പോരൂർ മുസ്‌ലിം ലീഗിൽ കൂട്ടരാജി

Posted on: March 8, 2019 10:32 am | Last updated: March 8, 2019 at 10:32 am


വണ്ടൂർ: ചികിത്സാ സഹായസമിതി ഫണ്ടിൽ തിരിമറി നടത്തിയ സെക്രട്ടറിയെ പാർട്ടി സംരക്ഷിക്കുന്നുവെന്നാരോപിച്ച് പോരൂർ പഞ്ചായത്ത് ലീഗിൽ വീണ്ടും പൊട്ടിത്തെറി. പാർട്ടി ഭാരവാഹികളടക്കം 35ഓളം പേർ ഇതിന്റെ പേരിൽ രാജിവെച്ചെന്ന അവകാശവുമായി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.

എന്നാൽ പുറത്താക്കിയ ആളുകൾ തെറ്റായ അവകാശ വാദം ഉന്നയിക്കുകയാണെന്നാണ് പഞ്ചായത്ത് ലീഗ് കമ്മിറ്റിയുടെ നിലപാട്. അയനിക്കോടുള്ള വിദ്യാർഥിനിയുടെ ചികിത്സാ സഹായത്തിനായി പിരിച്ച ഫണ്ടുമായി ബന്ധപ്പെട്ടാണ് മുസ്‌ലിം ലീഗിനകത്ത് വിവാദം പുകയുന്നത്.
പാർട്ടി പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറിയടക്കം ഉന്നയിച്ചിരുന്നത്. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ പാർട്ടി ഭാരവാഹിത്വങ്ങൾ രാജിവെച്ചുള്ള പ്രതിഷേധങ്ങൾ തുടരുന്നത്.
ബന്ധപ്പെട്ടയാളെ സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടി സ്വീകരിക്കുന്നതെന്നും ഇവർ ആരോപിച്ചു. എന്നാൽ സംഭവത്തിൽ വസ്തുതയില്ലെന്ന നിലപാടിലാണ് പഞ്ചായത്ത് മുസ്‌ലിം ലീഗ് നേതൃത്വം.

തെറ്റായ പ്രചരണത്തിന് നേതൃത്വം നൽകിയ ലീഗ്, യൂത്ത് ലീഗ് ഭാരവാഹികളെ നേരത്തെ തന്നെ ഭാരവാഹിത്വത്തിൽ നിന്നും നീക്കം ചെയ്തിരുന്നുവെന്നും ഇവരാണ് ഇപ്പോൾ തെറ്റായ പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതെന്നുമാണ് പഞ്ചായത്ത് നേതൃത്വം പറയുന്നത്. പഞ്ചായത്ത് നേതൃത്വത്തിന് പരാതി നൽകാനെന്ന വ്യാജേനെ നിരവധി പേരിൽ നിന്നും ഒപ്പുകൾ ശേഖരിച്ച് പിന്നീട് രാജിവെക്കുന്നുവെന്ന പേരിൽ പ്രസിദ്ധീകരിക്കുകയായിരുന്നുവെന്നും ഇവർ പറഞ്ഞു.
എന്നാൽ കാലങ്ങളായി പോരൂർ ലീഗിനകത്തുള്ള ചേരിപ്പോരാണ് സഹായ പിരിവുമായി ബന്ധപ്പെട്ട പരസ്യ പൊട്ടിത്തെറിയിലെത്തിയതെന്നാണ് മണ്ഡലം നേതൃത്വത്തിന്റെ വിലയിരുത്തൽ.