ഐഎസ്എല്ലിലെ പ്രമുഖ ടീം പിരിച്ചു വിടുന്നു

Posted on: March 4, 2019 10:42 pm | Last updated: March 4, 2019 at 10:42 pm

പൂനെ: ഐഎസ്എല്ലിന്റെ ഈ സീസണിലെ പ്രാഥമിക റൗണ്ട് മല്‍സരങ്ങള്‍ അവസാനിച്ചതിനു പിന്നാലെ പൂനെ സിറ്റി എഫ്‌സി ടീം പിരിച്ചുവിടുന്നു. ഇന്ത്യക്കാരും വിദേശികളുമടക്കം ടീമിലെ മുഴുവന്‍ കളിക്കാരെയും ഒഴിവാക്കാനാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം. സാമ്പത്തിക കാരണങ്ങളെ തുടര്‍ന്നാണ് ഇത്തരമൊരു കടുത്ത തീരുമാനമെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പിരിഞ്ഞു പോവുന്നതുമായി ബന്ധപ്പെട്ട് ടീമിലെ താരങ്ങളും കോച്ചടക്കമുള്ള ഒഫീഷ്യല്‍സിനോയും ക്ലബ്ബ് ഒഫീഷ്യല്‍ സംസാരിച്ചു കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ടകഴിഞ്ഞ രണ്ടു മാസമായി താരങ്ങളും മറ്റു സപ്പോര്‍ട്ട് സ്റ്റാഫുമാര്‍ക്കും ശമ്പളം പോലും നല്‍കിയിട്ടില്ലെന്നാണ് സൂചന. ക്ലബ്ബിലെ കളിക്കാരെ മുഴുവന്‍ ഒഴിവാക്കാന്‍ തീരുമാനിച്ചതോടെ മാര്‍സെലീഞ്ഞോ, ഇയാന്‍ ഹ്യൂം, ആഷിഖ് കുരുണിയന്‍ എന്നിവരടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ക്കെല്ലാം അടുത്ത സീസണില്‍ പുതിയ തട്ടകം തേടേണ്ടിവരും.

വരാനിരിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ കപ്പില്‍ നിന്നും പിന്‍മാറുന്നതിനെക്കുറിച്ച് ടീം മാനേജ്‌മെന്റ് നേരത്തേ ആലോചിച്ചിരുന്നു. എന്നാല്‍ ഐഎസ്എല്‍ ടീമായതിനാല്‍ സൂപ്പര്‍ കപ്പില്‍ കളിക്കേണ്ടത് അനിവാര്യമായതിനെ തുടര്‍ന്ന് അവര്‍ തീരുമാനം മാറ്റുകയായിരുന്നു. അക്കാദമിയിലെ താരങ്ങളെ അണിനിരത്തിയുള്ള പരീക്ഷണ ടീമിനെയായിരിക്കും സൂപ്പര്‍ കപ്പില്‍ പൂനെ ഇറക്കുക. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ പുതിയ നിക്ഷേപകരെ തേടുകയാണ് പൂനെ സിറ്റി. ഈ സീസണിലെ ഐഎസ്എല്ലില്‍ നിരാശാജനകമായ പ്രകടനമാണ് പൂനെ നടത്തിയത്. 22 പോയിന്റുമായി 10 ടീമുകളുള്‍പ്പെട്ട ലീഗില്‍ അവര്‍ക്കു ഏഴാംസ്ഥാനത്ത് ഫിനിഷ് ചെയ്യേണ്ടിവന്നിരുന്നു.