മർകസ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗം മണ്ടാളിൽ ഉമർ ഹാജി അന്തരിച്ചു 

Posted on: March 5, 2019 7:00 am | Last updated: April 5, 2019 at 10:41 am
കോഴിക്കോട്: കാരന്തൂർ ജാമിഅ മർകസ് എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗവും സുന്നി സംഘടന രംഗത്തെ സജീവ സാന്നിധ്യവുമായ കാരന്തൂർ സ്നേഹപുരത്തെ മണ്ടാളിൽ ഉമർ ഹാജി(67) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം. കാരന്തൂർ ഖാദിരിയ്യ ഇസ്‌ലാമിക് സെന്റർ  പ്രസിഡന്റും സുന്നി മാനേജ്‌മെന്റ് അസോസിയേഷൻ കുന്നമംഗലം സോൺ  വൈസ് പ്രസിഡന്റുമായിരുന്നു.  മർകസിന്റെ ആരംഭകാലം മുതൽ കമ്മറ്റി അംഗമായ ഉമർ ഹാജി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കു വലിയ സേവനങ്ങൾ നൽകിയ വ്യക്തിത്വമാണ്. മർകസ് സന്നദ്ധസേവന സംഘം  ചെയര്മാനുമായിരുന്നു. പ്രമുഖ പണ്ഡിതനും ഖാദിരിയ്യ ത്വരീഖത്തിന്റെ ശൈഖുമായ ഇ കെ കമാലുദ്ധീൻ ഉമറുൽ ഖാദിരിയുടെ ആത്മീയ ശിക്ഷണത്തിലാണ് വിദ്യാഭ്യാസം ആർജിച്ചത്.  അത്തോളി എൽ.പി സ്‌കൂൾ, ഫറോക്ക് ക്രസന്റ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. 
ദുബൈയിൽ പത്തു വർഷം പ്രവാസിയുമായിരുന്നു.ഉമർ ഹാജിയുടെ സേവനങ്ങൾക്കുള്ള അംഗീകാരമായി കഴിഞ്ഞ വർഷം നടന്ന മർകസ് റൂബി ജൂബിലി സമ്മേളനത്തിൽ ആദരിച്ചു. പരേതരായ മുഹിയുദ്ധീൻ ഹാജി- ഫാത്തിമ ഹജ്ജുമ്മ എന്നിവരുടെ മകനാണ്.  മർകസ് മേഡേൺ അറബി പ്രൊഫസർ  അബൂബക്കർ ഹാജി, മർകസ് ബനാത്ത് മാനേജർ ഉസ്മാൻ മുസ്‌ലിയാർ  എന്നിവർ സഹോദരന്മാരാണ്.  ഭാര്യമാർ : പരേതയായ നഫീസ, ഖദീജ.  മർകസ് പി.ആർ.ഒ ഡയറക്ടറായ ദുൽ കിഫൽ സഖാഫി, സാബിറ, അൽ യസഹ് (മദീന), മുഹമ്മദ് ശംവീൽ(മദീന), ഫാത്തിമ (മർകസ് ഹൈസ്‌കൂൾ) മക്കളാണ്.  മരുമക്കൾ : ജുവൈരിയ കുറ്റിക്കടവ് , മുസ്തഫ നല്ലളം, സർജുല നല്ലളം, ഫർസാന വയനാട്. സഹോദരിമാർ :ആമിന ഹജ്ജുമ്മ(ഇ.കെ ഉമറുൽ ഖാദിരിയുടെ ഭാര്യ), സൈനബ ഹജ്ജുമ്മ എരഞ്ഞിക്കൽ, ആയിഷ ഹജ്ജുമ്മ നെല്ലാങ്കണ്ടി, മറിയം ഹജ്ജുമ്മ ഓങ്ങര, റുഖിയ ഹജ്ജുമ്മ പരപ്പൻപൊയിൽ, ഹലീമ ഹജ്ജുമ്മ പന്നൂർ. മയ്യിത്ത് നിസ്‌കാരം രാവിലെ 11 മണിക്ക് മർകസ് മസ്ജിദുൽ ഹാമിലിയിൽ നടക്കും. തുടന്ന് കാരന്തൂർ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കും.