ഡല്‍ഹി ഹൈക്കോടതി ഹരജി തള്ളി: സുനന്ദയുടെ രേഖകള്‍ പുറത്തുവിട്ട അര്‍ണബിനെതിരെ കേസെടുക്കും

Posted on: March 6, 2019 6:55 pm | Last updated: March 6, 2019 at 10:11 pm

ന്യൂഡല്‍ഹി: ശശി തരൂര്‍ എംപിയുടെ ഹരജിയില്‍ തനിക്കെതിരെ എഫ്‌ഐആര്‍ എടുക്കണമെന്ന ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ടു മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയും റിപ്പബ്ലിക് ടിവിയും നല്‍കിയ അപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണു നടപടി.

ഹരജി തള്ളിയ സാഹചര്യത്തില്‍ അര്‍ണബിനെതിരെ കേസെടുക്കും. സുനന്ദ പുഷ്‌കറിന്റെ ആന്തരിക അവയവ പരിശോധന റിപ്പോര്‍ട്ട് ഉള്‍പ്പടെയുള്ള രേഖകള്‍ അര്‍ണബിന്റെ ഉടമസ്ഥതയിലുള്ള റിപ്പബ്ലിക് ടിവി പരസ്യപ്പെടുത്തിയതിനു തരൂരിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അര്‍ണാബിനെതിരെ കേസെടുക്കാന്‍ മെട്രോപൊലീറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് അര്‍ണബ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.