ചാലക്കുടിയില്‍ ഇന്നസെന്റ് തന്നെ, കാസര്‍കോട്ട് സതീഷ് ചന്ദ്രന്‍; സിപിഎം സ്ഥാനാര്‍ഥി ചിത്രമായി

Posted on: March 7, 2019 1:58 pm | Last updated: March 7, 2019 at 8:04 pm

തിരുവനന്തപുരം: പൊന്നാനി ഒഴികെ, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സിപിഎം സ്ഥാനാര്‍ഥികളുടെ ചിത്രമായി. സിപിഎം സംസ്ഥാന സമിതിയിലാണ് തീരുമാനമായത്. ചാലക്കുടിയില്‍ ഇന്നസെന്റ് തന്നെ മത്സരിക്കും. സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പ് മറികടന്നാണ് തീരുമാനം. ഇന്നസെന്റിന് ജയസാധ്യതയില്ലെന്ന് പാര്‍ലിമെന്റ് മണ്ഡലം കമ്മിറ്റി വിലയിരുത്തിയിരുന്നു.
കാസര്‍കോട് സതീഷ് ചന്ദ്രനും കോട്ടയത്ത് വിഎന്‍ വാസവനും പത്തനംതിട്ടയില്‍ വീണ ജോര്‍ജും മത്സരിക്കും. പൊന്നാനിയില്‍ പൊതു സ്വതന്ത്രനാകും മത്സരിക്കുക. പൊന്നാനിയിലെ സ്ഥാനാര്‍ഥിയെ മറ്റന്നാള്‍ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അന്തിമ തീരുമാനമെടുക്കും.

കോട്ടയം സീറ്റിലേക്ക് സിന്ധുമോള്‍ ജേക്കബിന്റെ പേരാണ് നിര്‍ദേശിച്ചിരുന്നതെങ്കിലും വി എന്‍ വാസവന്‍ മത്സരിക്കണമെന്നായിരുന്നു മണ്ഡലം കമ്മിറ്റിയുടെ അഭിപ്രായം. മത്സരിക്കാനില്ലെന്ന് വാസവന്‍ അറിയിച്ചെങ്കിലും യോഗം അംഗീകരിച്ചില്ല.

മറ്റ് മണ്ഡലങ്ങളില്‍ എ സമ്പത്ത് (ആറ്റിങ്ങല്‍), ജോയ്‌സ് ജോര്‍ജ് (ഇടുക്കി), എം ബി രാജേഷ് (പാലക്കാട്) പി കെ ബിജു (ആലത്തൂര്‍), പി കെ ശ്രീമതി (കണ്ണൂര്‍), കെ എന്‍ ബാലഗോപാല്‍ (കൊല്ലം), എ എം ആരിഫ് (ആലപ്പുഴ), പി രാജീവ് (എറണാകുളം), എ പ്രദീപ് കുമാര്‍ (കോഴിക്കോട്), പി ജയരാജന്‍ (വടകര) എന്നിവര്‍ സ്ഥാനാര്‍തികളാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.