ജലീലിന്റെ മരണത്തില്‍ ഞെട്ടല്‍ മാറാതെ പാണ്ടിക്കാട്

Posted on: March 8, 2019 10:38 am | Last updated: March 8, 2019 at 10:38 am


വണ്ടൂര്‍: സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ കനലെരിയുന്ന പാണ്ടിക്കാട് നിന്നും സി പി ജലീല്‍ തീവ്ര ഇടതിലേക്കെത്തുന്നത് സഹോദരങ്ങളുടെ വഴിയേ സഞ്ചരിച്ചാണ്. പാണ്ടിക്കാട് വളരാടുള്ള ഒമ്പതംഗ കുടുംബത്തിലെ മിക്ക സഹോദരങ്ങളും വിപ്ലവ വഴിയില്‍ സജീവമായിരുന്നു. ഒമ്പത് മക്കളില്‍ ഏഴാമനായി ജനിച്ച ജലീല്‍ സ്‌കൂള്‍ പഠന കാലത്ത് എസ് എഫ് ഐയുടെ സജീവ പ്രവര്‍ത്തകനും യൂനിറ്റ് ഭാരവാഹിയുമായിരുന്നു.
2015 ലാണ് മാവോയിസ്റ്റ് ആശയങ്ങളില്‍ അകൃഷ്ടനായി ജലീല്‍ ഒളിവില്‍ പോകുന്നത്. പിന്നീട് നാടുമായി ബന്ധമൊന്നും ഇയാള്‍ക്കുണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. സഹോദരങ്ങളായ ഇസ്മാഈലും മൊയ്തീനും റഷീദുമെല്ലാം സജീവ മാവോയിസ്റ്റ് പ്രവര്‍ത്തകരാണ്. വര്‍ഷങ്ങളായി മൊയ്തീന്‍ ഒളിവിലാണ്. ഒളി പ്രവര്‍ത്തനത്തിനിടെ ബോംബ് നിര്‍മാണത്തിനിടയില്‍ മൊയ്തീന്റെ ഒരു കൈ മുട്ടിന് താഴെ പൂര്‍ണമായും നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിനുള്ള വിവരം.

ഇസ്മാഈലാകട്ടെ 2015ല്‍ മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളിക്കൊപ്പം പൂനെയില്‍ പിടിയിലായതിന് ശേഷം ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. മനുഷ്യാവകാശ സംഘടനകളില്‍ സജീവമായ റഷീദാണ് വയനാട്ടിലെത്തി സഹോദരനെ തിരിച്ചറിഞ്ഞത്. ഇളയ സഹോദരനായ ജിഷാദ് തീവ്ര ഇടതുപക്ഷത്തിന്റെ വിദ്യാര്‍ഥി വിഭാഗത്തിന്റെ ഭാരവാഹിയാണ്. പാണ്ടിക്കാട് ടൗണില്‍ വാടക വീട്ടില്‍ താമസിക്കുന്ന ഇവരുടെ ഉമ്മക്ക് മൂന്ന് പെണ്‍മക്കള്‍ കൂടിയുണ്ട്. വര്‍ഷങ്ങളായി നേരില്‍ കണ്ടിട്ടില്ലാത്ത മകന്റെ ശബ്ദം ഫോണിലെങ്കിലും കേള്‍ക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ആശിക്കാറുണ്ടെങ്കിലും ഇനി സാധിക്കില്ലെന്ന സത്യം ഈ ഉമ്മയെ തളര്‍ത്തുകയാണ്. പരുക്കേറ്റ സഹോദരന് ചികിത്സ നല്‍കാതിരുന്നതാണ് മരണത്തിന് കാരണമായതെന്ന് സഹോദരന്‍ ജിഷാദ് പറഞ്ഞു. പോസ്റ്റ് മോര്‍ട്ടം ചെയ്തതിന് ശേഷം മയ്യിത്ത് ഇന്ന് പാണ്ടിക്കാട് എത്തിച്ചു സംസ്‌കരിക്കും.