ഈ വേനലിലെങ്കിലും പാഠം പഠിക്കുമോ?

Posted on: March 6, 2019 9:22 am | Last updated: March 6, 2019 at 9:22 am

ഓരോ ദിവസം കഴിയും തോറും ചൂട് കൂടുന്നു. പുറത്തിറങ്ങാൻ പേടിക്കുന്ന വിധം നാട് ചുട്ടുപൊള്ളുന്നുണ്ട്. പകൽ 11 കഴിഞ്ഞാൽ പൊള്ളാൻ തുടങ്ങും. ഉച്ച കഴിഞ്ഞാലും ചൂടിന് ശമനമില്ല. വാഹന യാത്രക്കാർക്കു പോലും സഞ്ചരിക്കാൻ സാധിക്കാത്ത സ്ഥിതിയിലാണ് ചൂട് കടുക്കുന്നത്. വരും ദിവസങ്ങളിൽ വീണ്ടും ചൂട് ഉയരുമെന്ന കാലാവസ്ഥാ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കൂടി കണക്കിലെടുത്താൽ ഇനിയുള്ളത് കൊടും ചൂട് ദിവസങ്ങളാകുമെന്ന് ഉറപ്പ.് ഈ വെയിലത്ത് എങ്ങനെ പുറത്തിറങ്ങുമെന്ന് പറയാത്തവരുമില്ല. ഇടമഴ ലഭിച്ചില്ലെങ്കിൽ കടുത്ത വരൾച്ചയിലേക്കാകും നാട് നീങ്ങുക. കഴിഞ്ഞ കുറേ വർഷങ്ങളായി വരൾച്ചയെന്താണെന്ന് നാം അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഇക്കുറിയും അതിന് വലിയ മാറ്റമുണ്ടാകില്ലത്രെ. എന്നാൽ, വരൾച്ചയുടെ കാഠിന്യം കുറേക്കൂടി അനുഭവപ്പെട്ടാൽ ഒരു പക്ഷേ, നമുക്ക് പിടിച്ചു നിൽക്കാൻ പറ്റിയെന്നും വരില്ല. കേരളത്തിലെ കാലാവസ്ഥ ഇങ്ങനെ അടിക്കടി മാറുന്നുണ്ടെന്ന് പലപ്പോഴും ബോധ്യപ്പെട്ടിട്ടും ഒരു മുൻകരുതലും നമുക്ക് കൈക്കൊള്ളാൻ പറ്റുന്നില്ലെന്ന് ചൂണ്ടിക്കാണിക്കുമ്പോഴാണ് നമ്മുടെ പദ്ധതികളുടെ ആസൂത്രണത്തിലോ അത് നടപ്പിലാക്കുന്ന കാര്യത്തിലോ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്ന കാര്യത്തിലോ വലിയ പിഴവ് നമുക്ക് സംഭവിക്കുന്നുണ്ടെന്ന് വ്യക്തമാകുക.

നിലവിലുള്ള ജലസ്രോതസ്സുകളുടെ നവീകരണവും ശുദ്ധീകരണവും ഉറപ്പാക്കുന്നതുവഴി പ്രാദേശിക തലത്തിൽ ജലസേചനത്തിനും കുടിവെള്ള വിതരണത്തിനും ഉതകുന്ന ഒരു പുതിയ ജലഉപഭോഗ സംസ്‌കാരം രൂപപ്പെടുത്തുന്നതിനായി സർക്കാർ തലത്തിൽ കഴിഞ്ഞ ഒന്നുരണ്ട് വർഷങ്ങളായി വിപുലമായ പദ്ധതികളാണ് തുടങ്ങിവെച്ചത്. സംസ്ഥാനത്ത് ഒട്ടാകെയുള്ള കുളങ്ങളും തോടുകളും പുനരുജ്ജീവിപ്പിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിനായി തുടങ്ങിവെച്ച പദ്ധതികൾ എത്രത്തോളം വിജയിച്ചുവെന്നതിന്റെ വിലയിരുത്തൽ കൂടിയാകും ഈ വേനൽക്കാലം. നിലവിലുളള ജലസ്രോതസ്സുകളെ പ്രാദേശിക ജലസേചന കുടിവെളള സോത്രസ്സുകളായി ഉപയോഗിക്കുക എന്ന സമീപനമാണ് ഹരിതകേരള മിഷനിലൂടെ സർക്കാർ തുടങ്ങിവെച്ചത്. ആദ്യഘട്ടത്തിൽ കുളങ്ങൾ, തോടുകൾ, കനാലുകൾ എന്നിവ പുനരുജ്ജീവിപ്പിക്കുന്നതിനും നിലനിർത്തുന്നതിനുമുളള പ്രവർത്തനങ്ങളും രണ്ടാം ഘട്ടത്തിൽ നദികൾ, കായലുകൾ മറ്റ് ജല സ്രോതസ്സുകൾ എന്നിവയുടെ ശുചീകരണവും ഏകോപനത്തോടെ പ്രാവർത്തികമാക്കുമെന്നും പ്രഖ്യാപനമുണ്ടായി. എന്നാൽ, ഇതൊക്കെ എത്രത്തോളം ഫലപ്രദമായി നടപ്പാക്കാനായി എന്നതിനെക്കുറിച്ച് ആത്മപരിശോധന നടത്തേണ്ടതുണ്ട്. പലയിടത്തും പേരിനു മാത്രമായി ജലസംരക്ഷണ പദ്ധതികൾ ഒതുങ്ങിയോ എന്നതിനെക്കുറിച്ച് ഇനിയെങ്കിലും വിലയിരുത്തണം. എല്ലാം സർക്കാർ ചെയ്തുനൽകേണ്ടതാണെന്ന മിഥ്യാബോധമാണ് പലപ്പോഴും നമുക്ക് തിരിച്ചടിയാകാറുള്ളത്. സമൂഹത്തിൽ നടക്കുന്ന ഏതു പ്രവൃത്തിയും കൈകെട്ടി കണ്ടു കൊണ്ട് നിൽക്കുന്ന മലയാളിയുടെ സ്വഭാവ രീതി തിരുത്തിയില്ലെങ്കിൽ വലിയ ദുരിതമാണ് നമുക്ക് മേൽ വന്നു പതിക്കുക.

ജലക്ഷാമം അനുഭവിക്കുന്ന സംസ്ഥാനങ്ങളിൽ ജനങ്ങളുടെ കൂട്ടായ്മയോടെ ആവിഷ്്കരിച്ചു നടപ്പാക്കിയ പദ്ധതികൾ ഇനിയെങ്കിലും നമുക്ക് വഴികാട്ടികളായി മാറേണ്ടതുമുണ്ട്. രാജസ്ഥാനിൽ ആയിരം വർഷമെങ്കിലും പഴക്കമുള്ള കുളമുണ്ട്. ചാന്ത് ബോലി എന്നാണ് അതിന്റെ പേര്. മഴവെള്ള സംഭരണം ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പേ ഈ നാട്ടിൽ ജലസംരക്ഷണം നടപ്പിലാക്കിയതിന്റെ ദൃഷ്ടാന്തമാണ് ചാന്ത് ബോലി. 100 അടി താഴ്ചയുള്ള ഈ കുളത്തിൽ ചാന്ത് ബോലിക്ക് 3,500 ചവിട്ടുപടികളുണ്ട്. വെള്ളം ഇറങ്ങിപോകുന്നതിന് അനുസരിച്ച് താഴെയുള്ള പടികൾ തെളിഞ്ഞ് വരും. ഒരു യന്ത്രത്തിന്റേയും സഹായമില്ലാതെ മഴക്കാലത്ത് ശേഖരിച്ചുവെച്ച വെള്ളം വേനലിൽ കോരിയെടുക്കാമെന്നതാണ് ഈ കുളത്തിന്റെ പ്രത്യേകത. സമീപ ഗ്രാമങ്ങൾക്ക് ആവശ്യമായ വെള്ളം മുഴുവൻ നൽകിയിരുന്നത് ഈ കുളമാണ്. രാജസ്ഥാനിൽ പലയിടത്തും ഇത്തരം ചവിട്ടുപടികളുള്ള കുളങ്ങളുണ്ട്. എന്തിനാണ് രാജസ്ഥാനികൾ പണ്ട് കാലത്ത് ഇങ്ങനെ കുളങ്ങളുണ്ടാക്കിയതെന്ന് അധികം ആലോചിക്കാതെ ആർക്കും മനസ്സിലാകും. അപൂർവമായി പെയ്യുന്ന മഴവെള്ളം സംരക്ഷിക്കാൻ അവർ അങ്ങനെ ചെയ്തത് കുടിവെള്ളത്തിന്റെ പ്രാധാന്യം അത്ര കണ്ട് തിരിച്ചറിഞ്ഞായിരിക്കണം. എപ്പോഴെങ്കിലും മഴ പെയ്യുന്ന ഈ നാട്ടിൽ നിന്ന് അത്രയെങ്കിലും ജലം ശേഖരിച്ചുവെക്കാൻ അവർ കണ്ടെത്തിയ സംവിധാനമായിരുന്നു അത്. എന്നാൽ, നമ്മുടെ നാടിന്റെ അവസ്ഥ അതിൽ നിന്ന് എത്ര വ്യത്യാസമാണെന്ന് ആലോചിക്കേണ്ടതുണ്ട്.
