൂപയും നാട്ടുകാരുടെ സഹായഹസ്തവുമാണ് വീണ്ടും തന്റെ സ്വപ്‌നസാക്ഷാത്കാരം പൂവണിഞ്ഞത്. എഴുന്നേറ്റ് നിൽക്കാനോ നടക്കാനോ കഴിയാത്ത ഫാത്വിമ വർഷങ്ങളായി നുറുങ്ങുന്ന വേദനയുമായി വീൽചെയറിലാണ് സഞ്ചരിച്ചിരുന്നത്.

ഇടതുകാലിന് മാത്രം അറുപത് തവണയിലധികം പൊട്ടലുണ്ടായിട്ടുണ്ട്. ഒരുപാട് മരുന്നുകളെല്ലാം ശരീരത്തിന് നൽകിയെങ്കിലും സാമ്പത്തിക പരാധീനത പ്രതീക്ഷകളെല്ലാം തകിടംമറിഞ്ഞു. ആത്മവിശ്വാസവും ശുഭാപ്തി വിശ്വാസവുമായിരുന്നു വിദ്യയുടെ വെളിച്ചത്തിൽ ഉയരങ്ങൾ കീഴടക്കാൻ 22 കാരിയായ ഫാത്വിമക്ക് കഴിഞ്ഞത്. ഡോക്ടറാകണമെന്ന തന്റെ ആഗ്രഹം ഈ വർഷം സഫലമാകാൻ പോകുകയാണ്. ഇതിന് മാതാപിതാക്കളുടെയും സൃഹൃത്തുക്കളുടെയും അകമഴിഞ്ഞ പിന്തുണയാണ് കരുത്ത് നൽകിയിരുന്നത്.

ജന്മനാ നടക്കാൻ കഴിഞ്ഞില്ലെന്ന് കരുതി വീടിന്റെ നാല് ചുമരിനകത്തിരുത്താൻ താമരശ്ശേരി പൂക്കോട് വട്ടിക്കുന്നുമ്മൽ അബ്ദുൽ നാസർ – ആമിന ദമ്പതികൾ ഒരുക്കമായിരുന്നില്ല. അവളുടെ സ്വപ്‌നങ്ങൾ ചിറക് മുളക്കുന്നതിന് വേണ്ടി അവരും പ്രയത്‌നിച്ചു.

പള്ളിക്കൂടങ്ങളിൽ വിദ്യ നുകരുന്നതിന് വേണ്ടി ഫാത്വിമയോടൊപ്പം മാതാപിതാക്കളും കൂടെ പോയിരുന്നു. തോക്കുതോട്ടം ഗവ. എൽ പി സ്‌കൂളിൽ പഠിക്കുമ്പോൾ ഫാത്വിമയെ ഉമ്മയെടുത്താണ് കൊണ്ടുപോയിരുന്നത്. ക്ലാസിലെ സഹായത്തിന് വേണ്ടി കുട്ടിയെ പോലെ ഉമ്മയും കൂടെ ബെഞ്ചിലിരുന്നു.

തുടർന്ന് താമരശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പഠിക്കുമ്പോൾ മുച്ചക്ര വാഹനം സർക്കാർ നൽകിയിരുന്നു. അതിലായിരുന്നു സ്‌കൂൾ മുറ്റത്ത് എത്തിയിരുന്നത്. പിന്നീട് എൻട്രൻസ് എഴുതി കോട്ടയം മെഡിക്കൽ ഹോമിയോ കോളജിൽ അഡ്മിഷൻ ലഭിച്ചു. ഇവിടെയും സഹായത്തിന് വേണ്ടി മാതാവായ ആമിനയും കൂട്ടിനുണ്ട്.
ഏഴാം ക്ലാസ് മുതൽ കോട്ടയം മെഡിക്കൽ കോളജിലെ പഠന ചെലവുകളെല്ലാം കാരന്തൂർ മർകസാണ് വഹിക്കുന്നത്. പഠനത്തിലുള്ള മികവിന് പുറമേ എഴുത്ത് രംഗത്തും വെന്നിക്കൊടി പാറിക്കുന്നുണ്ട്. ബ്ലോഗിൽ സ്ഥിരമായി എഴുതാറുണ്ട്. പരിമിതിയുണ്ടെന്ന് കരുതി തളർന്നിരിക്കാതെ ലക്ഷ്യബോധവും നിശ്ചയദാർഢ്യവുമുണ്ടെങ്കിലും എന്തും നേടിയെടുക്കാൻ കഴിയുമെന്നാണ് തന്റെ അനുഭവ സാക്ഷ്യമെന്ന് ഫാത്വിമ അസ്‌ല സിറാജിനോട് പറഞ്ഞു. സഹോദരങ്ങൾ: മുഹമ്മദ് അസ്‌ലം, അഹമ്മദ് അഫ്‌സൽ, ആഈശ ബാനു.

 

കമറുദ്ദീൻ എളങ്കൂർ
മലപ്പുറം