റഫാല്‍: മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിയ അറ്റോര്‍ണി ജനറലിന്റെ നടപടിയെ അപലപിച്ച് എഡിറ്റേഴ്‌സ് ഗില്‍ഡ്

Posted on: March 7, 2019 12:56 pm | Last updated: March 7, 2019 at 6:39 pm

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിയ അറ്റോര്‍ണി ജനറലിന്റെ നടപടിയെ എഡിറ്റേഴ്‌സ് ഗില്‍ഡ് അപലപിച്ചു. ഇന്നലെ, റാഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട സുപ്രീം കോടതിയില്‍ വാദം നടക്കുന്നതിനിടെയാണ്, കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിയത്. പുതുതായി വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്ന രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ചതാണെന്നും മന്ത്രാലയം ആഭ്യന്തര അന്വേഷണം നടത്തി, രണ്ട് മാധ്യമ സ്ഥാപനങ്ങള്‍ക്കും ഒരു അഭിഭാഷകര്‍ക്കുമെതിരെ ക്രിമിനല്‍ കേസെടുക്കുമെന്നുമായിരുന്നു വേണുഗോപാലിന്റെ ഭീഷണി.

ഹിന്ദു ദിനപത്രവും കേസിലെ ഹരജിക്കാരും മോഷ്ടിച്ച രേഖകളെയാണ് ആശ്രയിക്കുന്നത്. ഔദ്യോഗിക രഹസ്യ നിയമ പ്രകാരം ഇവര്‍ക്കെതിരെ നടപടി ഉണ്ടാകും. അവര്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കും. ഇത്തരം രഹസ്യ രേഖകള്‍ കോടതി പരിഗണിക്കരുതെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു. കോടതിയെ സ്വാധീനിക്കാനാണ് മാധ്യമത്തില്‍ വാര്‍ത്തകള്‍ വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

യഥാര്‍ഥ വസ്തുതകള്‍ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടു വരുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന അറ്റോര്‍ണി ജനറലിന്റെ നടപടി കോടതിയ ലക്ഷ്യമാണെന്ന് പ്രശാന്ത് ഭൂഷണ്‍ വാദിച്ചിച്ചിരുന്നു. വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളെ മാത്രമല്ല ഹരജിക്കാര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് പറയുന്നത് ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.