രാജസ്ഥാനിൽ 100 മില്ലിമീറ്റർ മഴ ലഭിക്കുന്നിടത്ത് കേരളത്തിൽ ശരാശരി 3,100 മില്ലീമീറ്റർ മഴയാണ് ലഭിക്കുന്നത്. ഇക്കുറി അതും കടത്തി വെട്ടി. ഒരു പ്രളയം സൃഷ്ടിക്കാൻ പോന്ന മഴയാണ് കഴിഞ്ഞ കാലവർഷക്കാലത്ത് കേരളത്തിൽ പെയ്തുനിറഞ്ഞത്. കേരളത്തിൽ സാധാരണ തോതിൽ പെയ്യുന്ന മഴ അഖിലന്ത്യാ ശരാശരിയുടെ മൂന്നിരട്ടിയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ലഭിക്കുന്നതിന്റെ ആറിരട്ടിയുമാണ്.

എന്നാൽ ഇത്ര മഴ പെയ്തിട്ടും രാജസ്ഥാനെപ്പോലെയോ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെപ്പോലെയോ കേരളം എന്തുകൊണ്ടാണ് വെന്തുരുകുന്നത്. കുടിവെള്ളം കിട്ടാതെ ജനം നെട്ടോട്ടമോടിത്തുടങ്ങുമ്പോൾ പലപ്പോഴും നാം വലിയ ആശങ്കയിലാകാറുണ്ട്.

നമ്മുടെ ജലവിനിയോഗവും ജലസംരക്ഷണത്തെക്കുറിച്ചുള്ള ബോധമില്ലായ്മയുമാണ് മലയാളിയെ ജലക്ഷാമമെന്ന വലിയ ദുരന്തത്തിലേക്കെത്തിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയും കൂറ്റൻ അണക്കെട്ടുകളും ചിറകളും ജലസേചന കനാലുകളും ഒക്കെ ഉള്ളപ്പോൾ മഴ വെള്ളം ശേഖരിക്കാനുള്ള പുരാതന സമ്പ്രദായങ്ങളിൽ ആരെങ്കിലും തത്പരരായിരിക്കുമോ എന്നു നാം ചിന്തിച്ചു പോയിരുന്നു. വാസ്തവത്തിൽ, വീടുകളിലോ ഗ്രാമങ്ങളിലോ ഒക്കെ ടാപ്പ് തുറന്നാൽ വെള്ളം കിട്ടുന്ന അവസ്ഥ വന്നതോടെ ഇത്തരം രീതികളിൽ മിക്കതും അപ്രത്യക്ഷമായി. അതിശീഘ്രം പെരുകിക്കൊണ്ടിരിക്കുന്ന ജനസംഖ്യയുടെ ആവശ്യങ്ങളെയും കാർഷിക സമൂഹത്തിൽ നിന്ന് വ്യവസായവത്കൃwwത സമൂഹത്തിലേക്ക് ദ്രുതഗതിയിലുണ്ടാകുന്ന മാറ്റവും പരമ്പരാഗത ജലസംരക്ഷണ മാർഗങ്ങളെ ബോധപൂർവം മറക്കാനുമിടയാക്കി. ജലം പരിരക്ഷിക്കുന്നതിൽ വ്യക്തിപരമായ ഒരു പങ്കുണ്ടായിരിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കേണ്ടത് ആവശ്യമാണെന്ന് ഭരണകൂടത്തിന് ഏറെ വൈകിയാണ് തോന്നിത്തുടങ്ങിയത്. പശ്ചിമ മലനിരകളിൽ നിന്നുത്ഭവിക്കുന്ന 44 നദികളുടെയും അവയുടെ 900 ലധികം പോഷക നദികളുടെയും സാന്നിധ്യം കൊണ്ട് ജലസമൃദ്ധമായ നമ്മുടെ ഭൂപ്രദേശം ജലക്ഷാമത്തിന്റെ പിടിയിലകപ്പെടുന്നത് ഓരോ കേരളീയന്റേയും കണ്ണു തുറപ്പിക്കാൻ പര്യപ്തമാണ്. വറ്റാത്ത കുളങ്ങളും കിണറുകളും ചാലുകളും ധാരാളമുണ്ടായിരുന്ന കേരളം വേനൽക്കാലമാരംഭിക്കുമ്പോഴേക്കും വറ്റിവരളുന്ന കാഴ്ചയാണ് നമുക്ക് മുന്നിൽ തെളിയിക്കുന്നത്. ജലദൗർലഭ്യം സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും ഓരോ വേനലിലും യാഥാർഥ്യമായിക്കഴിഞ്ഞു. ഭൂഗർഭ ജലവും ഉപരിതല ജലസ്രോതസ്സുകളും ഒരുപോലെ പിൻവലിയുന്നു. യഥാർഥത്തിൽ ഇത് പെട്ടെന്നുണ്ടായ സ്ഥിതിവിശേഷമല്ല. മറിച്ച്, കാലങ്ങളായുള്ള ദുരുപയോഗത്തിന്റെ ഫലമായുണ്ടായ അവസ്ഥയാണ്. വനങ്ങളുടെയും നദികളുടെ ഉറവിടങ്ങളുടെയും സാന്നിധ്യം കൊണ്ട് ജലസമൃദ്ധമായിരുന്ന പശ്ചിമഘട്ട മലനിരകളിലെ ഉയർന്ന പ്രദേശങ്ങളിലെ പ്രദേശങ്ങൾ പോലും വേനലിൽ കടുത്ത ജലക്ഷാമം നേരിടേണ്ടിവരുന്നുവെന്ന് പറയുമ്പോഴാണ് കാലാവസ്ഥാമാറ്റം കേരളത്തിൽ സൃഷ്ടിച്ച ആഘാതം ശരിക്കും തിരിച്ചറിയുന്നത്. ഇവിടെയാണ് അതീവപ്രാധാന്യമുള്ള ഒട്ടേറെ ചോദ്യങ്ങൾ ഉയരുന്നത്. ഒരു കാലത്ത് അധികജലമുണ്ടായിരുന്ന കേരളം എങ്ങനെയാണ് ഒരു വരൾച്ചബാധിത സംസ്ഥാനമായത്?
ഇതിന് പ്രധാന കാരണങ്ങളിലൊന്ന് ജലവിനിയോഗത്തിലുള്ള വലിയ വ്യത്യാസമാണെന്ന് ഗവേഷകർ പറയുന്നുണ്ട്. സംസ്ഥാനത്ത് ഗാർഹികാവശ്യങ്ങൾക്കും കൃഷിക്കും വേണ്ടിയാണ് ഭൂജലം പ്രധാനമായും വിനിയോഗിക്കുന്നത്. ഒരു വ്യക്തി പ്രതിദിനം 150 ലിറ്റർ ജലം കുടിക്കുന്നതിനും മറ്റു ഗാർഹിക ആവശ്യങ്ങൾക്കും വേണ്ടി ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. ജനസംഖ്യയുടെയും ആളോഹരി ഭൂജല ഉപയോഗത്തിന്റെയും അടിസ്ഥാനത്തിലാണ് ഇത് കണക്കാക്കപ്പെട്ടിട്ടുള്ളത്. കാർഷികാവശ്യങ്ങൾക്കുള്ള ജലത്തിന്റെ അളവ് കിണറുകളുടെ എണ്ണവും അവയുടെ വാർഷിക ഉപയോഗവുമായി ബന്ധപ്പെട്ട കണക്കുകളിൽ നിന്നാണ് ലഭ്യമാക്കിയിട്ടുള്ളത്. കേരളത്തിലെ വാർഷിക ഭൂജല ലഭ്യത ഏതാണ്ട് 6,070 ദശലക്ഷം ഘനമീറ്ററാണ്. എന്നാൽ, വാർഷിക ഭൂജല വിനിയോഗം 2,840 ദശലക്ഷം ഘനമീറ്ററായി കണക്കാക്കപ്പെട്ടിട്ടുണ്ട്. അതേ സമയം സംസ്ഥാനത്തെ ഭൂജല സമ്പത്തിന്റെ വിനിയോഗം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണെന്നും ചൂണ്ടിക്കാട്ടുന്നു. എന്നാൽ, നഗരവത്കരണവും കാലാവസ്ഥാ വ്യതിയാനവും കേരളത്തിലെ ഭൂജല വിനിയോഗത്തിൽ കാര്യമായ വർധനയുണ്ടാക്കിയേക്കുമെന്നും ഭൂജല ബോർഡ് മുന്നറിയിപ്പ് നൽകുന്നുണ്ട്. 2025ലേക്ക് ഗാർഹിക, വ്യാവസായിക ആവശ്യങ്ങൾക്കുമാത്രം വേണ്ടി വരുന്ന ഭൂജലത്തിന്റെ അളവ് ഏതാണ്ട് 1,710 ദശലക്ഷം ഘനമീറ്ററായി കണക്കാക്കപ്പെടുന്നുണ്ട്. പുതിയ പശ്ചാത്തലത്തിൽ ജലസംരക്ഷണ മാർഗങ്ങൾ അവലംബിച്ചില്ലെങ്കിൽ സംസ്ഥാനത്ത് വരും വർഷങ്ങളിൽ കാര്യമായ ജലക്ഷാമം നേരിടേണ്ടി വരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

കേരളത്തിൽ എല്ലായിടത്തും വലിയതോതിലുള്ള ജല ചൂഷണം തന്നെയാണ് നടക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ ഭൂജല വിനിയോഗം നടക്കുന്നത് പാലക്കാട്ടാണെന്ന് കേന്ദ്രീയ ഭൂജല ബോർഡും കേരള ഭൂജല വകുപ്പും ചേർന്ന് നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ചതുപ്പുനിലങ്ങളാൽ അനുഗൃഹീതമായ പ്രദേശമാണ് കേരളം. പ്രകൃതിദത്തമായ ജലസംഭരണികളും സ്വാഭാവിക ജലശുദ്ധീകരണ സംവിധാനവുമാണ് ചതുപ്പുകളും പാടങ്ങളും. ഭൂഗർഭ ജലനിരപ്പ് ഉയർത്തി നിർത്തുന്നതിൽ ഇവ നിർണായക പങ്ക് വഹിക്കുന്നു. എന്നാൽ, 1970ൽ എട്ട് ലക്ഷം ഹെക്ടർ ചതുപ്പുകളും പാടങ്ങളും ഉണ്ടായിരുന്ന കേരളത്തിൽ ഇപ്പോൾ അതിന്റെ അളവ് വെറും 2 ലക്ഷം ഹെക്ടറായി ചുരുങ്ങിയിരിക്കുന്നു. വികസനത്തിന്റേയും നഗരവത്കരണത്തിന്റേയും പേരിലുള്ള ഭൂമി നികത്തലാണ് ഈയവസ്ഥക്ക് വഴിയൊരുക്കിയത്. വ്യാപകമായ കുന്നിടിക്കലും പാറപൊട്ടിക്കലും ഭൂമിയിലേക്ക് ജലം ഊറിയിറങ്ങുന്നതിനുള്ള സ്വാഭാവിക മാർഗങ്ങൾ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. ജലത്തിന്റെ പ്രാധാന്യവും മഹത്വവും മനസ്സിലാക്കിയ പഴയതലമുറ ജലത്തിന്റെ വിവേകപൂർവമായ ഉപയോഗം മനസ്സിലാക്കിയവരും നിയന്ത്രിതമായ ഉപയോഗം പ്രാവർത്തികമാക്കിയവരും ജലസംരക്ഷണ മാർഗങ്ങൾ സ്വീകരിച്ചവരുമായിരുന്നു. വീടുകളിലുപയോഗിച്ചിരുന്ന കിണ്ടിയും ചെടിയുടെ ചുവട്ടിൽ കുടം വെച്ചുള്ള ജലസേചനരീതിയും വീടുകളിലെ കാവുകൾ, കുളങ്ങൾ, കിണറുകൾ എന്നിവയും തോടുകളുടെ ഇരുവശങ്ങളിലും