തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരിക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതയില്‍

Posted on: March 6, 2019 4:25 pm | Last updated: March 6, 2019 at 6:56 pm

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ . വിമാനത്താവളത്തിനായി സംസ്ഥാന സര്‍ക്കാര്‍ സ്ഥലം അനുവദിക്കുമ്പോള്‍ സ്വകാര്യ വല്‍ക്കരണം ഉണ്ടാകില്ലെന്നാണ് വ്യോമയാന മന്ത്രാലയം അറിയിച്ചത്. അങ്ങനെയൊരു ആലോചന വരുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇത്തരം കൂടിയാലോചനകള്‍ ഇല്ലാതെയാണ് ഇപ്പോള്‍ വിമാനത്താവളം സ്വകാര്യവത്കരിച്ചതെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയിരുന്ന ഹരജിയില്‍ പറയുന്നു.

വിമാനത്താവളത്തിനായി തിരുവിതാംകൂര്‍ രാജ്യം നല്‍കിയ 258.06 ഏക്കര്‍ ഭൂമി നിലവില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ളതാണ്. 2003ല്‍ 27 ഏക്കര്‍ ഭൂമി ഏറ്റെടുത്തു നല്‍കുകയുമുണ്ടായെന്നും ഹരജിയില്‍ വ്യക്തമാക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യവത്കരണം പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ മുഖ്യമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്തെഴുതിയിരുന്നു. വിമാനത്താവള നടത്തിപ്പ് മറ്റാര്‍ക്കെങ്കിലും നല്‍കുന്നുവെങ്കില്‍ രണ്ട് വിമാനത്താവളങ്ങള്‍ നടത്തി പരിചയമുള്ള കേരള സര്‍ക്കാറിന് നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹി, മുംബൈ വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുമ്പോള്‍ ഇക്കാര്യം പരിഗണിച്ചിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാറിന് യോഗ്യതയുള്ളതിനാല്‍ തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തില്‍ മുന്‍പരിചയമെന്ന വ്യവസ്ഥ കേന്ദ്രം ഒഴിവാക്കിയെന്നും ഹരജിയില്‍ പറയുന്നുണ്ട്.