Connect with us

Kerala

റഫാല്‍ രേഖകള്‍ മോഷ്ടിക്കപ്പെട്ടെന്ന് കേന്ദ്ര സര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: റഫാല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. അറ്റോണി ജനറല്‍ കെ.കെ വേണുഗോപാലാണ് ഇക്കാര്യമറിയിച്ചത്. ദ ഹിന്ദു ദിനപത്രത്തില്‍ ചീഫ് എഡിറ്റര്‍ എന്‍ റാം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത മോഷ്ടിച്ച രേഖ അടിസ്ഥാനപ്പെടുത്തിയാണെന്നും ഔദ്യോഗിക രഹസ്യ നിയമ പ്രകാരം ഇത് കുറ്റകരമാണെന്നും വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ കേസെടുക്കണമെന്നും സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. രേഖകള്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സ്വീകരിച്ച നടപടികള്‍ ഉച്ചക്ക് ശേഷം അറിയിക്കാന്‍ കോടതി അറ്റോണി ജനറലിന് നിര്‍ദേശം നല്‍കി.

റാഫേല്‍ യുദ്ധ വിമാന ഇടപാടില്‍ കേന്ദ്ര സര്‍ക്കാറിന് ക്ലീന്‍ചിറ്റ് നല്‍കിയ ഉത്തരവ് പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീ കോടതി. കഴിഞ്ഞ ഡിസംബര്‍ 14ന് റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. ഇത് പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി, പ്രശാന്ത് ഭൂഷന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി നേരത്തെ ചീഫ് ജസ്റ്റിസിന്റെ ചേമ്പറില്‍ പരിഗണിച്ചാണ് തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് വ്യക്തമാക്കിയത്.

സര്‍ക്കാര്‍ മുദ്രവച്ച കവറില്‍ തെറ്റായ വിവരം നല്‍കുകയും അത് തിരുത്തേണ്ട സാഹചര്യമുണ്ടാക്കുകയും ചെയ്തത് പരമോന്നത കോടതിയുടെ പവിത്രതക്ക് മങ്ങലേല്‍പ്പിച്ചുവെന്നതടക്കമുള്ള വാദങ്ങളാണ് ഹര്‍ജിക്കാര്‍ ഉന്നയിക്കുന്നത്. സി എ ജി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പ് തന്നെ റിപ്പോര്‍ട്ടില്‍ സര്‍ക്കാറിന് ക്ലീന്‍ ചീറ്റ് നല്‍കിയെന്ന് വ്യക്തമാക്കിയാണ് സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചതെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയതെന്നും പുനപ്പരിശോധനാ ഹര്‍ജിയില്‍ പറയുന്നുണ്ട്.റാഫേല്‍ വിമാനം വാങ്ങാനുള്ള കേന്ദ്രസര്‍ക്കാറിന്റെ നയപരമായ തീരുമാനങ്ങളില്‍ ഇടപെടില്ലെന്നും ഇതുസംബന്ധിച്ച് ഫ്രാന്‍സുമായി ഉണ്ടാക്കിയ കരാറില്‍ സംശയിക്കത്തക്കതായി ഒന്നുമില്ലെന്നും വ്യക്തമാക്കിയാണ് സുപ്രീം കോടതി നേരത്തെ ഇതു സംബന്ധിച്ച ഹര്‍ജികള്‍ തള്ളിയത്

Latest