വീണ്ടും വിമാനം പറത്താന്‍ ആഗ്രഹം പ്രകടിപ്പിച്ച് അഭിനന്ദന്‍; നട്ടെല്ലിന് താഴെ പരുക്കേറ്റെന്ന് പരിശോധന റിപ്പോര്‍ട്ട്

Posted on: March 3, 2019 9:13 pm | Last updated: March 4, 2019 at 10:03 am

ന്യൂഡല്‍ഹി: എത്രയും പെട്ടന്ന് വീണ്ടും വിമാനം പറത്താന്‍ ആഗ്രഹമെന്ന് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമന്‍. ഉന്നത് വ്യോമസേനാ കമാന്‍ഡര്‍മാരോടും തന്നെ ചികിത്സിക്കുന്ന ഡോക്ടര്‍മാരോടുമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ കസ്റ്റഡിയില്‍നിന്നും തിരിച്ചെത്തിയ ശേഷം ന്യൂഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അഭിനന്ദന്‍. ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി നിരീക്ഷിച്ചുവരികയാണ്. അഭിനന്ദന്റെ ആഗ്രഹം സാധ്യമാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് വ്യോമസേന ഉദ്യോഗസ്ഥര്‍ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.

അതേ സമയം അഭിനന്ദന്റെ നട്ടെല്ലിന് താഴെയായി പരുക്കേറ്റിട്ടുണ്ടെന്ന് സ്‌കാനിങ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വിമാനത്തില്‍നിന്നും താഴേക്ക് ചാടിയപ്പോള്‍ പറ്റിയതാണിത്. എന്നാല്‍ ശരീരത്തില്‍ ശത്രു രാജ്യം രഹസ്യ ഉപകരണങ്ങളൊന്നും സ്ഥാപിച്ചിട്ടില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞതായും വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പാക്ക് സേന ശാരീരികമായി ഉപദ്രവിച്ചില്ലെങ്കിലും മാനസികമായി ഉപദ്രവിച്ചെന്ന് അഭിനന്ദന്‍ പറഞ്ഞിരുന്നു.