കൂടുതല്‍ കാലം കാത്തിരിക്കില്ല; ഭീകരരെ അവരുടെ വീടുകളിലെത്തി ഇല്ലാതാക്കും: പ്രധാനമന്ത്രി

Posted on: March 5, 2019 10:52 am | Last updated: March 5, 2019 at 1:57 pm

ന്യൂഡല്‍ഹി: ഭീകരരെ അവരുടെ വീടുകളില്‍ കയറി ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശത്രുക്കളെ അവരുടെ പ്രദേശത്തെത്തി നേരിടുകയെന്നതാണ് നമ്മുടെ നയമെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദാബാദില്‍ പൊതുയോഗത്തെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

ഭീകരര്‍ ഭൂമിക്കടിയില്‍ ഒളിച്ചാലും പുറത്തുവലിച്ചിട്ട് വകവരുത്തും. അതിനായി കൂടുതല്‍ കാലം കാത്തിരിക്കാന്‍ ആഗ്രഹിക്കുന്നില്ല. ബാലക്കോട്ട് ആക്രമണം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന ആരോപണത്തെ തള്ളിയ മോദി മിന്നലാക്രമണം നടക്കുമ്പോള്‍ രാജ്യത്ത് ഏതെങ്കിലും തിരഞ്ഞെടുപ്പ് ഉണ്ടായിരുന്നുവോയെന്നും ചോദിച്ചു. നാല്‍പ്പത് വര്‍ഷമായി ഭീകരവാദത്തിന്റെ ഇരകളാണ് ഇന്ത്യക്കാര്‍. ഭരണത്തെക്കുറിച്ചല്ല സുരക്ഷയെക്കുറിച്ചാണ് ഉത്കണ്ഠപ്പെടുന്നത്- മോദി പറഞ്ഞു. സൈനിക നടപടിയെ പൊതുതിരഞ്ഞെടുപ്പില്‍ വോട്ടാക്കി മാറ്റാന്‍ ശ്രമിക്കുകയാണ് ബിജെപിയെന്ന് പ്രതിപക്ഷം ആരോപണമുന്നയിച്ചിരുന്നു.