ഏഷ്യന്‍ ഗെയിംസിലേക്കു ക്രിക്കറ്റ് തിരിച്ചെത്തുന്നു; പിന്നീട് ചര്‍ച്ചചെയ്യാമെന്ന് ബിസിസിഐ

Posted on: March 4, 2019 10:47 pm | Last updated: March 4, 2019 at 10:47 pm

ദുബായ്: ഏഷ്യന്‍ ഗെയിംസിലേക്കു ക്രിക്കറ്റ് തിരിച്ചെത്തുന്നു. 2022ല്‍ ചൈനയിലെ ഗ്വാംഗ്ഷുവില്‍ നടക്കാനിരിക്കുന്ന ഗെയിംസിലാണ് മല്‍സര ഇനമായി ക്രിക്കറ്റിനെ ഉള്‍പ്പെടുത്തുന്നത്. ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യ കമ്മിറ്റിയുടെ യോഗത്തിലാണ് ക്രിക്കറ്റിന് വീണ്ടും അവസരം നല്‍കാന്‍ തീരുമാനിച്ചത്.
എട്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ക്രിക്കറ്റ് ഗെയിംസില്‍ മടങ്ങിയത്തുന്നത്. 2014ലെ ഗെയിംസിലാണ് അവസാനമായി ക്രിക്കറ്റ് മല്‍സര ഇനമായത്. 2010ലെ ഗെയിംസിലും ക്രിക്കറ്റുണ്ടായിരുന്നു.

ഈ രണ്ടു തവണയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഗെയിംസില്‍ നിന്നും പിന്‍മാറി. തിരക്കേറിയ മല്‍സര ഷെഡ്യൂളുകളെ തുടര്‍ന്നായിരുന്നു ഇത്.
ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യയുടെ വൈസ് പ്രസിഡന്റായ രണ്‍ധീര്‍ സിംഗാണ് ക്രിക്കറ്റിനെ 2022ലെ ഗെയിംസില്‍ ഉള്‍പ്പെടുത്തിയതായി അറിയിച്ചത്.
ബാങ്കോക്കില്‍ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടയതെന്നും അദ്ദേഹം പറഞ്ഞു.

ട്വന്റി20 ഫോര്‍മാറ്റിലാണ് ഗെയിംസില്‍ ക്രിക്കറ്റിനെ ഉള്‍പ്പെടുത്തുക. നേരത്തേയുള്ള രണ്ടു ഗെയിംസുകളിലും ടി20 ഫോര്‍മാറ്റിലായിരുന്നു മല്‍സരങ്ങള്‍.
2022ലെ ഏഷ്യന്‍ ഗെയിംസിന് ഇനിയുമേറെ സമയം ബാക്കിയുണ്ടെന്നും പിന്നീട് ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്നുമാണ് ബിസിസിഐയുടെ ഒഫീഷ്യല്‍ വ്യക്തമാക്കിയത്.
2010ലെ ഗെയിംസില്‍ ബംഗ്ലാദേശും 2014ല്‍ ശ്രീലങ്കയുമാണ് ഗെയിംസില്‍ ക്രിക്കറ്റ് ചാമ്പ്യന്‍മാരായത്.