വയനാട്ടില്‍ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സിപി ജലീലെന്ന് പോലീസ്

Posted on: March 7, 2019 9:29 am | Last updated: March 7, 2019 at 1:32 pm

വൈത്തിരി: വയനാട്ടിലെ വൈത്തിരിയില്‍ തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് സിപി ജലീല്‍ കൊല്ലപ്പെട്ടു. പോലീസാണ് ഇക്കാര്യം അറിയിച്ചത്. പുലര്‍ച്ചെവരെ നീണ്ടുനിന്ന ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റിന് ഗുരുതരമായി പരുക്കേറ്റു എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. വെടിവെപ്പ് അവസാനിച്ച ശേഷം നടത്തിയ പരിശോധനയിലാണ് ഒരാള്‍ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചത്.

ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ റേഞ്ച് ഐജി വയനാട്ടിലെത്തി. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. സബ് കലക്ടര്‍ എന്‍ എസ് കെ ഉമേഷിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. കനത്ത സുരക്ഷാ വലയത്തിലാണ് വൈത്തിരി ഇപ്പോള്‍. പ്രദേശത്തേക്ക് മറ്റ് ജില്ലകളില്‍ നിന്നുള്ള തണ്ടര്‍ബോള്‍ട്ട് സംഘം രാവിലെ എത്തുമെന്ന് പൊലീസ് അറിയിച്ചു.

വൈത്തിരി ദേശീയപാതക്ക് സമീപമുള്ള ഉപവന്‍ എന്ന സ്വകാര്യ റിസോര്‍ട്ടിനുള്ളിലാണ് വെടിവെപ്പുണ്ടായത്.
റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റുകള്‍ ഉടമയോട് പണം ആവശ്യപ്പെട്ടു. ഈ സമയം അവിടെയുണ്ടായിരുന്ന ചില പോലീസ് ഉദ്യോഗസ്ഥര്‍ ഇവരെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് സ്ഥലത്തെത്തിയ കേരള പോലീസിന്റെ തണ്ടര്‍ബോള്‍ട്ട് സംഘവും മാവോയിസ്റ്റുകളും വെടിവെപ്പ് ആരംഭിക്കുകയായിരുന്നു. രാത്രി ഒമ്പതോടെയായിരുന്നു സംഭവം. പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും വയനാട്- കോഴിക്കോട് ദേശീയപാതയില്‍ ഗതാഗതം തടയുകയും ചെയ്തിട്ടുണ്ട്. ഇത് പിന്നീട് പുനസ്ഥാപിച്ചു.