ബി ഡി ജെ എസ്: നിർണായക നേതൃയോഗം ഇന്ന്

ആലപ്പുഴ
Posted on: March 4, 2019 11:16 am | Last updated: March 4, 2019 at 11:16 am

പിളർപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ന് ചേർത്തലയിൽ നടക്കുന്ന ബി ഡി ജെ എസ് നേതൃയോഗം നിർണായകമാകും. പുതിയ സാഹചര്യത്തിൽ പാർട്ടി അധ്യക്ഷന്റെ സ്ഥാനാർഥിത്വവും ഇന്നത്തെ യോഗത്തിൽ ഗൗരവമായ ചർച്ചക്ക് വഴിവെക്കും.

കഴിഞ്ഞ ദിവസമാണ് ബി ഡി ജെ എസിലെ ഒരു വിഭാഗം ചേർന്ന് തിരുവനന്തപുരത്ത് ബി ഡി ജെ എസ്(ഡെമോക്രാറ്റിക്) എന്ന പുതിയ പാർട്ടിക്ക് രൂപം നൽകിയത്. പിളർപ്പിന് പിന്നിൽ എസ് എൻ ഡി പി യോഗം നേതൃത്വമാണെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് നടക്കുന്ന ബി ഡി ജെ എസ് ഉന്നതാധികാര സമിതി യോഗം വൻ വാഗ്വാദങ്ങൾക്ക് ഇടയാക്കിയേക്കും. എൻ ഡി എ ഘടകകക്ഷിയായ ബി ഡി ജെ എസ് കഴിഞ്ഞ ഏതാനും നാളുകളായി സംശയത്തിന്റെ നിഴലിലാണ്.

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ എൻ ഡി എ സ്ഥാനാർഥിയുടെ വിജയത്തിനായി പ്രവർത്തിക്കാതിരുന്നതും പുതുവത്സര ദിനത്തിൽ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച വനിതാ മതിലിൽ ചില നേതാക്കളും നല്ലൊരു വിഭാഗം പ്രവർത്തകരും പങ്കെടുത്തതുമെല്ലാം നേതൃത്വത്തിന്റെ അറിവോടെയും സമ്മതത്തോടെയുമാണെന്ന വിലയിരുത്തലിലാണ് എൻ ഡി എ ആഭിമുഖ്യം വെച്ചുപുലർത്തുന്ന നേതാക്കളിലൊരു വിഭാഗം. പാർലിമെന്റ് തിരഞ്ഞെടുപ്പിൽ പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി മത്സരിക്കണമെന്ന ആവശ്യവും യോഗത്തിൽ ശക്തമായി ഉയർത്താനാണ് ഈ വിഭാഗത്തിന്റെ ആലോചന. നേതാക്കൾ മത്സരിക്കാതെ സ്ഥാനാർഥികളുടെ വിജയത്തിനായി പ്രവർത്തിക്കണമെന്ന തുഷാറിന്റെ നിലപാടും സംശയത്തോടെയാണ് ഈ വിഭാഗം കാണുന്നത്.

യോഗം നേതൃ സ്ഥാനത്തുള്ള തുഷാർ മത്സരിക്കരുതെന്നാണ് എസ് എൻ ഡി പി യോഗത്തിന്റെ നിലപാടെന്ന് യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശനും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, യോഗം നേതൃസ്ഥാനത്തിരുന്ന് തന്നെ മുമ്പ് പലരും മത്സരിച്ചിട്ടുണ്ടെന്ന് എതിർ വിഭാഗം ചൂണ്ടിക്കാട്ടുന്നു. യോഗം ജനറൽ‌ സെക്രട്ടറിമാരായ ഡോ. രാഹുൽ, എം കെ രാഘവൻ തുടങ്ങിയവർ പല തിരഞ്ഞെടുപ്പുകളിലും മത്സരിച്ചിട്ടുണ്ടെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.

അങ്ങിനെയെങ്കിൽ യോഗം നേതാവ് എന്ന നിലയിൽ തന്നെ തുഷാറിനും മത്സരിക്കുന്നതിൽ തെറ്റില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. എന്തായാലും തുഷാറിന്റെ മേൽ ബി ജെ പിയും എസ് എൻ ഡി പി യോഗവും ഒരേ പോലെ പിടിമുറുക്കിയിരിക്കുകയാണ്. പാർട്ടിക്കും മുന്നണിക്കുമാണോ അതോ എസ് എൻ ഡി പി യോഗത്തിനാണോ തുഷാർ പ്രാമുഖ്യം നൽകുകയെന്നേ ഇനി അറിയേണ്ടതുള്ളൂ. തുഷാർ മാറി നിന്നാൽ ബി ഡി ജെ എസിനെ മുന്നണി ഘടകകക്ഷിയെന്ന നിലയിൽ പരിഗണിക്കരുതെന്ന ആവശ്യവും ബി ജെ പിയിൽ ഇതിനകം ഉയർന്നിട്ടുണ്ട്. അങ്ങിനെ സംഭവിക്കുന്ന പക്ഷം, ബി ഡി ജെ എസ് ഡെമോക്രാറ്റിക് ഔദ്യോഗിക പക്ഷമായി വരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. പുതിയ പാർട്ടിയാകട്ടെ, എസ് എൻ ഡി പി യോഗ നേതൃത്വത്തിന്റെ പിന്തുണയിൽ ഇടതുപക്ഷ ആഭിമുഖ്യത്തോടെ രൂപവത്കരിക്കപ്പെട്ടിട്ടുള്ളതാണ് താനും.