സി പി എം ഏരിയാ കമ്മിറ്റി അംഗത്തിന്റെ മകന് ജോലി തീരുമാനത്തിനെതിരെ അമർഷം

Posted on: March 8, 2019 10:41 am | Last updated: March 8, 2019 at 10:41 am

ഒറ്റപ്പാലം: സി പി എം ഏരിയാ കമ്മിറ്റി അംഗത്തിന്റെ മകന് സഹകരണ ബാങ്കിൽ ജോലി നൽകാനുള്ള തീരുമാനത്തിനെതിരെ പാർട്ടി പ്രാദേശിക ഘടകത്തിൽ അമർഷം. ജോലി നൽകാൻ തീരുമാനമെടുത്ത ഒറ്റപ്പാലം ഏരിയാ കമ്മിറ്റിക്കെതിരെ ജില്ലാ കമ്മിറ്റിക്ക് പരാതി ലഭിച്ചു.
കണ്ണിയംപുറം തെരുവ് ബ്രാഞ്ച് കമ്മിറ്റിയിലെ അംഗമാണ് ജില്ലാ സെക്രട്ടറിക്ക് പരാതി നൽകിയത്. ജോലി നൽകിയ നടപടി സ്വജനപക്ഷപാതവും അഴിമതിയും സംഘടനാവിരുദ്ധവുമാണെന്ന് പരാതിയിൽ പറയുന്നു. കഴിഞ്ഞ ഒറ്റപ്പാലം സി പി എം ഏരിയാ കമ്മിറ്റി യോഗത്തിലാണ് ഏരിയാ കമ്മിറ്റി അംഗത്തിന്റെ മകന് ജോലി നൽകാനുള്ള തീരുമാനമുണ്ടായത്. ജീവിതപ്രശ്‌നങ്ങൾക്കിടയിലും പാർട്ടി പ്രവർത്തനം നടത്തുന്നവരെ തഴഞ്ഞ് പാർട്ടി അംഗമല്ലാത്ത ബഹുജന സംഘടനകളിൽ പ്രവർത്തിക്കാത്ത ഒരാൾക്ക് ജോലി നൽകിയത് അഴിമതിയാണെന്നും പരാതിയിൽ ആരോപിക്കുന്നു.

ഏരിയാ കമ്മിറ്റി അംഗത്തിന്റെ കുടുംബത്തിലെ മൂന്നു പേർ പാർട്ടി ആനുകൂല്യംപറ്റിയാണ് ഉപജീവനം നടത്തുന്നത്. ഇതിനുപുറമെയാണ് ഇപ്പോൾ ഇളയ മകന് ബാങ്കിൽ ജോലി കൊടുക്കാൻ തീരുമാനിച്ചിട്ടുള്ളത്.
ഇതാണ് പാർട്ടി അടിത്തട്ടിൽ അമർഷമുയരാൻ കാരണമായത്. ഇത് അംഗീകരിക്കാനാവില്ലെന്നും പൊതുജനങ്ങൾക്കും മറ്റ് അംഗങ്ങൾക്കും പാർട്ടിയെ കുറിച്ച് അവമതിപ്പും അപമാനവും ഉണ്ടാക്കുന്ന തീരുമാനമാണിതെന്നും ജില്ലാ സെക്രട്ടറിക്ക് നൽകിയ പരാതിയിൽ പറയുന്നു. സ്വജനപക്ഷപാതപരമായ നടപടി റദ്ദ് ചെയ്യണമെന്നും ഇത്തരത്തിൽ തീരുമാനമെടുത്ത് പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിന് ഏരിയാ കമ്മിറ്റി നേതാക്കൾക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി അവസാനിപ്പിക്കുന്നത്.

കണ്ണിയംപുറം തെരുവ് ബ്രാഞ്ചിന് പുറമെ മറ്റ് പല ബ്രാഞ്ചുകളിൽ നിന്നും ഈ വിഷയത്തിൽ ജില്ലാ സെക്രട്ടറിക്ക് പരാതി ലഭിച്ചതായാണ് സൂചന. പരാതി ലഭിച്ചതായി ജില്ലാ കമ്മിറ്റി ഭാരവാഹികളും സ്ഥിരീകരിക്കുന്നു.
അതേസമയം, ഏരിയാ കമ്മിറ്റി അംഗത്തിന്റെ മകന് ജോലി നൽകാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട് ഏരിയാ കമ്മിറ്റിക്കെതിരെ ജില്ലാകമ്മിറ്റിക്ക് പരാതി ലഭിച്ചതായി അറിവില്ലെന്ന് ഏരിയ സെക്രട്ടറി എസ് കൃഷ്ണദാസ് പറഞ്ഞു.