Connect with us

Ongoing News

ആഭ്യന്തര പ്രശ്നങ്ങളിലുലഞ്ഞ് എ എ പി

Published

|

Last Updated

മലപ്പുറം: ആഭ്യന്തര പ്രശ്‌നങ്ങളിലും പടലപ്പിണക്കത്തിലും ഉലഞ്ഞ് ആം ആദ്മി പാർട്ടി. പാർട്ടിക്ക് ക്ഷീണം സംഭവിച്ചതിനാൽ ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണോ എന്നതുൾപ്പെടെ ഈ മാസം തൃശൂരിൽ ചേരുന്ന പ്രവർത്തക സമിതി യോഗം തീരുമാനിക്കും. ഡൽഹി മുൻ നിയമ മന്ത്രി സോംനാഥ് ഭാരതി യോഗത്തിൽ പങ്കെടുത്ത് അന്തിമ തീരുമാനമെടുക്കും.

കഴിഞ്ഞ തവണ പതിനാറ് ലോക്‌സഭാ മണ്ഡലങ്ങളിലാണ് എ എ പി ജനവിധി തേടിയത്. 2,56,662 വോട്ടാണ് ആകെ ലഭിച്ചത്. ചിലയിടങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാനും എ എ പിക്കായിരുന്നു, എറണാകുളത്ത് മത്സരിച്ച അനിതാ പ്രതാപ് 51,517 വോട്ടും തൃശൂരിൽ സാറാ ജോസഫ് 44,638 വോട്ടും ചാലക്കുടിയിൽ ക എം നുറൂദ്ദീൻ 35,189 വോട്ടും നേടിയിരുന്നു.

പാർട്ടിയിലെ ഉൾപോര് രൂക്ഷമായതോടെ ഇത്തവണ ലോക്‌സഭയിലേക്ക് മത്സരിക്കാൻ പോലും നാഥനില്ലാത്ത അവസ്ഥയാണ്. ചെങ്ങന്നൂർ ഉപ തിരഞ്ഞെടുപ്പിൽ 362 വോട്ട് മാത്രം നേടാനേ എ എ പിക്ക് സാധിച്ചുള്ളൂ. ഇതേത്തുടർന്ന് കേന്ദ്ര നേതൃത്വം സംസ്ഥാന കമ്മിറ്റി മരവിപ്പിച്ചിരുന്നു. പ്രവർത്തനം നിർജീവമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എ എ പി മത്സരിച്ചിരുന്നില്ല. സാറാ ജോസഫ്, എം എൻ കാരശ്ശേരി എന്നിവർ ഇപ്പോൾ പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തിൽ ഇല്ല. ഇവരെയെല്ലാം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം കേന്ദ്ര നേതൃത്വം നടത്തുന്നുണ്ട്. ശക്തമായൊരു നേതൃത്വമില്ലാത്തതാണ് പാർട്ടിക്ക് തിരിച്ചടിയായതെന്നാണ് വിലയിരുത്തൽ. അതേസമയം, ദേശീയതലത്തിലെ എ എ പിയുടെ സഖ്യ സാധ്യതകൾ സംസ്ഥാനത്ത് പ്രതിഫലിക്കുമെന്ന് പാർട്ടി കേരളകാര്യ സെക്രട്ടറി പി ടി തുഫൈൽ പറഞ്ഞു.

Latest