കൈതപോലുള്ള ചെടികൾ വെച്ചുപിടിപ്പിച്ചിരുന്നതും നീരുറവകൾ, ചോലകൾ, മറ്റു ജലസ്രോതസ്സുകൾ എന്നിവ നശിപ്പിക്കാതെ സംരക്ഷിച്ചിരുന്നതും എല്ലാം അതിന്റെ ദൃഷ്ടാന്തങ്ങൾ ആണ്. ജലത്തെ സ്‌നേഹിച്ചവരും മഴയെ ഇഷ്ടപ്പെട്ടവരുമായിരുന്നു നമ്മുടെ മുൻഗാമികൾ. എന്നാൽ, മഴയെ മോശം കാലാവസ്ഥയായും മഴവെള്ളത്തെ ചെളിവെള്ളമായും മാത്രം കണ്ടുതുടങ്ങിയതോടെയാണ് മഴവെള്ള സംഭരണമെന്ന ഏറ്റവും വലിയ ജലസംരക്ഷണ മാർഗത്തെയും നമ്മൾ മറന്നു പോയത്. മഴ വെള്ള സംരക്ഷണ ത്തിനായി ഇപ്പോൾ നിർദേശിക്കപ്പെടുന്ന കുറേയേറെ മാർഗങ്ങളുണ്ട്. ഈ മഴക്കാലത്ത് ഇവയെങ്കിലും മനസ്സോടെ സ്വീകരിച്ച് നടപ്പാക്കിയാൽ കുറേയേറെ ജലസംരക്ഷണ സംവിധാനം വിജയിക്കുമെന്ന് സർക്കാർ തന്നെ നിർദേശിക്കുന്നുണ്ട്. ഇതൊക്കെ പാലിച്ച് മുന്നോട്ടു പോയാൽ ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുള്ളതു പോലെ കുടിവെള്ളത്തിനായി എ ടി എം മെഷീനുകൾക്ക് മുമ്പിൽ നമുക്ക് കാത്തിരിക്കേണ്ടി വരില്ല.

ജലമലിനീകരണമാണ് കേരളം നേരിടേണ്ടി വരുന്ന ഏറ്റവും വലിയ മറ്റൊരു പ്രശ്‌നം. നഗരവത്കരണം ഏറിയതോടെ പൈപ്പ് വെള്ളത്തെ ആശ്രയിക്കുന്നവരുടെ എണ്ണം വർധിച്ചു. ഭൂഗർഭ ജലനിരപ്പ് താഴ്ന്നതോടെ കിണറുകളും കുളങ്ങളുമൊക്കെ വരളുന്നു. ജലത്തിൽ അമിതമായി കലരുന്ന മാലിന്യവും വലിയ ഭീഷണിയാണുയർത്തുന്നത്. കേരളത്തിലെ ഗ്രാമീണ കുടുംബങ്ങളിൽ 29.5 ശതമാനത്തിനു മാത്രമാണ് സുരക്ഷിതമായ കുടിവെള്ളം ലഭിക്കുന്നതെന്നാണ് നേരത്തേ പ്രസിദ്ധീകരിച്ച നാഷനൽ സാമ്പിൾ സർവേ റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യയിലെ 23,922 ഗ്രാമീണ വാസസ്ഥലങ്ങളിലെയും കുടിവെള്ളം ലോഹവും രാസവസ്തുക്കളും അടങ്ങിയ മലിനജലമാണെന്നും കണ്ടെത്തുന്നു. ഗ്രാമീണ വാസസ്ഥലങ്ങളിലെ ജലത്തിൽ ആർസനിക്, ഫ്‌ലൂറൈഡ്, അയേൺ, നൈട്രേറ്റ് തുടങ്ങിയ രാസവസ്തുക്കൾ വ്യാപകമായി അടങ്ങിയിട്ടുണ്ടെന്നും കുടിവെള്ള സ്രോതസ്സുകൾ രാസവളം, കീടനാശിനി എന്നിവകൊണ്ട് മലിനീകരിക്കപ്പെടുന്നുണ്ടെന്നും കുടിവെള്ള ശുചിത്വ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങളിലും പറയുന്നു.

സി വി സാജു