ഇന്ത്യയിലും ചുവടുറപ്പിക്കാൻ മാഞ്ചസ്റ്റർ സിറ്റി

Posted on: March 6, 2019 9:38 am | Last updated: March 6, 2019 at 9:38 am

ഇംഗ്ലണ്ട്: ഇന്ത്യയില്‍ ഫുട്‌ബോള്‍ ക്ലബ് സ്വന്തമാക്കാന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ആലോചിക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെ ഒരു ഫുട്‌ബോള്‍ ടീമില്‍ നിക്ഷേപം നടത്തുമെന്ന് മാഞ്ചസ്റ്റര്‍ സിറ്റി ഓഹരി ഉടമകളായ സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ് (സി എഫ് ജി) ചീഫ് എക്‌സിക്യുട്ടീവ് ഫെറന്‍ സോറിയാനോ വ്യക്തമാക്കി. ഏഷ്യയില്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ നീക്കം. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യ തങ്ങളുടെ നിരീക്ഷണത്തിലാണെന്നും അവസരത്തിനായി കാത്തിരിക്കുകയാണെന്നു കൂടി സോറിയാനോ പറഞ്ഞുവെച്ചു.

അതേസമയം, ഐ എസ് എല്‍ ക്ലബ്ബായ മുംബൈ സിറ്റി എഫ് സിയിലായിരിക്കും സി എഫ് ജി നിക്ഷേപം നടത്തുക എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് മാഞ്ചസ്റ്റര്‍ സിറ്റി ഉടമ അബൂദബി യുനൈറ്റ് ഗ്രൂപ്പ് ഇന്‍സെസ്റ്റ്‌മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് ലിമിറ്റഡും മുംബൈ സിറ്റി ഉടമസ്ഥകളായ ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍, ബിമല്‍ പരേഖ് എന്നിവരുമായിചര്‍ച്ച നടത്തിയതായും ചില കായിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അബൂദബി യുനൈറ്റ് ഗ്രൂപ്പ് ഇന്‍സെസ്റ്റ്‌മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് ലിമിറ്റഡിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏഴ് ഫുട്‌ബോള്‍ ക്ലബ്ബുകളില്‍ ഇതിനകം നിക്ഷേപം നടത്തിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ചൈനയിലെ തേര്‍ഡ് ഡിവിഷന്‍ ഫുട്‌ബോള്‍ ക്ലബ്ബായ സിചുവാന്‍ ജിയുനിയുവാണ് അവര്‍ സ്വന്തമാക്കിയത്.

അമേരിക്കയിലെ ന്യൂയോര്‍ക്ക് എഫ് സി, ആസ്‌ത്രേലിയയിലെ മെല്‍ബണ്‍ സിറ്റി എഫ് സി, ജപ്പാനിലെ യോക്കൊഹാമ എഫ് മാരിനോസ്, യുറഗ്വായ് ഫുട്‌ബോള്‍ ക്ലബ് അത്‌ലെറ്റിക്കോ ടോര്‍ക്ക്, സ്പാനിഷ് ലാ ലീഗ ടീം ജിറോണ എഫ് സി എന്നിവയിലാണ് സിറ്റിക്ക് ഓഹരികളുള്ള മറ്റ് ക്ലബ്ബുകള്‍. ന്യൂയോര്‍ക്ക് എഫ് സി സ്വന്തമാക്കിയതോടെയാണ് ടീമുകളുടെ അംബ്രല്ല ഓര്‍ഗനൈസേഷന്‍ എന്ന നിലയില്‍ സി എഫ് ജി രൂപവത്കരിച്ചത്. നിലവിലുള്ള ഏഴെണ്ണത്തിന് പുറമെ രണ്ടോ മൂന്നോ ടീമുകളില്‍ കൂടി നിക്ഷേപം നടത്താന്‍ സി എഫ് ജിക്ക് സാധിക്കുമെന്ന് സോറിയാനോ പറഞ്ഞു.

കേരളത്തില്‍ നിന്നുള്ള ഐ എസ് എല്‍ ടീമായ കേരള ബ്ലാസ്റ്റേഴ്‌സില്‍ മാഞ്ചസ്റ്റര്‍ സിറ്റി നിക്ഷേപം നടത്തുമെന്നും അഭ്യൂഹമുണ്ടെങ്കിലും അതിന് സാധ്യത കുറവാണ്. തെലുഗ് സിനിമ താരം ചിരഞ്ജീവി, നാഗാര്‍ജുന, അല്ലു അരവിന്ദ്, നിമ്മാഗഡ്ഢ പ്രസാദ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് കേരള ബ്ലാസ്റ്റേഴ്‌സ്. മാഞ്ചസ്റ്റര്‍ സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ് പ്രതിനിധികള്‍ മുംബൈ എഫ് സിയും ജംഷെഡ്പൂര്‍ എഫ് സിയും തമ്മിലുള്ള ഐ എസ് എല്‍ മത്സരം കാണാന്‍ നേരത്തേ ഇന്ത്യയില്‍ എത്തിയിരുന്നു.