പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കല്‍; വ്യാജ പ്രചാരണം കരുതിയിരിക്കണമെന്ന്

Posted on: March 4, 2019 6:51 pm | Last updated: March 4, 2019 at 6:51 pm

ദുബൈ: വിദേശത്ത് മരണപ്പെടുന്ന പ്രവാസി മലയാളികളുടെ ഭൗതിക ശരീരം നോര്‍ക്ക മുഖാന്തിരം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ബജറ്റില്‍ അവതരിപ്പിച്ച പദ്ധതിയെകുറിച്ച് വ്യാജ പ്രചാരണങ്ങള്‍ നടക്കുകയാണെന്ന് നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു. ഗള്‍ഫ് നാടുകളില്‍ മലയാളികള്‍ക്കിടയില്‍ പ്രവാസികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്ട്‌സിനെതിരെയാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചുവരുന്നത്. വ്യാജ പ്രചാരണങ്ങള്‍ പ്രവാസി മലയാളികള്‍ തിരിച്ചറിയണമെന്നും നോര്‍ക്ക റൂട്ട്‌സ് അധികൃതര്‍ വ്യക്തമാക്കി.

പ്രവാസി മലയാളികളുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്ന പദ്ധതിയെക്കുറിച്ച് ലോക കേരളസഭയുടെ പശ്ചിമേഷ്യന്‍ മേഖലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയിരുന്നു.
2019-20ല്‍ ബജറ്റില്‍ പ്രഖ്യാപിച്ച ഈ പദ്ധതി ഏപ്രില്‍ മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. അതനുസരിച്ച് ഈ കാര്യത്തിന് വ്യക്തമായ നിയമവും ചട്ടവും രൂപീകരിക്കേണ്ടതുണ്ട്. ഏതെല്ലാം വിഭാഗങ്ങള്‍ക്കാണ് ഈ സൗജന്യ സഹായം ലഭിക്കുക എന്നതടക്കമുള്ള കാര്യങ്ങള്‍ നിശ്ചയിക്കേണ്ടതായുണ്ട്. നടപടിക്രമങ്ങള്‍ അതിവേഗം പൂര്‍ത്തീകരിച്ച് ഇത് പ്രാബല്യത്തില്‍ വരും. ആയതിനാല്‍ പദ്ധതിയുടെ വിവരങ്ങള്‍ നോര്‍ക്കയുടെ കാള്‍ സെന്ററില്‍ ലഭ്യമല്ല. വസ്തുതയിതായിരിക്കെ, ഗള്‍ഫ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചില മാധ്യമങ്ങള്‍ നോര്‍ക്കയുടെ കാള്‍ സെന്ററില്‍ വിളിച്ച് പദ്ധതിയെക്കുറിച്ച് ആശയക്കുഴപ്പങ്ങള്‍ മനപൂര്‍വം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു.

നിലവില്‍ കേരളത്തിലെ വിമാനത്താവളങ്ങളിലെത്തുന്ന പ്രവാസികളുടെ ഭൗതിക ശരീരം അവരുടെ നാട്ടിലേക്കും അസുഖബാധിതരായിയെത്തുന്ന പ്രവാസികളെ അവരുടെ ആവശ്യാനുസരണം സൗജന്യമായി ആശുപത്രിയിലേക്കോ നാട്ടിലേക്കോ എത്തിക്കുന്ന നോര്‍ക്ക റൂട്ട്‌സിന്റെ നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ് പദ്ധതിയെ കുറിച്ചും ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിന് ധനസഹായം നല്‍കുന്ന ‘കാരുണ്യം’ പദ്ധതിയെക്കുറിച്ചുമുള്ള വിവരങ്ങള്‍ മാത്രമേ നോര്‍ക്കയുടെ കാള്‍ സെന്ററില്‍ നിന്ന് ലഭ്യമാകുകയുള്ളൂ. 2019-20 ബജറ്റില്‍ അവതരിപ്പിക്കുന്ന പദ്ധതി പ്രാബല്യത്തില്‍ വരുന്നതനുസരിച്ച് വിശദ വിവരങ്ങള്‍ നോര്‍ക്കയുടെ കാള്‍ സെന്ററിലും വെബ്‌സൈറ്റിലും ലഭിക്കുന്നതായിരിക്കുമെന്നും നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു.